'ജനാധിപത്യം' കൊണ്ട് വോട്ടടയാളം മായ്ക്കുന്ന ജനാധിപത്യവാദികള്‍
D' Election 2019
'ജനാധിപത്യം' കൊണ്ട് വോട്ടടയാളം മായ്ക്കുന്ന ജനാധിപത്യവാദികള്‍
എന്‍.വി ബാലകൃഷ്ണന്‍
Friday, 3rd May 2019, 11:29 pm

ആന ചോരുന്നത് മറച്ചുവെയ്ക്കാന്‍ കടുകു ചോരുന്നതിനെക്കുറിച്ചുള്ള ബഹളം വെക്കല്‍ ചാണക്യതന്ത്രങ്ങളിലെ ഒരു പ്രധാന ഇനമാണ്. കള്ളവോട്ടു വിവാദം യഥാര്‍ത്ഥത്തില്‍ ആരെയാണ് രക്ഷപ്പെടുത്തുന്നത്? ജനാധിപത്യ മൂല്ല്യബോധത്തെ മസില്‍ പവര്‍ കൊണ്ട് പകരം വെക്കലാണ് കള്ളവോട്ട്, ബൂത്ത് പിടുത്തം( Booth Capturing) തെരഞ്ഞെടുപ്പ് പിടുത്തം(Election Capturing) എന്നിവയിലൂടെ നിര്‍വഹിക്കപ്പെടുന്നത്. നമ്മുടെ മിക്കവാറുമെല്ലാ രാഷ്ട്രീയ കക്ഷികളും അവരുടെ പേശീബലത്തിനനുസരിച്ച് ഇതു ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.

ബൂത്ത് ആരുടെ ശക്തികേന്ദ്രത്തിലാണോ അവരാണ് പേശീബലം പ്രയോഗിക്കുക. തങ്ങള്‍ സ്ഥാനാര്‍ത്ഥികളാക്കിയ അപരന്മാരുടെ പേരില്‍ നേടിയെടുക്കുന്ന ബൂത്ത് ഏജന്റുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളോട് വില കൊടുത്തു വാങ്ങിയ ഏജന്റ് പാസ്സ്, സ്വന്തം പാര്‍ട്ടിയുടെ ഏജന്റ് എന്നിവര്‍ ചേരുമ്പോള്‍ മേധാവിത്വമുള്ള പാര്‍ട്ടിക്ക് ബുത്തിനകത്ത് ഒരേ സമയം ആറും ഏഴുമൊക്കെ ബൂത്ത് ഏജന്റ്മാരെ ഇരുത്താന്‍ കഴിയും. ഇത് ബൂത്തിനകത്ത് അവര്‍ക്ക് വലിയ മേധാവിത്വം ഉണ്ടാക്കും. ബൂത്തിന് വെളിയില്‍ എന്തിനും തയാറായ പ്രവര്‍ത്തകര്‍ (ഗുണ്ടകള്‍ ) നിലയുറപ്പിക്കുന്നതോടെ ആ ബൂത്തും ചുറ്റുപാടുകളും ബന്ധപ്പെട്ട കക്ഷിയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാകും.

 

വിരലിലെണ്ണാവുന്ന പോലീസുകാര്‍ക്കോ, പോളിംഗ് ഉദ്യോഗസ്ഥര്‍ക്കോ എതിര്‍ക്കാന്‍ കഴിയാത്ത അവസ്ഥ ഇങ്ങനെ സംജാതമാകും. ഏത് വിധേനയും പോളിംഗ് അവസാനിപ്പിച്ച് പരിക്കുകളില്ലതെ, കേസ്സിലകപ്പെടാതെ, തിരിച്ചു പോകണം എന്നായിരിക്കും അവരുടെ പ്രാര്‍ത്ഥന. മേധാവിത്വമുള്ള പാര്‍ട്ടിയോട് താല്‍പ്പര്യമുള്ള ഉദ്യോസ്ഥരെ വേണ്ടിടങ്ങളിലൊക്കെ, സര്‍വീസ് സംഘടനകളെ ഉപയോഗിച്ച് വിന്യസിക്കുന്ന പതിവുമുണ്ട്.

