ബി.എം.എസ് സംസ്ഥാന നേതാവിന്റെ നേതൃത്വത്തിലാണ് സമ്മേളനം അലങ്കോലമാക്കിയത്. സംസ്ഥാന നേതാവും സംഘവും അതിക്രമിച്ച് വേദിയില്‍ കയറിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പിയുടെയും ബി.എം.എസിന്റെയും നയങ്ങള്‍ക്കെതിരെ സംഘടനയിലെ ചില നേതാക്കള്‍ നിലപാടെടുത്തത് അക്രമികളെ പ്രകോപിപ്പിച്ചതായാണ് നിഗമനം.
ഉദ്ഘാടന സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ബി.എം.എസ് നേതാവ് സ്വയം പരിചയപ്പെടുത്തുന്നതിനായി വേദി കൈയേറുകയായിരുന്നു. നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികളടക്കമുള്ള ബി.എം.എസ് പ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് ഇയാള്‍ വേദിയില്‍ കയറിയത്.
പിന്നാലെ ഇവരില്‍ ചിലര്‍ പരിപാടി നടന്ന വേദിയിലും ഹോട്ടലിന്റെ മുമ്പിലും ബി.എം.എസിന്റെ കൊടി കെട്ടി. തുടര്‍ന്ന് ബി.എം.എസിന്റെ കൊടിയും ചിഹ്നവും ഉപയോഗിക്കാതെ സമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് വിവരം.
അനുവാദമില്ലാതെ ഭാരവാഹികളെ തെരഞ്ഞെടുത്താല്‍ വധിക്കുമെന്ന് ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ പാടുള്ളