സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ സംസാരവിഷയമായിരിക്കുന്നത് ഒരു ബോളിവുഡ് ചിത്രമാണ്. മനോജ് ബാജ്‌പേയ്‌യെ കേന്ദ്ര കഥാപാത്രമാക്കി നീരജ് പാണ്ഡേ സംവിധാനം ചെയ്യുന്ന ഖുസ്‌കൂര്‍ പണ്ഡറ്റ് എന്ന ചിത്രത്തിനെതിരെ സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഹിന്ദുത്വ പേജുകള്‍.
ചിത്രത്തിന്റെ ടൈറ്റിലാണ് ഹിന്ദുത്വ പേജുകളെ ചൊടിപ്പിച്ചിരിക്കുന്നത്. അഴിമതിക്കാരന്‍, കൈക്കൂലിക്കാരന്‍ എന്നൊക്കെ അര്‍ത്ഥം വരുന്ന വാക്കാണ് ഖുസ്‌കൂര്‍. ബ്രാഹ്‌മണ സമുദായത്തിലുള്ളവരെ അണിയറപ്രവര്‍ത്തകര്‍ ഈ പേരിലൂടെ അവഹേളിക്കുകയാണെന്ന് ഇക്കൂട്ടര്‍ ആരോപിക്കുന്നുണ്ട്. സംവിധായകനെയും നായകനെയും വിമര്‍ശിച്ചുകൊണ്ട് ധാരാളം പോസ്റ്റുകള്‍ എക്‌സില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഖുസ്‌കൂര്‍ പണ്ഡറ്റ് Photo: Netflix
ബ്രാഹ്‌മണ സമൂഹത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് ഇത്തരമൊരു ടൈറ്റില്‍ നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് എങ്ങനെ ധൈര്യം വന്നു എന്നും ചോദ്യങ്ങളുയരുന്നു. ഖുസ്‌കൂര്‍ ചമാര്‍, ഖുസ്‌കൂര്‍ ദളിത് എന്നൊക്കെ ടൈറ്റില്‍ നല്‍കിക്കൂടെ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്ന നെറ്റ്ഫ്‌ളിക്‌സിനെയും പലരും വിമര്‍ശിക്കുന്നുണ്ട്.
‘ഇന്ത്യന്‍ സംസ്‌കാരത്തെയും ഹിന്ദു മതത്തെയും പ്രത്യേകം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇത്തരം സിനിമകളെ തടയേണ്ടതുണ്ടെന്ന് ബി.ജെ.പി നേതാവ് ബ്രജേഷ് പാഥക് പറഞ്ഞു. ചിത്രത്തിന്റെ നിര്‍മാതാവിനെതിരെയും നെറ്റ്ഫ്‌ളിക്‌സിനെതിരെയും യു.പി പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്.
ചിത്രത്തിന്റെ സംവിധായകനും നായകനും ബ്രാഹ്‌മണരാണെന്നും സ്വന്തം സമുദായത്തെ മോശമായി ചിത്രീകരിക്കാന്‍ ഇരുവര്‍ക്കും എങ്ങനെ തോന്നിയെന്നും ചിലര്‍ ചോദ്യമുന്നയിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പലരുടെയും വികാരം വ്രണപ്പെടുത്തിയതില്‍ ക്ഷമാപണവുമായി സംവിധായകനും നായകനും രംഗത്തെത്തുകയും ചെയ്തു. കേരള സ്റ്റോറി പോലെ ഒരു സംസ്ഥാനത്തെ ആക്ഷേപിക്കുന്ന സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ഖുസ്‌കൂര്‍ പണ്ഡറ്റിനെതിരെ വിമര്‍ശനമുയര്‍ത്തുന്നതിനെയും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്.
ഇതാദ്യമായല്ല ബ്രാഹ്‌മണ സമുദായം ഒരു സിനിമക്കെതിരെ രംഗത്തെത്തുന്നത്. കഴിഞ്ഞവര്‍ഷം റിലീസായ ഫുലെ എന്ന ചിത്രത്തിന് നേരെയും ഇത്തരം വിമര്‍ശനമുയര്‍ന്നിരുന്നു. മഹാരാഷ്ട്രയില്‍ സാധാരണക്കാരുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ സാവിത്രി ഭായ് ഫുലെയുടെ ജീവിതകഥ ബ്രാഹ്‌മണ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നു എന്നായിരുന്നു വിമര്‍ശനം.
ബ്രാഹ്‌മണ നേതാക്കളുടെ വിലക്കിനെയും അക്രമങ്ങളെയും വകവെക്കാതെ തന്റെ ലക്ഷ്യത്തിന് വേണ്ടി പോരാടിയ സാവിത്രി ഫുലെയുടെ കഥയില്‍ നിന്ന് ബ്രാഹ്‌മണ സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന വാക്കുകളും രംഗങ്ങളും സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കിയിരുന്നു. ഇപ്പോഴിതാ ഖുസ്‌കൂര്‍ പണ്ഡറ്റിന്റെ ഗതിയും മറ്റൊന്നാകില്ലെന്നാണ് പലരും പ്രവചിക്കുന്നത്.