ഇനി രോഹിത്തും കോഹ്‌ലിയും ഓസ്ട്രേലിയയില്‍ എത്തിയേക്കില്ല; ബ്രാഡ് ഹാഡിന്‍
Sports News
ഇനി രോഹിത്തും കോഹ്‌ലിയും ഓസ്ട്രേലിയയില്‍ എത്തിയേക്കില്ല; ബ്രാഡ് ഹാഡിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th October 2025, 3:06 pm

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ കളത്തിലിറങ്ങുന്നു എന്നതിനാലാണ് അത്. ഈ പരമ്പരയ്ക്കായി നേരത്തെ 15 അംഗ സ്‌ക്വാഡിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു.

ഇരുവരും ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ക്യാപ്റ്റനെ മാറ്റിയാണ് ഇന്ത്യന്‍ മാനേജ്മന്റ് ടീം പുറത്ത് വിട്ടത്. ടെസ്റ്റ് ടീം നായകനായ ശുഭ്മന്‍ ഗില്ലിനെയാണ് ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചത്. അതുകൊണ്ട് തന്നെ രോഹിതും കോഹ്‌ലിയും അധിക കാലം ടീമില്‍ തുടരാന്‍ സാധ്യതയില്ലെന്നാണ് അഭ്യൂഹങ്ങള്‍.

ഇപ്പോള്‍ ഈ പരമ്പര രോഹിത്തിന്റെയും കോഹ്‌ലിയുടെയും അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് പറയുകയാണ് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹാഡിന്‍. ഇരുവരും ക്രിക്കറ്റിലെ മികച്ച താരങ്ങളാണെന്നും ഈ അവസരം നഷ്ട്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. വില്ലോ ടോക്ക് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ഹാഡിന്‍.

‘രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും മത്സരം തീര്‍ച്ചയായും കാണണം. ഇരുവരും ക്രിക്കറ്റിലെ മികച്ച താരങ്ങളാണ്. ഇത് അവരുടെ ഓസ്ട്രേലിയയിലെ അവസാന മത്സരമാണെന്നാണ് എനിക്ക് തോന്നുന്നത്.

അതിനാല്‍ തന്നെ ഈ അവസരം നഷ്ട്ടപ്പെടുത്തരുത്. ഗില്‍ ക്യാപ്റ്റനായതിനാല്‍ തന്നെ രോഹിത് അഗ്രസീവ് ബാറ്റിങ് പുറത്തെടുക്കാന്‍ സാധ്യതയുണ്ട്,’ ഹാഡിന്‍ പറഞ്ഞു.

ഒക്ടോബര്‍ 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഒക്ടോബര്‍ 19, 23, 25 എന്നീ ദിവസങ്ങളിലാണ് ഈ മൂന്ന് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിന് ശേഷം ഇന്ത്യയ്ക്ക് ഓസ്ട്രേലിയക്കെതിരെ ടി – 20 പരമ്പരയുമുണ്ട്. ഈ പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്.

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസീദ് കൃഷ്ണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍

Content Highlight: Brad Haddin says that Rohit Sharma and Virat Kohli might not play another series in Australia after this ODI Series