ഇതോടെ നിയമം കണ്ണുപൊത്തും. കാവല്‍ക്കാര്‍ ആശ്രിതരാകും. എതിര്‍കക്ഷിക്ക് ബൂത്തേജന്റായി ഇരിക്കാന്‍ പോലും ആളെക്കിട്ടി എന്ന് വരില്ല. ഇനി വല്ലവരും ധൈര്യം സംഭരിച്ച് ഇരിക്കാന്‍ തയാറായി വന്നാല്‍ ‘ചുമതലപ്പെട്ടവര്‍’ അവര്‍ക്ക് മാന്യമായി നിര്‍ദ്ദേശം നല്‍കും. പോളിംഗ് ആരംഭിച്ച് മൂന്നോ നാലോ മണിക്കൂര്‍ ബൂത്തിലിരുന്ന് ചായയും പലഹാരങ്ങളുമൊക്കെക്കഴിച്ച ശേഷം സ്ഥലം വിട്ടോളണമെന്നായിരിക്കും നിര്‍ദ്ദേശം. അതനുസരിച്ചില്ലങ്കിലുള്ള ഭവിഷ്യത്ത് അറിയാവുന്നത് കൊണ്ട് അവരത് അക്ഷരം പ്രതി അനുസരിക്കും. ഇല്ലെങ്കില്‍ ബൂത്തിനകത്ത് വെച്ച് പോലും തല്ല് കിട്ടിയെന്നിരിക്കും.

പോളിംഗ് കഴിഞ്ഞ് പോലീസ് വാഹനത്തിനകത്ത് ഇരുത്തി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയില്‍ വാഹനം തടഞ്ഞ്, പിടിച്ചിറക്കി വെട്ടിപരിക്കേല്‍പ്പിക്കപ്പെട്ട ഏജന്റുമാര്‍ വരെ കേരളത്തിലുണ്ട്. തുടര്‍ന്നാണ് വീടുകള്‍ക്ക് നേരെ ആക്രമണം എന്ന പരിപാടി അരങ്ങേറുക. ഇത്തരം പൊല്ലാപ്പുകളൊക്കെ നേരിട്ടും തന്റെ പാര്‍ട്ടിക്ക് വേണ്ടി ഏജന്റായിരിക്കാന്‍ മാത്രം പാര്‍ട്ടിയോട് കൂറുള്ള പ്രവര്‍ത്തകരൊന്നും ഇപ്പോള്‍ ഒരു പാര്‍ട്ടിക്കും താഴെ തലങ്ങളിലില്ല; എന്നതാണ് വാസ്തവം.

 

ബൂത്ത് സ്വന്തം നിയന്ത്രണത്തിലാവുന്നതോടെ ഏതിരാളികളുടെ വോട്ടൊക്കെ ക്യൂ നിന്ന് കുത്തിയിടും. സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടേയുമൊക്കെ വോട്ട് ഇങ്ങനെ ചെയ്യുന്ന പതിവുണ്ട്. ഇത്തരം ബൂത്തുകള്‍ ‘വാവ് ബൂത്ത്’ എന്നാണ് രാഷ്ട്രീയക്കാര്‍ക്കിടയില്‍ അറിയപ്പെടുക. വാവു ദിവസം പരേതാത്മാക്കളൊക്കെ ഭൂമിയിലെത്തും എന്നാണല്ലോ സങ്കല്പം. അതേപോലെ വോട്ടര്‍ പട്ടികയിലെ പരേതര്‍ പോലും അന്ന് വന്ന് വോട്ട് ചെയ്യും എന്ന് ധ്വനി.

90 ശതമാനത്തിലധികം പോളിംഗ് ഉണ്ടാകുന്ന ബൂത്തുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രത്യേകമായി പരിശോധിക്കാന്‍ തുടങ്ങിയതോടെ വോട്ടിംഗ് പരിധി ലംഘിക്കാതിരിക്കാന്‍ നേതാക്കള്‍ ജാഗ്രത പുലര്‍ത്താറുണ്ട്. വോട്ടിംഗിന്റെ തലേ ദിവസം ബൂത്തിലേയ്ക്ക് ആവശ്യമായ വസ്തുവകകള്‍ അതത് മുന്നണികളുടെ തെരഞ്ഞെടുപ്പ് സമിതികള്‍ ബൂത്ത് നേതാക്കളെ ഏല്‍പ്പിക്കും. അതില്‍ പ്രധാനപ്പെട്ട ഒരിനം വോട്ട് ചെയ്തവരുടെ വിരലിലെ മഷിയടയാളം മായ്ക്കാനുള്ള ഒരു ദ്രാവകമാണ്.

