72ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതീക്ഷിച്ചതുപോലെ മികച്ച നടനുള്ള പുരസ്‌കാരം മലയാളത്തിന്റെ മമ്മൂട്ടി തന്റെ ഷെല്‍ഫിലെത്തിച്ചു. ഭ്രമയുഗത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ബോളിവുഡ് താരം കാര്‍ത്തിക് ആര്യനുമൊത്ത് അവാര്‍ഡ് പങ്കിടുകയായിരുന്നു. ഇത് നാലാം തവണയാണ് മമ്മൂട്ടി ദേശീയ അവാര്‍ഡ് സ്വന്തമാക്കുന്നത്.
വെറുമൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ എന്നതിലുപരി മലയാളസിനിമയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട സിനിമയാണ് ഭ്രമയുഗമെന്ന് സംശയമില്ലാതെ പറയാം. മമ്മൂട്ടിയുടെ കരിയറില്‍ അടുത്തകാലത്ത് ഇത്രയും ഇംപാക്ടുണ്ടാക്കിയ മറ്റൊരു സിനിമ ഉണ്ടായിട്ടില്ല. ഒരൊറ്റ സിനിമ കൊണ്ട് പല അവാര്‍ഡുകളുടെയും ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് മമ്മൂട്ടി എത്തിയിരിക്കുകയാണ്.
ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡാണ് ആദ്യം മമ്മൂട്ടിയെ തേടിയെത്തിയത്. കരിയറിലെ 14ാമത് ഫിലിംഫെയര്‍ അവാര്‍ഡാണ് മമ്മൂട്ടി തന്റെ ഷെല്‍ഫിലെത്തിച്ചത്. ഒരു ഭാഷയില്‍ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ കമല്‍ ഹാസന്റെ റെക്കോഡ് മമ്മൂട്ടി ഇതോടെ തകര്‍ത്തു. അഞ്ച് പതിറ്റാണ്ടുകളിലും (1980, 1990, 2000, 2010, 2020) ഫിലിംഫെയര്‍ അവാര്‍ഡ് നേടിയ ഒരേയൊരു താരവും മമ്മൂട്ടിയാണ്.
കേരള സംസ്ഥാന അവാര്‍ഡിലും ചാത്തന് വെല്ലുവിളിയുയര്‍ത്താന്‍ ആര്‍ക്കും സാധിച്ചില്ല. കരിയറിലെ ഏഴാമത്തെ സ്‌റ്റേറ്റ് അവാര്‍ഡാണ് മമ്മൂട്ടിയെ തേടിയെത്തിയത്. മോഹന്‍ലാലിനെ (ആറ് വട്ടം) മറികടന്നാണ് മമ്മൂട്ടി സ്‌റ്റേറ്റ് അവാര്‍ഡില്‍ ചരിത്രമെഴുതിയത്. എന്നാല്‍ മമ്മൂട്ടിയുടെ ‘ചാത്തന്‍സേവ’ ഇവിടെയും തീര്‍ന്നിട്ടില്ലെന്ന് കാലം തെളിയിച്ചു.
ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയവരുടെ ലിസ്റ്റില്‍ അമിതാഭ് ബച്ചനൊപ്പം എത്തിയിരിക്കുകയാണ്. 2024ലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ഏതെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമില്ലായിരുന്നു. അവാര്‍ഡുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഭ്രമയുഗത്തിന്റെ റീച്ച് എന്നതും എടുത്തുപറയണം.
ഓസ്‌കര്‍ അക്കാദമിയുടെ പ്രത്യേക സ്‌ക്രീനിങ്ങിലും ഭ്രമയുഗം ഇടംപിടിച്ചു. അക്കാദമി മ്യൂസിയം സംഘടിപ്പിച്ച ‘വെന്‍ ദി ഫോറസ്റ്റ് മീറ്റ്‌സ് സീ; ഫോക്ക്‌ലോര്‍ എറൗണ്ട് ദി വേള്‍ഡ് എന്ന വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഈ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യന്‍ സിനിമ കൂടിയായിരുന്നു ഭ്രമയുഗം. വ്യത്യസ്തമായ വേഷങ്ങള്‍ തേടിപ്പിടിച്ച് ചെയ്യുന്ന മമ്മൂട്ടി കൊടുമണ്‍ പോറ്റിക്ക് യെസ് പറഞ്ഞത് വെറുതേയായില്ല.
Content Highlight: Bramayugam made a historical impact in Mammootty’s career