ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് വിജയം. കൊറിന്തിയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ പരഗ്വായെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ വിജയം സ്വന്തമാക്കിയത്.
ഇതിഹാസ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിക്ക് കീഴില്‍ ബ്രസീലിന്റെ ആദ്യ വിജയം കൂടിയാണിത്. ബ്രസീലിന്റെ ഒരു നൂറ്റാണ്ട് ചരിത്രത്തിലെ ആദ്യ വിദേശ പരിശീലകനാണ് ആന്‍സലോട്ടി. ഇതോടെ ഒരു പെര്‍മെനന്റ് വിദേശ പരിശീലകന് കീഴിലുള്ള ആദ്യ ജയമെന്ന ചരിത്രവും ഈ വിജയത്തോടെ കാനറികള്‍ സ്വന്തമാക്കി.
വിനീഷ്യസ് ജൂനിയറിനെ ആക്രമണത്തിന്റെ കുന്തമുനയാക്കി 4-2-3-1 ഫോര്‍മേഷനിലാണ് ആന്‍സലോട്ടി തന്റെ കുട്ടികളെ കളത്തിലിറക്കിവിട്ടത്. സമാനരീതിയില്‍ തന്നെയാണ് ഗുസ്താവോ അല്‍ഫെരോയും പരഗ്വായെ ഗ്രൗണ്ടില്‍ വിന്യസിച്ചത്.
മത്സരത്തിന്റെ ആദ്യ നിമിഷം മുതല്‍ക്കുതന്നെ ബ്രസീല്‍ മേല്‍ക്കൈ സ്വന്തമാക്കി. എതിരാളികള്‍ക്ക് പന്ത് വിട്ടുകൊടുക്കാതെ മാക്‌സിമം പാസുകളിലൂടെ ഗ്രൗണ്ട് കാനറികള്‍ അടക്കി ഭരിച്ചു.
ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിട്ട് ബാക്കി നില്‍ക്കെ വിനീഷ്യസ് ജൂനിയര്‍ ബ്രസീലിനെ മുമ്പിലെത്തിച്ചു. കുന്‍ഹയുടെ അസിസ്റ്റിലാണ് വിനി ഗോള്‍ സ്വന്തമാക്കിയത്.
VINIIII JR.!!!!
TINHAA QUE SER ELE!! BELO PRESENTÃO DE ANIVERSÁRIO PARA O MISTER 🇧🇷🇧🇷
കളിക്കളത്തില്‍ സമഗ്രാധിപത്യം പുലര്‍ത്തിയാണ് ബ്രസീല്‍ വിജയം സ്വന്തമാക്കിയത്. 73 ശതമാനവും പന്ത് കൈവശം വെച്ച ടീം 581 പാസുകള്‍ പൂര്‍ത്തിയാക്കി. 85 ശതമാനം ആക്യുറസിയോടെയാണ് ബ്രസീല്‍ പന്ത് കൈമാറിയത്.
11 ഷോട്ടുകള്‍ ബ്രസീല്‍ ഉതിര്‍ത്തപ്പോള്‍ അതില്‍ നാലെണ്ണവും പരഗ്വായ് ഗോള്‍മുഖം ലക്ഷ്യമാക്കിയുള്ളതായിരുന്നു. അഞ്ച് ഷോട്ടാണ് പരഗ്വായെടുത്തത്. ഒരണ്ണം മാത്രമായിരുന്നു ഓണ്‍ ടാര്‍ഗെറ്റ് ഷോട്ട്.
ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും 2026 ലോകകപ്പിന് യോഗ്യത നേടാനും ബ്രസീലിന് സാധിച്ചു. 16 മത്സരത്തില്‍ നിന്നും 25 പോയിന്റോടെയാണ് ബ്രസീല്‍ മൂന്നാമതെത്തിയത്.