ചെറിയ കുപ്പികളില്‍ നിറച്ച്, കയ്യില്‍ തേക്കാനുള്ള ഇയര്‍ബഡ് പോലുള്ള ബ്രഷ് സഹിതമാണ് ഓരോ ബൂത്തിലും എത്തിക്കുക. വോട്ടര്‍ പട്ടികയില്‍ രണ്ടിടത്തും മൂന്നിടത്തുമൊക്കെ പേരുള്ളവര്‍ ഈ ദ്രാവകം ഉപയോഗിച്ച് മഷിയടയാളം മായ്ച്ചു കളഞ്ഞ ശേഷമാണ് അടുത്ത ബൂത്തില്‍ വോട്ടു ചെയ്യാനെത്തുക. പല തവണ മഷിയടയാളം മായ്ച്ച് പലയിടത്തായി കള്ളവോട്ട് ചെയ്യുന്ന വിദഗ്ധരുമുണ്ട്. ഈ ദ്രാവകം ഉപയോഗിച്ച് മഷി മായ്ക്കുമ്പോള്‍ വിരലറ്റം പൊള്ളിക്കുഴിഞ്ഞു പോയവരുമുണ്ട്. പക്ഷേ ഒന്നിലധികം വോട്ട് ചെയ്യുന്നതിന്റെ ത്രില്ലില്‍ അതൊന്നും ആരും കാര്യമാക്കാറില്ല. ഏറ്റവും അപഹാസ്യമായ വസ്തുത, ഈ ദ്രാവകത്തിന് നല്‍കിയിരിക്കുന്ന വിളിപേര് ‘ജനാധിപത്യം’ എന്നാണന്നെതാണ്.

 

തെരഞ്ഞെടുപ്പിന് തൊട്ടുതലേന്നാള്‍ സന്ധ്യയോടെയെങ്കിലും ‘ജനാധിപത്യം’ ബൂത്തുകളിലെത്തിയില്ലങ്കില്‍ പ്രവര്‍ത്തകന്മാരുടെ വേവലാതി ഒന്നു കാണേണ്ടത് തന്നെയാണ്. എല്ലാ പാര്‍ട്ടിക്കാര്‍ക്കാര്‍ക്കും’ജനാധിപത്യം’ സ്ഥിരമായി എത്തിക്കുന്നത് ഒരേ ഏജന്‍സികള്‍ തന്നെയാണ്. പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും ചായ, ഭക്ഷണം ഒക്കെ തയാറാക്കിയിരിക്കും. ഇപ്പോള്‍ മദ്യവും പലയിടത്തും ഒഴിച്ചുകൂട്ടാന്‍ വയ്യാത്ത ഇനമായിട്ടുണ്ട്.

മറ്റൊരു പ്രധാന പരിപാടി ഓപ്പണ്‍ വോട്ടെന്നറിയപ്പെടുന്ന പരസഹായ വോട്ടാണ്. (Companion vote). ഒരു ബൂത്തിലെ ആയിരത്തോളം വോട്ടര്‍മാരില്‍ പത്തോ പതിനഞ്ചോ പേര്‍ക്ക് വോട്ടു ചെയ്യാന്‍ പരസഹായം ആവശ്യമായി വന്നേയ്ക്കാം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. കണ്ണിന് തീരെ കാഴ്ചയില്ലാത്തവര്‍, ബൂത്തില്‍ വോട്ടിംഗ് സെഗ്മെന്റിനകത്ത് നില്‍ക്കാന്‍ ശേഷിയില്ലാത്തവര്‍, കൈവിറയലുള്ളവര്‍, എന്നിവര്‍ക്കൊക്കെ തങ്ങളുടെ ഏറ്റവും അടുത്ത ബന്ധുവിന്റെയോ, വിശ്വസ്തരുടേയോ സഹായം തേടാം എന്നാണ് വ്യവസ്ഥ.

ഇത് പ്രിസൈഡിഗ് ഓഫീസര്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടാല്‍, അവരാവശ്യപ്പെട്ടാല്‍ നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷ പൂരിപ്പിച്ച് ഒപ്പിട്ട് വാങ്ങി വെയ്ക്കും. എന്നിട്ട് വോട്ടറെ ബൂത്തിനകത്ത് ഇരുത്തിയ ശേഷം സഹായിയെ വോട്ടു ചെയ്യാന്‍ അനുവദിക്കും. ഒരാള്‍ക്ക് ഒരു തെരഞ്ഞെടുപ്പില്‍ ഒരു വോട്ടറെ ഇങ്ങനെ സഹായിക്കാം. അതിനേ അനുമതിയുള്ളൂ. ചെയ്തയാളെ തിരിച്ചറിയുന്നതിന് വലത് കൈവിരലില്‍ മഷിയടയാളം പതിക്കുകയും വേണം. എന്നാല്‍ ഈ സംവിധാനത്തെ ജനാധിപത്യം അട്ടിമറിയ്ക്കാനാണ് രാഷ്ടീയകക്ഷികള്‍ ഉപയോഗിക്കുന്നത്.

