പത്ത് ദിവസം കൊണ്ട് എട്ട് കോടി നേടി ആശകള്‍ ആയിരം; ബഡ്ജറ്റിന്റെ നാല്‍പ്പത് ശതമാനം മാത്രം തിരിച്ച് പിടിച്ചെന്ന് റിപ്പോര്‍ട്ടുകള്‍
Malayalam Cinema
പത്ത് ദിവസം കൊണ്ട് എട്ട് കോടി നേടി ആശകള്‍ ആയിരം; ബഡ്ജറ്റിന്റെ നാല്‍പ്പത് ശതമാനം മാത്രം തിരിച്ച് പിടിച്ചെന്ന് റിപ്പോര്‍ട്ടുകള്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 17th February 2026, 1:13 pm

ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും മകന്‍ കാളിദാസും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജി. പ്രജിത്ത് സംവിധാനം ചെയ്ത ആശകള്‍ ആയിരം. ജൂഡ് ആന്തണി ജോസഫും അരവിന്ദ് രാജേന്ദ്രനും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

ഇപ്പോഴിതാ ഫെബ്രുവരി ആറിന് റിലീസായ ചിത്രം പത്ത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സമൂഹ മാധ്യമമായ എക്‌സിലെ ഐ.ഡികളായ ജെറിന്‍ ജോര്‍ജ്കുട്ടി, എബി ജോര്‍ജ്ജ് തുടങ്ങിയവരാണ് ചിത്രത്തിന്റെ കളക്ഷനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

ജയറാമും മകന്‍ കാളിദാസും. Photo: Indian community

കേരള ബോക്‌സ് ഓഫീസില്‍ നിന്നും ഇതിനോടകം അഞ്ച് കോടി 46 ലക്ഷം രൂപ നേടാനാണ് ചിത്രത്തിന് സാധിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കര്‍ണാടകയില്‍ നിന്നും 39 ലക്ഷവും തമിഴ്‌നാട്ടില്‍ നിന്നും 23 ലക്ഷവും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും 12 ലക്ഷവും ചിത്രം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ നിന്നും മാത്രമായി ചിത്രം 6.2 കോടി നേടിയപ്പോള്‍ ഇന്ത്യക്ക് പുറത്ത് നിന്നും ചിത്രം 1 കോടി അറുപത് ലക്ഷവും സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ആശാ ശരത്, ഷറഫുദ്ദീന്‍, ഇഷാനി കൃഷ്ണ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയ ചിത്രം ഒമ്പത് മുതല്‍ പത്ത് കോടിയോളം ബഡ്ജറ്റിലാണ് ഒരുക്കിയതെന്നാണ് സിനിമാ പേജുകള്‍ നല്‍കുന്ന വിവരം. അതുകൊണ്ട് തന്നെ ചിത്രത്തിന് മുടക്കുമുതലിന്റെ നാല്‍പ്പത് ശതമാനത്തോളം മാത്രമാണ് ബോക്‌സ് ഓഫീസിലൂടെ തിരിച്ച് പിടിക്കാനായതെന്നും ഇക്കൂട്ടര്‍ വിലയിരുത്തുന്നു.

ശരാശരിയിലും താഴെയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നുമുള്ള ചിത്രത്തിന്റെ പ്രകടനമെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ ബഡ്ജറ്റിന്റെ 50-55 ശതമാനം മാത്രമേ ആശകള്‍ ആയിരത്തിന് തിരിച്ചുപിടിക്കാന്‍ സാധിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിയേറ്റര്‍ കളക്ഷനില്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചില്ലെങ്കിലും സാറ്റലൈറ്റ് റൈറ്റ്‌സ്, ഒ.ടി.ടി റൈറ്റ്‌സ് വഴി നിര്‍മാതാവിന് വലിയ നഷ്ടമില്ലാതെ ബിസിനസ് അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് നിഗമനം.

Photo: Cinema Express

കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പുന്റെയും തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം കാളിദാസും ജയറാമും ഒന്നിക്കുന്ന ചിത്രം സിനിമാ മോഹികളായ അച്ഛന്റെയും മകന്റെയും കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ജയറാമിന്റെ പാപമാ എക്‌സ്‌പ്രെഷനും ഷാര്‍ജ ടു ഷാര്‍ജ സിനിമയിലെ പതിനാലാം രാവിന്റെ എന്ന ഗാനവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Box office collection reports of Aashakal Aayiram reported by cinema pages

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.