| Monday, 2nd June 2025, 8:01 pm

ഇദ്ദേഹം വേറെ ഏതോ ഗ്രഹത്തില്‍ നിന്ന് വന്നയാളാണ്, തുടരും കണ്ട ബോളിവുഡ് സംവിധായകന്റെ കുറിപ്പ് വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ചരിത്രവിജയമായി മാറിയ ചിത്രമാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കുന്ന ആദ്യ ചിത്രമായി തുടരും മാറി. മോഹന്‍ലാലിലെ താരത്തെയും നടനെയും ഒരുപോലെ ഉപയോഗിച്ച ചിത്രം കൂടിയാണ് തുടരും. കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരുന്നു.

ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തെ പ്രശംസിച്ച് പലരും രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗുപ്ത എക്‌സില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തുടരും സിനിമ പകുതിയോളം കണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സഞ്ജയ് തന്റെ കുറിപ്പ് ആരംഭിക്കുന്നത്.

ഗംഭീര സിനിമയാണ് ഇതെന്നും ദൃശ്യത്തിനും മുകളില്‍ നില്‍ക്കുന്ന സിനിമയാണ് തുടരും എന്നും അദ്ദേഹം പറയുന്നു. മറ്റേതോ ഗ്രഹത്തില്‍ നിന്ന് വന്നയാളാണ് മോഹന്‍ലാലെന്നും എല്ലാവരും ഉറപ്പായും സിനിമ കാണണമെന്നും പറഞ്ഞുകൊണ്ടാണ് സഞ്ജയ് ഗുപ്ത തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. സഞ്ജയ്‌യുടെ കുറിപ്പ് ഇതിനോടകം പലരും ഷെയര്‍ ചെയ്തിട്ടുണ്ട്.

ഹൃതിക് റോഷന്‍ നായകനായ കാബില്‍, അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രമായെത്തിയ കാന്റേ, സഞ്ജയ് ദത്ത് നായകനായ ഖൗഫ് എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് സഞ്ജയ് ഗുപ്ത. മോഹന്‍ലാല്‍ എന്ന നടന്റെ തിരിച്ചുവരവ് ഇന്ത്യയൊട്ടുക്ക് സംസാരവിഷയമാകുന്ന കാഴ്ചക്കാണ് ഇപ്പോള്‍ മോളിവുഡ് സാക്ഷ്യം വഹിക്കുന്നത്.

ചിത്രത്തിന്റെ റീമേക്കിനെക്കുറിച്ചും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ദൃശ്യം സീരീസ് ബോളിവുഡില്‍ റീമേക്ക് ചെയ്ത അജയ് ദേവ്ഗണ്ണിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ച. ചിത്രത്തില്‍ മോഹന്‍ലാല്‍ നടത്തിയ പ്രകടനം ആവര്‍ത്തിക്കാന്‍ അജയ് ദേവ്ഗണ്ണിന് സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ഒരാള്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി ശോഭന തിരിച്ചെത്തിയ സിനിമ കൂടിയായിരുന്നു തുടരും. തോമസ് മാത്യു, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, ഇര്‍ഷാദ്, മണിയന്‍പിള്ള രാജു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Bollywood director Sanjay Gupta praises Mohanlal’s performance in Thudarum movie

We use cookies to give you the best possible experience. Learn more