 

ബൂത്തില്‍ ആധിപത്യമുള്ള കക്ഷി ഒരു ബൂത്തില്‍ത്തന്നെ നൂറും നൂറ്റമ്പതും സഹായ വോട്ടുകള്‍ ചെയ്യുന്നത് ഇപ്പോള്‍ പതിവാണ്. മുന്നണികള്‍ തലേ ദിവസം ബൂത്ത് കമ്മറ്റിക്ക് നല്‍കുന്ന വസ്തുവകകളില്‍ ഒരിനം, കമ്പാനിയന്‍ വോട്ടിനുള്ള അച്ചടിച്ച ഫോറങ്ങളുടെ ഒരു കെട്ടായിരിക്കും. ഇരുന്നൂറ്റി അമ്പതോളം ഫോറങ്ങളാണ് ഓരോ ബൂത്തിനും നല്‍കുക. തങ്ങള്‍ക്ക് സംശയമുള്ളവരേയും ഇത്തിരി പ്രായകൂടുതലുള്ളവരേയും ‘ഓപ്പണ്‍വോട്ടാ’യി നിശ്ചയിച്ച് സഹായിയുടെ പേര് സഹിതം നേരത്തെ പട്ടിക തയാറാക്കിയിരിക്കും.

തലേന്നാള്‍ രാത്രി തന്നെ സഹായിയുടെ പേരും ഒപ്പുമൊക്കെ ചേര്‍ത്ത് ഫോറം പൂരിപ്പിച്ച് തയാറാക്കി വെയ്ക്കും.പുലര്‍ചെ വോട്ടിംഗ് തുടങ്ങുന്നതിന് വളരെ നേരത്തെ തന്നെ ഇത്തരക്കാരെ വാഹനങ്ങളില്‍ ശേഖരിച്ച് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലോ ഏതെങ്കിലും വീട്ടിലോ എത്തിക്കും. അവിടെ വെച്ച് ചായയും ഭക്ഷണവുമൊക്കെ യഥേഷ്ടം നല്‍കും. ബൂത്തിലെ തിരക്കും എതിരാളികളുടെ സാന്നിദ്ധ്യവുമൊക്കെ പരിഗണിച്ച് വാഹനങ്ങളില്‍ കൊണ്ടുപോയി വോട്ടു രേഖപ്പെടുത്തി തിരികെ വീട്ടിലെത്തിക്കും.

ഒരു മുണ്ടോ, മുറുക്കാന്‍ കാശോ ഒക്കെ കൈമടക്കായി കൊടുക്കും. മറ്റ് വലിയ പ്രയോജനമൊന്നുമില്ലാത്ത വയസ്സാന്‍ കാലത്ത് നല്ല ഭക്ഷണമോ കൈമടക്കോ കിട്ടുന്നത് കൊണ്ട് ഇവരുടെ കൂടെ അയക്കാന്‍ ബന്ധുക്കള്‍ക്കും താല്‍പ്പര്യമായിരിക്കും സ്വാധീനമുള്ളവരെ അയച്ചാണ് ‘ഓപ്പണ്‍ വോട്ട്’ നേരത്തെ തന്നെ ഉറപ്പിക്കുക. സ്വാധീനമുള്ള കക്ഷികള്‍ നൂറും നൂറ്റമ്പതുമൊക്കെ വോട്ടുകള്‍ ഇത്തരത്തില്‍ ഒരു ബൂത്തില്‍ തന്നെ ചെയ്യും.

 

