| Saturday, 5th April 2025, 4:20 pm

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ക്ലാഷ് ലോഡിങ്, കൂലിയോട് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ ബോളിവുഡ് വമ്പന്മാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജിനികാന്തിന്റെ ബിഗ് ബജറ്റ് ചിത്രം കൂലിയുടെ റിലീസ് ഡേറ്റ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ഓഗസ്റ്റ് 14ന് പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ജയിലറിന് ശേഷം രജിനികാന്ത് ഭാഗമായ രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ കൂലി തമിഴിലെ ഏറ്റവും വലിയ വിജയമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ അതേദിവസം തന്നെ കൂലിയുമായി ക്ലാഷിന് വരാന്‍ തീരുമാനിച്ചിരിക്കുകയാണ് ബോളിവുഡ് ചിത്രം വാര്‍ 2. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമാണ് വാര്‍ 2. 2019ല്‍ പുറത്തിറങ്ങിയ വാറിന്റെ രണ്ടാം ഭാഗമാണിത്. ഹൃതിക്കിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു വാര്‍.

രണ്ട് ചിത്രങ്ങളും വന്‍ താരനിരയാല്‍ ശ്രദ്ധേയമാണ്. കൂലിയില്‍ രജിനികാന്തിനൊപ്പം തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന, കന്നഡയിലെ റിയല്‍ സ്റ്റാര്‍ ഉപേന്ദ്ര, തമിഴ് താരം സത്യരാജ്, ശ്രുതി ഹാസന്‍, മലയാളത്തില്‍ നിന്ന് സൗബിന്‍ ഷാഹിര്‍ എന്നിവര്‍ അണിനിരക്കുന്നുണ്ട്. ബോളിവുഡ് താരം ആമിര്‍ ഖാന്‍ കൂലിയില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്.

സ്‌പൈ യൂണിവേഴ്‌സിലെ ഏറ്റവും വലിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമായാണ് വാര്‍ 2 ഒരുങ്ങുന്നത്. ഹൃതിക് റോഷനൊപ്പം തെലുങ്ക് താരം ജൂനിയര്‍ എന്‍.ടി.ആറും വാര്‍ 2വില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇതേ യൂണിവേഴ്‌സിലെ മറ്റ് താരങ്ങളായ സല്‍മാന്‍ ഖാന്‍ (ടൈഗര്‍), ഷാരൂഖ് ഖാന്‍ (പത്താന്‍) എന്നിവരുടെ കാമിയോയും വാര്‍ 2വിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്.

എന്നാല്‍ ഒരേ പാറ്റേണില്‍ കഥകള്‍ പറയുന്നതിനാല്‍ സ്‌പൈ യൂണിവേഴ്‌സിലെ ചിത്രങ്ങളുടെ പ്രധാന ന്യൂനതയായി പലരും അഭിപ്രായപ്പെടുന്നുണ്ട്. വാര്‍, പത്താന്‍, ടൈഗര്‍ 3 എന്നിവ ഒരേ രീതിയില്‍ കഥ പറയുന്നുവെന്ന ആക്ഷേപങ്ങളുണ്ടായിരുന്നു. പത്താനിലെ പല രംഗങ്ങളും അതേപടി ടൈഗര്‍ 3യിലും പകര്‍ത്തിയിരുന്നു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാകും വാര്‍ 2 അണിയറപ്രവര്‍ത്തകര്‍ ഒരുക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം സണ്‍ പിക്‌ചേഴ്‌സും രജിനികാന്തും ഒന്നിക്കുന്ന ചിത്രമാണ് കൂലി. ക്യാമറയുടെ പിന്നിലും മികച്ച ക്രൂവാണ് കൂലിയില്‍ ഉള്ളത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുമ്പോള്‍ ഗിരീഷ് ഗംഗാധരനാണ് ക്യാമറ ചലിപ്പിക്കുന്നത്. അന്‍പറിവ് ഡ്യൂയോ ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ തീപ്പൊരിയാകുമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Bollywood biggie War 2 going to clash with Coolie movie

We use cookies to give you the best possible experience. Learn more