സാവോപോളോ: ബ്രസീല്‍ തെരഞ്ഞെടുപ്പില്‍ മെറ്റ അല്‍ഗോരിതത്തില്‍ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നുള്ള പ്രതിഷേധം ശക്തമാവുന്നു. സാവോപോളോയിലുള്ള മെറ്റ കോര്‍പറേറ്റ് ഓഫീസിന് മുന്നില്‍ നൂറുകണക്കിന് പേര്‍ പ്രതിഷേധിച്ചതായി വെനസ്വേലന്‍ മാധ്യമമായ ടെലിസര്‍ റിപ്പോര്‍ട്ട് ചെയ്തു.

മെറ്റ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ സാത്താന്റെ അവതാരമായി ചിത്രീകരിച്ച കോലങ്ങള്‍ പ്രതിഷേധക്കാര്‍ കൊണ്ടുവന്നിരുന്നു. തെരഞ്ഞെടുപ്പില്‍ മെറ്റ ഇടപെടുന്നു എന്നാരോപിച്ച പ്രതിഷേധക്കാര്‍ സുക്കര്‍ബര്‍ഗിനെ ‘ദുഷ്ടനായ ശതകോടീശ്വരന്‍’ എന്ന് വിളിക്കുന്ന പ്ലക്കാഡുകളുമായാണ് കോര്‍പറേറ്റ് ഓഫീസില്‍ എത്തിയതെന്നും ടെലിസര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘മെറ്റാ, ഇടപെടരുത്’ എന്നെഴുതിയ പ്ലക്കാഡുകളും പ്രതിഷേധക്കാര്‍ കൊണ്ടുവന്നിരുന്നു. സക്കര്‍ബര്‍ഗിന്റെ മുഖംമൂടികളും പ്ലക്കാര്‍ഡുകളും വലിയ പേപ്പര്‍ രൂപങ്ങളുമായാണ് പ്രതിഷേധക്കാര്‍ സാവോപോളോയുടെ മെറ്റ ഓഫീസിലെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രസീല്‍ തെരഞ്ഞെടുപ്പില്‍ തീവ്ര വലത് പക്ഷ സ്ഥാനാര്‍ത്ഥി ഫ്‌ലാവിയോ ബോല്‍സനാരോയ്ക്ക് അനുകൂലമായി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ അല്‍ഗോരിതവും എ.ഐ സംവിധാനവും ക്രമീകരിച്ചെന്നാണ് മെറ്റയ്‌ക്കെതിരായ ആരോപണം. നിലവിലെ പ്രസിഡന്റും വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയുടെ റീച്ച് കുറച്ചെന്നതടക്കമുള്ള ആരോപണങ്ങളും മെറ്റയ്‌ക്കെതിരെയുണ്ട്.

ലുല ഡ സില്‍വയുമായി ബന്ധപ്പെട്ട ആയിരത്തിലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മെറ്റ നിയന്ത്രിച്ചിരുന്നു. ഇതോടെ കമ്പനിയുടെ ഉള്ളടക്ക നിയന്ത്രണ രീതികള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങള്‍ ഉയരും ചെയ്തു. ബോള്‍സോനാരോയുടെ ഉള്ളടക്കത്തെ മെറ്റ കൃത്രിമമായി പ്രോത്സാഹിപ്പിക്കുന്നുവെന്ന് ലുലയുടെ പക്ഷത്തുള്ളവര്‍ ആരോപിക്കുന്നു. വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ രാഷ്ട്രീയ പരസ്യങ്ങള്‍ മെറ്റ നീക്കം ചെയ്ത സംഭവങ്ങളും ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

മെറ്റക്കെതിരെ ബ്രസിലിയന്‍ സുപ്പീരിയര്‍ ഇലക്ടറല്‍ കോടതിയില്‍ ഈ വിഷയത്തില്‍ കേസും നിലനില്‍ക്കുന്നുണ്ട്. ബ്രസീലിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ഇരുവര്‍ക്കും തുല്യമായ പരിഗണനയാണ് നല്‍കുന്നതെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ മെറ്റയോട് ബ്രസീലിയന്‍ സുപ്പീരിയര്‍ ഇലക്ടറല്‍ കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് മെറ്റ ഓഫീസിന് മുന്നില്‍ പ്രതിഷേധം നടന്നത്.

ബ്രസീലിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മെറ്റ നിഷേധിച്ചിട്ടുണ്ട്. ഈ കാര്യങ്ങളില്‍ തങ്ങള്‍ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നാണ് മെറ്റയുടെ വാദം. എന്തെങ്കിലും അസന്തുലിതാവസ്ഥ അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍, അത് ആഗോളതലത്തില്‍ സേവനങ്ങള്‍ക്ക് തടസം നേരിട്ട രണ്ട് സംഭവങ്ങള്‍ കാരണമാണെന്ന് കമ്പനി വിശദീകരിച്ചിരുന്നു.

സുപ്പീരിയര്‍ ഇലക്ടറല്‍ കോടതിയും, ഫെഡറല്‍ പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ്, നാഷണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി എന്നിവ മെറ്റായുടെ അല്‍ഗോരിതം വഴി പ്രചരിക്കുന്ന ഉള്ളടക്കങ്ങള്‍ നിരീക്ഷിച്ച് വരുന്നുണ്ട്. അല്‍ഗോരിതം പൂര്‍ണ്ണമായും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇലക്ടറല്‍ കോടതി മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓട്ടോമാറ്റിക്കായി നീക്കം ചെയ്യപ്പെടുന്ന രാഷ്ട്രീയ പരസ്യങ്ങളില്‍ നിശ്ചിത സമയത്തിനകം മനുഷ്യ ഇടപെടലിലൂടെ പരിശോധന നടത്തണമെന്നും കോടതി മെറ്റയോട് ആവശ്യപ്പെട്ടു. ഈ കാര്യം ലംഘിച്ചാല്‍ പിഴ ചുമത്തും. കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും ഒരേ മാനദണ്ഡങ്ങള്‍ മാത്രമേ ബാധകമാക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പ്രസിഡന്റ് ലുലയുടെ പരാതിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയുടെ ഉടമസ്ഥരായ മെറ്റ, പക്ഷപാതപരമായ അല്‍ഗോരിതങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയുള്ള നിയന്ത്രണങ്ങളും ഉപയോഗിച്ച് ബോള്‍സോനാരോയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ലുലയുടെ പരാതി.

വാട്സ്ആപ്പിലെ മെറ്റ എ.ഐ ഫീച്ചര്‍ ഉപയോഗിച്ച് ലുലയുമായി ബന്ധപ്പെട്ട പ്രചാരണ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയുന്നില്ല. എന്നാല്‍ ഫ്‌ലാവിയോ ബോള്‍സോനാരോയെ അനുകൂലിക്കുന്ന ഉള്ളടക്കങ്ങള്‍ക്കായി ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നുണ്ടെന്നും ലുലയുടെ പരാതിയില്‍ പറയുന്നു. ബോള്‍സോനാരോയുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ക്കും പരസ്യങ്ങള്‍ക്കും കൃത്രിമമായി വലിയ പ്രചാരം ലഭിക്കുന്നു. അവയ്ക്ക് ആഗോള സെലിബ്രിറ്റികള്‍ക്ക് ലഭിക്കുന്നതിന് തുല്യമായ എന്‍ഗേജ്മെന്റ് ലഭിക്കുന്നുണ്ടെന്നും ലുലയുടെ പ്രചാരണ വിഭാഗം ആരോപിച്ചിരുന്നു.

Content Highlight: Brazil Election Meta Algorithm Issue: Protest March at Sao Polo