ആരും ചോദ്യം ചെയ്യുന്നില്ലങ്കില്‍ ഉദ്യോഗസ്ഥര്‍ പൊതുവേ ഈ സമ്പ്രദായത്തെ എതിര്‍ക്കാറുമില്ല. എന്നാല്‍ ഔദ്യോഗിക രേഖകളില്‍ പത്തോ പതിനഞ്ചോ കമ്പാനിയന്‍ വോട്ടുകളെ അവര്‍ രേഖപ്പെടുകയുള്ളൂ. ബാക്കി ഫോറങ്ങളൊക്കെ നശിപ്പിച്ച് സാധാരണ നിലയില്‍ വോട്ടു രേഖപ്പെടുത്തിയതായാണ് രേഖകള്‍ സമര്‍പ്പിക്കുക.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടേയും പോലീസുകാരുടേയും ബാലറ്റുകള്‍ ഒന്നിച്ച് ശേഖരിക്കുന്ന ഒരു പരിപാടിയുണ്ട്. സ്വാധീനമുള്ള സര്‍വീസ് സംഘടനകള്‍, ഗസറ്റഡ് ഓഫീസര്‍മാരുടെ സംഘടനകള്‍, എന്നിവയിലൂടെയാണ് പ്രധാനമായും ഇത് നടപ്പിലാക്കുക. തനിയ്ക്ക് വോട്ടവകാശമുള്ള നിയോജക മണ്ഡലത്തില്‍ത്തന്നെയാണ് ഡ്യൂട്ടിയെങ്കില്‍, ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കേറ്റ് (EDC) ഉപയോഗിച്ച് അവിടെത്തന്നെ വോട്ട് ചെയ്യാന്‍ ഇപ്പോള്‍ അവസരമൊരുക്കിയതോടെ പോസ്റ്റല്‍ ബാലറ്റുകള്‍ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. നേരത്തെ നൂറുകണക്കിന് പോസ്റ്റല്‍ ബാലറ്റുകളാണ് ഓരോ മണ്ഡലത്തിലുമുണ്ടാകുക.

പോസ്റ്റല്‍ വോട്ട് ചെയ്യേണ്ടയാളെ സഹായിക്കുന്നു എന്ന വ്യാജേനയാണ് ഈ പരിപാടി ആരംഭിച്ചത്. തപാലില്‍ അയച്ചു കിട്ടുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ ഒന്നൊഴിയാതെ സര്‍വീസ് സംഘടനാ നേതാക്കള്‍ ശേഖരിക്കും. അവ പാര്‍ട്ടി ഓഫീസിലെത്തിച്ച് ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തും. ഗസറ്റഡ് ഓഫീസര്‍മാരാരെങ്കിലും വന്ന് അവയൊക്കെ സാക്ഷ്യപ്പെടുത്തും.

പിന്നീട് കവറിലിട്ട് ഒട്ടിച്ച് ഒന്നിച്ച് കൗണ്ടിംഗ് സ്റ്റേഷനില്‍ എത്തിക്കുകയാണ് പതിവ്. ഇങ്ങനെ വലിയ കെട്ടുകളായി ഒരാള്‍ തന്നെ ബാലറ്റ് കവര്‍ കൊണ്ടുവരുന്നതിനെ ചില ഉത്തരേന്ത്യന്‍ നിരീക്ഷകര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ ചെറിയ കെട്ടുകളാക്കി പലരായി എത്തിക്കകയാണ് ഇപ്പാഴത്തെ രീതി.

 

അധികാരവും സ്വാധീനവുമുള്ള സര്‍വ്വീസ് സംഘടനാ നേതാക്കളെ പിണക്കിയാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ (സ്ഥലം മാറ്റം, നല്ല വരുമാനമുള്ള സീറ്റുകള്‍ നഷടമാകല്‍ തുടങ്ങി പലതുണ്ട് പ്രശ്‌നങ്ങള്‍) കണക്കിലെടുക്കുമ്പോള്‍ മിക്കവാറും ജീവനക്കാര്‍ പോസ്റ്റല്‍ ബാലറ്റ് സംഘടനാ നേതാക്കളെ ഏല്‍പ്പിക്കുകയാണ് പതിവ്. ജീവനക്കാര്‍ വോട്ട് രേഖപ്പെടുത്താതെയാണ് ബാലറ്റ് കവര്‍ കൈമാറുക.

ചില വിരുതന്മാര്‍ തന്റെ ഇഷ്ടത്തിന് വോട്ട് ചെയ്ത് ബാലറ്റ് കവര്‍ ഒട്ടിച്ചാണ് ഏല്ലിക്കുക. അതും തുറന്ന് നോക്കി ഉറപ്പു വരുത്തിയ ശേഷമേ കൗണ്ടിംഗ് സ്‌റേറഷനിലെത്തിക്കൂ. അതിന് ചില സാങ്കേതിക വിദഗ്ധരുണ്ട്. ഒട്ടിച്ച കവര്‍ ഒരു വേപ്പറൈസറിന് മുകളിലെ ചൂടുള്ള നീരാവിയില്‍ കാണിച്ചാല്‍ പരിക്കേല്‍പ്പിക്കാതെ കവര്‍ തുറക്കാം.

