| Friday, 11th July 2025, 11:36 am

സിനിമ ലഭിക്കാൻ അവസരങ്ങൾ ചോദിക്കാറില്ല, നിറം നല്ലൊരു തുടക്കം: ബോബൻ ആലുംമൂടൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിറം സിനിമയിലെ പ്രകാശ് മാത്യു എന്ന ഒറ്റക്കഥാപാത്രം മതി ബോബൻ അലുംമൂടൻ എന്ന നടനെ എപ്പോഴും ഓർക്കാൻ. പിന്നീട് മലയാളം സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും ശ്രദ്ധേയനായി. ഇപ്പോൾ നിറത്തിലെത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ബോബൻ ആലുംമൂടൻ.

നിർമാതാവ് രാധാകൃഷ്‌ണൻ വഴിയാണ് നിറം സിനിമയിലേക്ക് അവസരം ലഭിച്ചതെന്നും ശാലിനിയുമായുള്ള കോംബിനേഷൻ ആണ് ആദ്യം എടുത്തതെന്നും ബോബൻ പറയുന്നു.

നിറം സിനിമ നല്ല തുടക്കമായിരുന്നെന്നും എന്നാൽ പിന്നീട് സീരിയലിൽ തിരക്കായെന്നും അദ്ദേഹം പറഞ്ഞു. കല്ല്യാണരാമനും തൊമ്മനും മക്കളും പോലുള്ള ചിത്രങ്ങളിലെ വേഷങ്ങൾ സമാനസ്വഭാവമുള്ളതായിരുന്നെന്നും താൻ സിനിമക്ക് വേണ്ടി അവസരം ചോദിച്ചിട്ടില്ലെന്നും ബോബൻ കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിർമാതാവ് രാധാകൃഷ്‌ണൻ ചേട്ടൻ വഴിയാണ് നിറത്തിൽ അവസരം ലഭിച്ചത്. അദ്ദേഹം പറഞ്ഞതനുസരിച്ച് ചിത്രത്തിന്റെ പൂജയുടെ അന്ന് സംവിധായകൻ കമൽ സാറിനെ ചെന്നുകണ്ടു. അദ്ദേഹത്തിന് എന്നെ ഇഷ്ട‌മായി. കഥ പറഞ്ഞു തന്നു.

ശാലിനിയുമായുള്ള കോംബിനേഷൻ ആണ് ആദ്യം എടുത്തത്. അത് ഓക്കെ ആയതോടെ എൻ്റെ വേഷം ഉറച്ചു. നിറം നല്ല തുടക്കമായിരുന്നു. അതിന്റെ നേട്ടം സിനിമയിൽ പിന്നീട് ലഭിച്ചില്ല. അപ്പോഴേക്കും സീരിയലിൽ തിരക്കായി. മനോരമ വിഷൻ്റെ റോസസ് ഇൻ ഡിസംബർ ആണ് ആദ്യ സീരിയൽ. പിന്നീട് കല്ല്യാണരാമനും തൊമ്മനും മക്കളും പോലുള്ള സിനിമകളിൽ അഭിനയിച്ചെങ്കിലും സമാനസ്വഭാവമുള്ള വേഷങ്ങളായിരുന്നു.

ഞാനങ്ങനെ സിനിമക്ക് വേണ്ടി കാര്യമായി അവസരങ്ങൾ ചോദിക്കാറില്ലെന്നതാണ് മറ്റൊരു കാരണം. മാത്രമല്ല, ഷൂട്ട് തീർന്നാൽ എത്രയും പെട്ടെന്ന് വീട്ടിലെത്തുന്നതാണ് എന്റെ രീതി. അമ്മച്ചി, ഭാര്യ, മക്കൾ, സഹോദരങ്ങളൊക്കെ ചേരുന്ന കൊച്ചു ലോകമാണ് എൻ്റേത്. അതിലാണ് സന്തോഷം കണ്ടെത്തുന്നതും,’ ബോബൻ ആലുംമൂടൻ പറയുന്നു.

Content Highlight: Boban Alumoodan talking about Niram Movie

We use cookies to give you the best possible experience. Learn more