അഫ്ഗാനിസ്ഥാനില്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരത്തിനിടെ ബോംബ് സ്‌ഫോടനം; ചാവേര്‍ ആക്രമണമെന്ന് സംശയം; വീഡിയോ
Sports News
അഫ്ഗാനിസ്ഥാനില്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരത്തിനിടെ ബോംബ് സ്‌ഫോടനം; ചാവേര്‍ ആക്രമണമെന്ന് സംശയം; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th July 2022, 8:04 am

അഫ്ഗാനിസ്ഥാനിലെ കാബൂള്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരത്തിനിടെ ബോംബ് ആക്രമണം. ഷ്പഗീസ ക്രിക്കറ്റ് ലീഗില്‍ ബന്ത്-ഇ-അമീര്‍ ഡ്രാഗണ്‍സും പാമിര്‍ സാല്‍മിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സ്‌ഫോടനം നടന്നത്.

ചാവേര്‍ ആക്രമണമെന്നാണ് സംശയിക്കപ്പെടുന്നത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആളപായത്തെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

‘ഷ്പഗീസ ലീഗില്‍ രണ്ട് ടീമുകള്‍ തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സ്‌ഫോടനം നടന്നത്. മത്സരം കാണാനെത്തിയ നാല് സിവിലിയന്‍സിന് പരിക്കേറ്റിറ്റുണ്ട്,’ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ചീഫ് എക്‌സിക്യുട്ടീവായ നാസിബ് ഖാന്‍ പറഞ്ഞു.

താലിബാന്‍ ഭരണകൂടത്തിനെതിരെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തുന്ന ബോാംബാക്രമണത്തിന്റെ തുടര്‍ച്ചയാണിതെന്നാണ് സൂചന. കാബൂളിലെ ഗുരുദ്വാര കാര്‍ട്ടെ പര്‍വാന്റെ ഗേറ്റിന് സമീപം സ്ഫോടനം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് സ്റ്റേഡിയത്തിലെ സ്ഫോടനം.

ജൂണില്‍ കാബൂളിലെ ബാഗെ ബാലക്ക് സമീപത്തെ ഗുരുദ്വാര കാര്‍ട്ടെ പര്‍വാനില്‍ നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ ഉത്തരവാദിത്തം പിന്നീട് ഐ.എസ് ഏറ്റെടുത്തിരുന്നു. സ്ഫോടനത്തില്‍ ഒരു സിഖ് വംശജനും കാവല്‍ക്കാരനുമാണ് കൊല്ലപ്പെട്ടത്. മേയ് മാസത്തിലും സമാനമായ നാല് സ്‌ഫോടനങ്ങള്‍ അഫ്ഗാന്റെ വടക്കന്‍ പ്രവിശ്യകളില്‍ നടന്നിരുന്നു.

എന്നാല്‍ സ്റ്റേഡിയത്തിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തെ തുടര്‍ന്ന് മുഴുവന്‍ കളിക്കാരെയും ബങ്കറിനുള്ളിലേക്ക് സുരക്ഷിതമായി മാറ്റിയിരുന്നു. ആക്രമണം നടക്കുമ്പോള്‍ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരും സ്റ്റേഡിയത്തിലുണ്ടായിരുന്നു.

അഫ്ഗാന്‍ യു.എന്‍ മിഷനിലെ ഡ്യപ്യൂട്ടി ആയിരുന്ന റമീസ് അലക്ബറോവായിരുന്നു സ്‌റ്റേഡിയത്തിലുണ്ടായിരുന്നത്. സ്‌ഫോടനത്തെ അപലപിച്ച അദ്ദേഹം ആളപായം ഇതുവരെ സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും പറഞ്ഞു.

Content Highlight: Bomb blast during match at international stadium in Afghanistan; Suspected suicide bombing