| Tuesday, 18th August 2026, 7:45 am

ബ്രസീലിയന്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസ് വിവാഹിതനായി; വധു സ്പാനിഷ് സ്‌പോര്‍ട്‌സ് ബിസിനസുകാരി സുഹൈല അല്‍ താഹിരി

ശ്രീരാഗ് പാറക്കല്‍

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസ് വിവാഹിതനായി. സ്പാനിഷ് സ്‌പോര്‍ട്‌സ് ബിസിനസുകാരിയും ഫിഫ ലൈസന്‍സുള്ള ഏജന്റുമായ സുഹൈല അല്‍ താഹിരിയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളി. സ്‌പെയിനിലും ബ്രസീലിലുമായി നടന്ന സ്വകാര്യ ചടങ്ങുകളിലാണ് ഇരുവരും വിവാഹിതരായത്.

റയല്‍ മാഡ്രിഡിന്റെയും ബ്രസീലിന്റെയും സൂപ്പര്‍ താരമായിരുന്ന റോബര്‍ട്ടോ കാര്‍ലോസും സുഹൈലയും തമ്മില്‍ വിവാഹിതരായ വിവരം സ്പാനിഷ് ടെലിവിഷന്‍ പരിപാടിയായ ഫിയെസ്റ്റയാണ് ആദ്യം പുറത്തുവിട്ടത്. ജനുവരി മാസമാണ് ഇരുവരും വിവാഹിതരായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

റോബര്‍ട്ടോ കാര്‍ലോസും ഭാര്യ സുഹൈല അല്‍ താഹിരിയും

ജൂലൈ 25ന് ബ്രസീലില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായ മറ്റൊരു കുടുംബ ചടങ്ങും നടത്തി. വധുവിന്റെ മൊറോക്കന്‍ പാരമ്പര്യത്തെ സൂചിപ്പിക്കുന്ന ചില സാംസ്‌കാരിക ചടങ്ങുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

മൊറോക്കന്‍ വേരുകളുള്ള സ്പാനിഷ് പൗരയായ സുഹൈല അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് രംഗത്ത് സജീവമാണ്. ഫുട്‌ബോള്‍ താരങ്ങളുടെ കരിയര്‍ മാനേജ്‌മെന്റിലും ബിസിനസ് രംഗത്തും സജീവമായ അവര്‍, റോബര്‍ട്ടോ കാര്‍ലോസുമായി ചേര്‍ന്ന് ബ്രസീലിലും യൂറോപ്പിലും വിവിധ സംരംഭങ്ങള്‍ നടത്തിവരുന്നുണ്ട്. പ്രൊഫഷണല്‍ ബന്ധത്തിലൂടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് ജീവിതപങ്കാളികളാകുന്നതിലേക്ക് വഴിമാറിയത്.

തന്റെ ഫുട്‌ബോള്‍ കരിയറിനൊപ്പം വ്യക്തിജീവിതത്തിലും ഏറെ സന്തോഷവാനാണെന്ന് 53 കാരനായ റോബര്‍ട്ടോ കാര്‍ലോസ് വ്യക്തമാക്കിയിട്ടുണ്ട്. ബ്രസീല്‍, സ്‌പെയിന്‍, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെ മാധ്യമങ്ങളില്‍ ഈ വിവാഹവാര്‍ത്ത വലിയ രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.

ഏഴ് സ്ത്രീകളിലായി 11 മക്കളുടെ പിതാവാണ് 55 കാരനായ കാര്‍ലോസ്. മുമ്പ് രണ്ടുതവണ അദ്ദേഹം ഔദ്യോഗികമായി വിവാഹം ചെയ്തിട്ടുമുണ്ട്. സുഹൈലയുമായി മൂന്ന് വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം.

ബ്രസീലിന് വേണ്ടി 125 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകള്‍ കാര്‍ലോസ് നേടിയിട്ടുണ്ട്. 2002ലെ ഫിഫ ലോകകപ്പും 1997ലെയും 1999ലെയും കോപ്പ അമേരിക്കയും 1997ലെ കോപ്പ കോണ്‍ഫെഡറേഷന്‍ കപ്പുമാണ് റോബര്‍ട്ടോ കാര്‍ലോസിന്റെ കരിയറിലെ പ്രധാന കിരീടങ്ങള്‍. ക്ലബ്ബുകളിലും അന്താരാഷ്ട്ര മത്സരങ്ങളിലുമായി കാര്‍ലോസ് 135 ഗോളുകള്‍ നേടിയിട്ടുണ്ട്.

Content Highlight: Brazilian football legend Roberto Carlos has got married

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more