മോളിവുഡില്‍ ഒരു ബ്രാന്‍ഡായി മാറിയ ഫ്രാഞ്ചൈസിയാണ് ദൃശ്യം. യാതൊരു ഹൈപ്പുമില്ലാതെ വന്ന് ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ആദ്യ ഭാഗവും ഒ.ടി.ടിയിലൂടെ പാന്‍ ഇന്ത്യന്‍ ചര്‍ച്ചയായി മാറിയ രണ്ടാം ഭാഗവും സിനിമാപ്രേമികള്‍ക്ക് അപ്രതീക്ഷിത വിരുന്നായിരുന്നു. അഞ്ച് വര്‍ഷത്തിനിപ്പുറം ദൃശ്യത്തിന്റെ മൂന്നാം ഭാഗം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.
പ്രൊമോഷന്‍ പരിപാടികളില്‍ സംവിധായകന്‍ പറഞ്ഞതുപോലെ ഇമോഷനുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ദൃശ്യം 3 ഒരുക്കിയത്. ആദ്യഭാഗത്തില്‍ നിന്ന് മൂന്നാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന് സംഭവിച്ച മാറ്റങ്ങള്‍ അതിഗംഭീരമായി അവതരിപ്പിക്കാന്‍ സംവിധായകനും മോഹന്‍ലാലിനും സാധിച്ചു.
എന്നാല്‍ എത്ര ഗംഭീര സ്‌ക്രിപ്റ്റാണെങ്കിലും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന മേക്കിങ്ങും ആര്‍ട്ടിഫിഷ്യല്‍ പെര്‍ഫോമന്‍സുകളും കൊണ്ട് ജീത്തു ജോസഫ് എന്ന സംവിധായകന്‍ മടുപ്പ് സമ്മാനിക്കാറുണ്ട്. ദൃശ്യം 3യിലും ഈയൊരു കുഴപ്പം മുഴച്ചുനില്‍ക്കുന്നുണ്ട്. അതിനെക്കാളേറെ വിമര്‍ശിക്കപ്പെടേണ്ട ഒന്നാണ് സിനിമക്കുള്ളിലെ പരസ്യം.
പല വലിയ സിനിമകളിലും ഓരോ ബ്രാന്‍ഡുകളുടെ പരസ്യം വളരെ സിമ്പിളായി കാണിക്കുന്ന പതിവുണ്ട്. മാര്‍വല്‍ സിനിമകള്‍ മുതല്‍ മലയാള സിനിമകള്‍ വരെ ഇത്തരം രീതി പിന്തുടരുന്നുണ്ട്. എന്നാല്‍ പരസ്യം കൃത്യമായി പ്ലെയ്‌സ് ചെയ്തില്ലെങ്കില്‍ ട്രോള്‍ മെറ്റീരിയലാകുമെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് ദൃശ്യം 3.
ചിത്രത്തിലെ ഒരു രംഗത്തില്‍ സ്വര്‍ണം പര്‍ച്ചേസ് ചെയ്യുന്നതിനെക്കുറിച്ച് ജോര്‍ജുകുട്ടിയും കുടുംബവും ചര്‍ച്ച നടത്തുന്നുണ്ട്. എറണാകുളത്ത് നിന്ന് പര്‍ച്ചേസ് നടത്തണമെന്നും സ്വര്‍ണം കല്യാണ്‍ ജ്വല്ലേഴ്‌സില്‍ നിന്ന് തന്നെ വേണമെന്നും റാണി പറയുമ്പോള്‍ ‘കല്യാണ്‍ ജ്വല്ലേഴ്‌സ് ഇപ്പോ തൊടുപുഴയിലുമുണ്ടല്ലോ’ എന്നാണ് ജോര്‍ജുകുട്ടി പറയുന്നത്.
സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ഈ പരസ്യ ഡയലോഗ് അരോചകമായെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. യൂട്യൂബ് ചാനലായ കരിക്ക് പോലും ഇപ്പോള്‍ ഇത്തരത്തില്‍ പരസ്യം പ്ലെയ്‌സ് ചെയ്യാറില്ലെന്നും ദൃശ്യം പോലെ വലിയൊരു ഫ്രാഞ്ചൈസി ഇപ്പോഴും പഴയ കാലത്താണെന്നുമാണ് പ്രധാന വിമര്‍ശനം. കിട്ടിയ ഗ്യാപ്പില്‍ പരസ്യം കുത്തിക്കയറ്റി കോടികളുണ്ടാക്കാന്‍ നോക്കിയ ഐഡിയ പാളിപ്പോയെന്നും വിമര്‍ശനങ്ങളുണ്ട്.
ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും ഇതുപോലെ ബ്രാന്‍ഡ് ലേബലിങ് വിമര്‍ശനം നേരിട്ടിരുന്നു. മൊബൈല്‍, ഗാഡ്ജറ്റ് വിതരണക്കാരായ മൈജിയായിരുന്നു ദൃശ്യം 2ല്‍ പരസ്യ മെറ്റീരിയല്‍. സിനിമയില്‍ പലയിടത്തും മൈജിയുടെ ബില്‍ബോര്‍ഡുകള്‍ കാണിച്ചത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഇതില്‍ നിന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഒരു പാഠവും പഠിച്ചില്ലെന്ന് കമന്റുകളുണ്ട്.
Content Highlight: Branding of Kalyan Jewelers made a negative impact in Drishyam 3 movie