വോട്ട് മാര്‍ക്ക് ചെയ്തത് തങ്ങളുദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് തന്നെയാണങ്കില്‍ ഗസറ്റസ് ഓഫീസറുടെ സാക്ഷ്യപത്രം ഉള്‍പ്പെടെ ബന്ധപ്പെട്ട കവറില്‍ ഇട്ട് ഒട്ടിച്ച് വെയ്ക്കും. ഇനി എതിരാളിക്കാണ് വോട്ട് മാര്‍ക്കു ചെയ്തതെങ്കില്‍ സൂഷ്മമായി അത് മായ്ച്ച്, തങ്ങളുടെ ചിഹ്നത്തില്‍ പുതിയ മാര്‍ക്ക് രേഖപ്പെടുത്തും. മായ്ക്കാന്‍ കഴിയാത്ത വിധമാണ് വോട്ട് ചെയ്തതെങ്കില്‍ അത്തരം ബാലറ്റുകള്‍ നശിപ്പിച്ചു കളയും.

 

വോട്ടു തങ്ങള്‍ക്കിഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് ചെയ്ത ശേഷം അത് മറച്ചുവെച്ച് ‘ഞാന്‍ നിങ്ങളുടെ ആളാണ്’ എന്ന് വരുത്താനാണ് ഇങ്ങനെ ബാലറ്റ് കൈമാറുന്നത്. ബാലറ്റ് പുറത്തെടുത്ത് വോട്ട് മാറ്റി ചെയ്യുന്ന ‘കടുവയെ പിടിക്കുന്ന കിടുവ’ കളാണ് സര്‍വീസ് സംഘടനാ നേതാക്കള്‍ എന്ന് വിരുതശിരോമണികളായ ജീവനക്കാര്‍ ഒരിക്കലും അറിയുന്നുമില്ല.

അടുത്ത തെരഞ്ഞെടുപ്പിനും അയാളോട് ബാലറ്റ് പേപ്പര്‍ വാങ്ങിയെടുക്കണമെന്നത് കൊണ്ട് നേതാക്കള്‍ വിവരം രഹസ്യമായി സൂക്ഷിക്കുമെങ്കിലും അയാള്‍ എന്നും നോട്ടപ്പുള്ളിയായിരിക്കും.

മേല്‍ വിവരിച്ച കാര്യങ്ങളൊക്കെ കേരളത്തില്‍ ഏതെങ്കിലുമൊരു പാര്‍ട്ടി മാത്രം ചെയ്യുന്ന ജനാധിപത്യവിരുദ്ധ പ്രവൃത്തിയാണ് എന്ന് പ്രചരിപ്പിക്കുന്നത് അസംബന്ധമാണ്. ഓരോരോ പോക്കറ്റുകളിലും ഓരോരുത്തര്‍ക്കുമുള്ള സ്വാധീനമനുസരിച്ച് ഏറിയും കുറഞ്ഞുമിത് എല്ലാവരും ചെയ്യുന്നുണ്ട്. കേരളമാകെയെടുത്താല്‍ ബഹുജന സ്വാധീനവും പാര്‍ട്ടി ഗ്രാമങ്ങളും കായിക ശേഷിയും സര്‍വീസ് സംഘടനാ സ്വാധീനവുമൊക്കെ കൂടുതലുള്ള പാര്‍ട്ടി സി.പി.ഐ (എം) ആയത് കൊണ്ട്, അവരാണിതില്‍ ഒന്നാം സ്ഥാനത്ത് എന്ന് ആരെങ്കിലും പറഞ്ഞാല്‍, അതിനെ വസ്തുതാപരമായി നിഷേധിക്കാനാവില്ല.

കേരളത്തില്‍ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്.(IUML) അവരുടെ ശക്തികേന്ദ്രങ്ങളിലെല്ലാം ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ ആരാലും ചോദ്യം ചെയ്യപ്പെടാതെ നിര്‍ബാധം ഇന്നും തുടരുന്നുണ്ട്.

കടലോര മേഖലയിലും മറ്റും ഒരേ വീട്ടുപേരില്‍ പത്തും നാല്‍പ്പതും വീടുകളൊക്കെ ഉണ്ടാകും.അവിടെ വോട്ടര്‍മാരെ പരസ്പരം തിരിച്ചറിയുക അങ്ങേയറ്റം പ്രയാസകരമാണ്. ‘മേപ്പാടകത്ത്’ എന്ന വീട്ടുപേരിലുള്ള കുറേയധികം വീടുകളുണ്ട് എന്ന് കരുതുക. ‘മേപ്പാടകത്ത് ആയിഷ’ എന്ന വോട്ടറെ എങ്ങിനെ ആര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും? ആയിഷ എന്ന പേരില്‍ അവിടെ നൂറ് കണക്കിന് വോട്ടര്‍മാരുണ്ടാവുകയും ചെയ്യും.

