മലയാള സിനിമകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയനായ നടനാണ് ബോബന്‍ ആലുംമൂടന്‍. അന്തരിച്ച മലയാള നടന്‍ ആലുംമൂടന്റെ മകനാണ് അദ്ദേഹം. 1999ല്‍ കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ പ്രകാശ് മാത്യു എന്ന കഥാപാത്രത്തിലൂടെയാണ് ബോബന്‍ അഭിനയരംഗത്തേക്ക് കടന്നുവന്നത്.
തന്റെ പിതാവ് ആലുംമൂടനെ കുറിച്ച് സംസാരിക്കുകയാണ് ബോബന്‍ ആലുംമൂടന്‍. ആലുംമൂടന്റെ മകന്‍ എന്ന പരിഗണന എല്ലാകാലത്തും തനിക്ക് കിട്ടിയിട്ടുണ്ടെന്നും ഇപ്പോഴും തന്റെ ഏറ്റവും വലിയ വിലാസം അതുതന്നെ ആണെന്നും ബോബന്‍ ആലുംമൂടന്‍ പറയുന്നു. ആറ് മക്കളില്‍ താന്‍ മാത്രമാണ് സിനിമയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അദ്വൈതം എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് പിതാവ് ആലുംമൂടന്‍ മരിച്ചതെന്നും ബോബന്‍ പറയുന്നു. ഒരു സീനില്‍ മോഹന്‍ലാലിന്റെ കാലില്‍ വീഴുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു എന്നും എന്നാല്‍ ഷോട്ട് കഴിഞ്ഞിട്ടും ആലുംമൂടന്‍ എഴുന്നേറ്റില്ലെന്നും അപ്പോഴേ അദ്ദേഹം മരിച്ചിരുന്നുവെന്നും ബോബന്‍ കൂട്ടിച്ചേര്‍ത്തു.
എം.ജി. സോമാനാണ് വീട്ടില്‍ വിളിച്ച് പിതാവിന്റെ മരണ വാര്‍ത്ത അറിയിച്ചതെന്നും പെട്ടെന്നുള്ള ആ വിയോഗം തങ്ങളെ വല്ലാതെ ഉലച്ചുവെന്നും അദ്ദേഹം പറഞ്ഞു. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബോബന്‍ ആലുംമൂടന്‍.
‘ആലുംമൂടന്റെ മകന്‍ എന്ന പരിഗണന എല്ലാകാലത്തും കിട്ടിയിട്ടുണ്ട്. ഇപ്പോഴും എന്റെ ഏറ്റവും വലിയ വിലാസം അതുതന്നെയാണ്. അച്ചായനെ കണ്ടു വളര്‍ന്നതിനാലാകാം, ചെറുപ്പം മുതലേ അഭിനയത്തോടുള്ള മോഹം കലശലായിരുന്നു. ആറ് മക്കളില്‍ നാലാമനായ ഞാന്‍ മാത്രമാണ് ഈ മേഖലയിലേക്ക് എത്തിയതും. എന്റെ ഇഷ്ടം അറിയാവുന്നതിനാല്‍ 1991ല്‍ ‘ശാന്തിനിലയം’ സിനിമയില്‍ അച്ചായന്‍ (ആലുംമൂടന്‍) പറഞ്ഞതനുസരിച്ച് ഒരു വേഷം കിട്ടിയതാണ്. പക്ഷേ സിനിമ റിലീസായില്ല.
കോഴിക്കോട് ‘അദ്വൈതം’ എന്ന സിനിമയുടെ ഷൂട്ടിനിടെ 1992 മെയ് മൂന്നിനാണ് അച്ചായന്‍ മരിച്ചത്. ഒരു സീനില്‍ മോഹന്‍ലാലിന്റെ കാലില്‍ വീഴുന്ന രംഗം ചിത്രീകരിക്കുകയാണ്. ഷോട്ട് തീര്‍ന്നിട്ടും അച്ചായന്‍ എഴുന്നേറ്റില്ല. അപ്പോഴേ മരിച്ചിരുന്നു. എം.ജി. സോമേട്ടനാണ് വീട്ടില്‍ വിളിച്ച് വിവരം പറഞ്ഞത്. മരിക്കുമ്പോള്‍ അച്ചായന് 58 വയസേയുള്ളു.
പെട്ടെന്നുള്ള ആ വിയോഗം ഞങ്ങളെ വല്ലാതെ ഉലച്ചു. കുടുംബത്തിന്റെ സുരക്ഷിതത്വത്തില്‍ വലിയ ശ്രദ്ധയുള്ള ആളായിരുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായില്ലെങ്കിലും അച്ചായന്റെ അസാന്നിധ്യം സൃഷ്ടിച്ച ശൂന്യത ഇപ്പോഴും അവശേഷിക്കുന്നു.
അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ വീണ് മരിക്കുന്നത് നടന്റെ ഭാഗ്യം എന്നൊക്കെ മറ്റുള്ളവര്‍ക്ക് ആലങ്കാരികമായി പറയാം. പക്ഷേ നടന്റെ വീട്ടുകാരെ സംബന്ധിച്ച് അതൊട്ടും സന്തോഷകരമല്ല. അവര്‍ക്കത് ഭര്‍ത്താവിന്റെയോ പിതാവിന്റെയോ എന്നേക്കുമായുള്ള ഇല്ലാതാകലാണല്ലോ,’ ബോബന്‍ ആലുംമൂടന്‍ പറയുന്നു.
Content Highlight: Boban Alumoodan talks about his father Alumoodan