ബോളിവുഡില്‍ ഇപ്പോഴും ഗ്രൗണ്ട് ലെവല്‍ ക്രേസ് കൈമോശം വരാത്ത താരങ്ങളിലൊരാളാണ് സണ്ണി ഡിയോള്‍. ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്രയുടെ മകനായി കരിയര്‍ ആരംഭിച്ച സണ്ണി ഡിയോള്‍ ഒരുകാലത്ത് ബോളിവുഡിലെ മുന്‍നമിര താരമായിരുന്നു. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം താരം കുറച്ചുനാള്‍ ഇടവേളയെടുത്തു. തിരിച്ചുവരവില്‍ ബാക്ക് ടു ബാക്ക് ഹിറ്റുമായി കളം നിറയുകയാണ് സണ്ണി പാജി.
താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ബോര്‍ഡറിന്റെ രണ്ടാം ഭാഗത്തിന് ഗംഭീര വരവേല്പാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് പലയിടങ്ങളിലും ചിത്രം ഹൗസ്ഫുള്ളാണ്. മൂന്ന് ദിവസം കൊണ്ട് 152 കോടിയിലേറെ ചിത്രം നേടിക്കഴിഞ്ഞു. ഓരോ ദിവസവും ചിത്രത്തിന്റെ കളക്ഷന്‍ ഉയരുകയാണെന്നതും ശ്രദ്ധേയമാണ്.
ബോര്‍ഡര്‍ എന്ന ക്ലാസിക്കിന്റെ സീക്വലിന് എത്രമാത്രം ആരാധകരുണ്ടെന്നതിന്റെ തെളിവാണ് ചിത്രത്തിന് ലഭിക്കുന്ന ഈ വരവേല്പ്. ആദ്യദിനം 36 കോടി നേടിയ ചിത്രം രണ്ടാം ദിവസം 30 കോടിയും സ്വന്തമാക്കി. മൂന്നാം ദിനമായ ഞായറാഴ്ച 49.6 കോടിയാണ് ബോര്‍ഡര്‍ 2 നേടിയത്. ഇന്നും ചിത്രത്തിന് മികച്ച ബുക്കിങ്ങാണ്. 25 കോടിക്കുമുകളില്‍ ഉറപ്പായും കളക്ഷന്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ബുക്ക്‌മൈഷോയില്‍ മണിക്കൂറില്‍ 70000നടുത്ത് ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റുപോകുന്നത്.
ഇതേ ഹോള്‍ഡ് വരുംദിവസങ്ങളില്‍ ലഭിച്ചാല്‍ ധുരന്ധറിനെ മറികടക്കാന്‍ സാധിക്കുമെന്ന് ചില ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. നിലവില്‍ ബോളിവുഡിലെ ഇന്‍ഡസ്ട്രി ഹിറ്റാണ് ധുരന്ധര്‍. 886 കോടിയോളം നേടിയ ധുരന്ധറിനെ ബോര്‍ഡര്‍ 2 മറികടന്നാല്‍ അത് ചരിത്രമാകുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയില്ലെങ്കിലും 500 കോടിയെങ്കിലും ബോര്‍ഡര്‍ 2 നേടുമെന്നാണ് കരുതുന്നത്.
സണ്ണി ഡിയോളിന്റെ തിരിച്ചുവരവ് ആഘോഷിക്കപ്പെട്ട ഗദ്ദര്‍ 2 ബോളിവുഡിനെ ഞെട്ടിച്ച് ഇന്‍സ്ട്രി ഹിറ്റായി മാറിയിരുന്നു. 1000 കോടി നേടിയ പത്താന്‍ ഇന്ത്യയില്‍ നിന്ന് നേടിയ 543 കോടിയെയാണ് സണ്ണി പാജി മറികടന്നത്. 556 കോടിയായിരുന്നു ഗദ്ദര്‍ 2ന്റെ കളക്ഷന്‍. ഇപ്പോഴിതാ മറ്റൊരു സീക്വലുമായി വന്ന് ബോക്‌സ് ഓഫീസില്‍ സുനാമി സൃഷ്ടിച്ചിരിക്കുകയാണ് സണ്ണി ഡിയോള്‍.
1995ല്‍ പുറത്തിറങ്ങിയ ബോര്‍ഡറിന്റെ തുടര്‍ച്ചയാണ് ഈ ചിത്രം. വരുണ്‍ ധവാന്‍, ദില്‍ജിത് ദൊസാഞ്ചേ, പൂജ ഭട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 1971ലെ ഇന്ത്യ- പാക് യുദ്ധത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. സണ്ണി പാജിയുടെ ഒന്നര ടണ്‍ പഞ്ചും അലറിവിളിച്ചുള്ള ഡയലോഗും ബോര്‍ഡര്‍ 2വിലുമുണ്ട്.
Content Highlight: Border 2 crossed 150 crore mark within three days