 

മറ്റൊരു കാര്യം മുസ്‌ലീം സ്ത്രീകള്‍ പര്‍ദ്ദ ധരിച്ചാണ് മിക്കവാറും വോട്ട് ചെയ്യാനെത്തുക. പര്‍ദ്ദ നീക്കി മുഖം കാണണമെന്ന് ആരെങ്കിലുമാവശ്യപ്പെട്ടാല്‍ ഉടന്‍ മതവികാരം വ്രണപ്പെടും. പിന്നെത്തെ കഥ പറയാതിരിക്കുകയാവും നല്ലത്. പുരുഷന്മാരെ വരെ പര്‍ദ്ദയണിയിച്ച് കള്ളവോട്ട് ചെയ്യിച്ചതിന്റെ കഥകള്‍ ഈ ലേഖകനറിയാം. കോണ്‍ഗ്രസ്സിന്റെ സംഘടനാ സംവിധാനം ആകെ തകരുകയും അവരുടെ ശക്തി കേന്ദ്രങ്ങളില്‍പ്പോലും ഇവരുടെ പ്രഹരശേഷി കുറയുകയും ചെയ്തിട്ടുണ്ട്. ഇതംഗീകരിക്കുമ്പോഴും കഴിവനുസരിച്ച് അവരും ഈ ജനാധിപത്യവിരുദ്ധ പ്രക്രിയയില്‍ ഇപ്പോഴും പങ്കാളികളാകുന്നുണ്ട്. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പാണങ്കില്‍ എതിരാളികള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ‘കോണ്‍ഗ്രസ്സ് പാര്‍ട്ടി ഗ്രാമങ്ങള്‍’ കേരളത്തിലുണ്ടായിരുന്നു.

സംഘ പരിവാര്‍ നിയന്ത്രണത്തിലുള്ള പോക്കറ്റുകളില്‍ എതിരാളികളുടെ ഇലയനക്കങ്ങള്‍ പോലും അവര്‍ അനുവദിയ്ക്കാറില്ല എന്ന വസ്തുത ആര്‍ക്കാണറിയാത്തത്? അവര്‍ക്ക് സ്വാധീനമുള്ള ബൂത്തുകളില്‍ എതിര്‍ പാര്‍ട്ടികളുടെ ഏജന്റ്മാരെപ്പോലും ഇരിക്കാന്‍ അനുവദിക്കാത്തതിന്റെ വാര്‍ത്തകള്‍ പലതവണ പുറത്തു വന്നിട്ടുമുണ്ട്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളൊക്കെ വന്നതോടെ കള്ളവോട്ടിന്റെ വ്യാപ്തി കുറഞ്ഞിട്ടുണ്ടാവാം. എന്നാല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ചില സ്ഥാപനങ്ങളുടെ പേരില്‍ അച്ചടിച്ചുണ്ടാക്കി കള്ളവോട്ട് ചെയ്യിക്കുന്ന വിദഗ്ധരുമുണ്ട്.

വെബ് ക്യാമറയും വെബ്കാസ്റ്റിംഗുമൊക്കെ യാഥാര്‍ത്ഥ്യമായതോടെ ഇന്നത്തെ നിലയില്‍ കള്ളവോട്ട് ഇനിയും തുടരും എന്ന് കരുതാനാവില്ല. അതിനര്‍ത്ഥം കള്ളവോട്ട് തന്നെ ഇല്ലാതാവുമെന്നല്ല. ജനാധിപത്യത്തെ അട്ടിമറിയ്ക്കുന്നതില്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഒരു മനസാക്ഷിക്കുത്തുമില്ലാത്തിടത്തോളം അവര്‍ ജനഹിതം അട്ടിമറിക്കാന്‍ പുതിയ വഴികള്‍ അന്വേഷിക്കുകയും വികസിപ്പിക്കുകയും തന്നെയാണ് ചെയ്യുക.

