ഹോളി ആശംസിച്ചു; യു.പിയില്‍ ദളിത് യുവാവിനെ കുത്തിക്കൊന്ന് ബ്രാഹ്‌മണ കുടുംബം
India
ഹോളി ആശംസിച്ചു; യു.പിയില്‍ ദളിത് യുവാവിനെ കുത്തിക്കൊന്ന് ബ്രാഹ്‌മണ കുടുംബം
രാഗേന്ദു. പി.ആര്‍
Monday, 9th March 2026, 10:23 pm

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി ബ്രാഹ്‌മണ കുടുംബം. ഉയര്‍ന്ന ജാതിക്കാരായ കുടുംബത്തിന് ഹോളി ആശംസിച്ചതില്‍ പ്രകോപിതരായാണ് കൊലപാതകമെന്നാണ് വിവരം.

മാര്‍ച്ച് നാലിന് യു.പിയിലെ ദുബഗ്ഗ ഗ്രാമത്തിലാണ് സംഭവം നടന്നത്. 22കാരനായ സൂരജ് ഗൗതമാണ് കൊല്ലപ്പെട്ടത്.

സൂരജ് ഹോളി ആശംസിച്ചത് അയല്‍വാസിയായ മനോര്‍ തിവാരിയ്ക്ക് ഇഷ്ടപ്പെടാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. താഴ്ന്ന ജാതിക്കാരനായ ഒരാള്‍ തനിക്ക് ഹോളി ആശംസിച്ചുവെന്ന് പറഞ്ഞ് തിവാരി ദളിത് കുടുംബവുമായി തര്‍ക്കത്തിലായി.

പിന്നാലെയാണ് യുവാവിനെ കുത്തി വീഴ്ത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


കൊലപാതകത്തില്‍ തിവാരിയുടെ സഹോദരി ശിവാനിക്കും അമ്മ രഞ്ജനയ്ക്കും പങ്കുണ്ടെന്ന് സൂരജിന്റെ കുടുംബവും ദൃക്സാക്ഷികളും ആരോപിച്ചു. ശിവാനിയാണ് യുവാവിനെ കുത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.

ഷാളില്‍ പൊതിഞ്ഞ കത്തി പുറത്തെടുത്ത് നൈറ്റ് ഗൗണ്‍ ധരിച്ച ഒരു യുവതി സൂരജിനെ മൂന്ന് തവണ കുത്തിയെന്നാണ് ആരോപണം. ദളിതരായതിനാലാണ് പ്രതികള്‍ തന്റെ മകനെ കൊലപ്പെടുത്തിയതെന്ന് സൂരജിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഭവത്തെ തുടര്‍ന്ന് മനോര്‍ തിവാരി, ശിവാനി, രഞ്ജന എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 12ഓളം പൊലീസുകാരാണ് സ്ഥലത്തെത്തിയത്.

സംഭവസ്ഥലം പരിശോധിച്ച ശേഷം ശിവാനിയെ വസ്ത്രം മാറാന്‍ അനുവദിച്ചു. ശേഷം മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ശിവാനിയുടെ വസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പ്രതികരിച്ചു.

Content Highlight: Brahmin family stabs Dalit youth to death in UP over Holi wishes

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.