 

രാഷ്ട്രീയ കൊലപാതങ്ങള്‍ പോലെ തന്നെ ജനഹിതത്തെ മസില്‍ പവര്‍ ഉപയോഗിച്ച് അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്ന നടപടിയാണിത്. ഇതും തെരഞ്ഞെടുപ്പിലെ മറ്റ് അത്യാചാരങ്ങളും അങ്ങേയറ്റം അരാഷ്ട്രീയമായ നടപടി തന്നെയാണ്. അതിനെ പരോക്ഷമായെങ്കിലും ന്യായീകരിക്കേണ്ടി വരുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂഷണമാവില്ല. വ്യവസ്ഥാമാറ്റം സ്വപ്നം കാണുന്നു എന്നവകാശപ്പെടുന്ന ഇടതുപക്ഷത്തിന്ന് ഇത് ഒട്ടും ഭൂഷണമായ കാര്യമല്ല. താല്‍ക്കാലികമായി ചില പാര്‍ലമെന്ററി സ്ഥാനങ്ങള്‍ കയ്യടക്കാന്‍ സ്വീകരിക്കുന്ന ഇത്തരം ഹീനമായ നടപടികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തങ്ങളുടെ നിലനില്‍പ്പിനെ പോലും അപകടപ്പെടുത്തുകയാണ് ചെയ്യുക.

മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും പോലെ അധികാരം ആത്യന്തിക ലക്ഷ്യമായി കരുതുന്ന ഒരു പാര്‍ലമെന്ററി അവസരവാദ പാര്‍ട്ടിയായി ഇടതുപക്ഷവും മാറിത്തീരാന്‍ ഇതും കാരണമായിട്ടുണ്ട്. കേരളത്തില്‍ വിശേഷിച്ച്, കടുത്ത മാധ്യമ വിചാരണകള്‍ക്ക് വിധേയമാകുന്നവര്‍ എന്ന നിലയില്‍, ഇത്തരം കാര്യങ്ങളില്‍ നല്ല ജാഗ്രത പുലര്‍ത്താന്‍ ഇടതുപക്ഷത്തിന് ബാധ്യതയുണ്ട്. ആനുപാതിക പ്രതിനിധ്യം പോലെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തന്നെ കൂട്ടുതല്‍ വികസിത രൂപങ്ങളിലേയ്ക്ക് രാജ്യം വികസിക്കണമെന്നാഗ്രഹിക്കുന്നവരും ആവശ്യപ്പെടുന്നവരാണല്ലോ ഇടതുപക്ഷം. ഇവര്‍ തന്നെ ഇത്തരം നടപടികളിലൂടെ സ്വയം പരിക്കുകള്‍ ഏറ്റുവാങ്ങുന്നത് അത്ര ചെറിയ കാര്യമല്ല.

 

കള്ളവോട്ട്, ബൂത്ത് പിടുത്തം എന്നിവയൊക്കെ മോദിയുടെ നേതൃത്വത്തിലുള്ള സവര്‍ണ്ണ കോര്‍പ്പറേറ്റ് ഭരണകൂടത്തിന് കേവലം ചെറുകിട( Petty) ഇടപാടുകളാണ്. കോര്‍പ്പറേറ്റുകളുടെ സഹായത്തോടെ, ഇന്ത്യയിലെ സാധാരണ മനുഷ്യന്റെ ജീവിത പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ ചര്‍ച്ചയാവുന്നതിനെ അട്ടിമറിച്ച്, അജണ്ടകള്‍ മാറ്റി നിശ്ചയിച്ച്, തെരഞ്ഞെടുപ്പ് തന്നെ പിടിച്ചെടുക്കാനുള്ള (Election Capturing) ശ്രമത്തിലാണവര്‍.

തെരഞ്ഞെടുപ്പിന്റെ കേന്ദ്ര ബിന്ദുവാകേണ്ട, ഇന്ത്യന്‍ ജനതയുടെ യഥാര്‍ത്ഥ ജീവിത പരിസരത്ത് നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ മാത്രമേ ഇന്നത്തെ വിവാദങ്ങള്‍ സഹായകമാകൂ. അത് വഴി സംരക്ഷിക്കപ്പെടുക സവര്‍ണ്ണ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ജനാധിപത്യത്തെ തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ കഴിയുന്ന, സംഘടനയിലും പ്രത്യയശാസ്ത നിലപാടുകളിലും തന്മാത്രാ തലത്തില്‍ തന്നെ, ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ഒരു ഇടതുപക്ഷത്തിനേ ഇനിയങ്ങോട്ട് നിലനില്‍ക്കാനാവൂ എന്ന യഥാര്‍ത്ഥ്യം എത്ര വേഗത്തില്‍ തിരിച്ചറിയുന്നുവോ, അത്രത്തോളം ഇടതുപക്ഷത്തിന് ഭാവിയുണ്ടാകും.

 

എന്‍.വി ബാലകൃഷ്ണന്‍
രാഷ്ട്രീയ നിരീക്ഷകന്‍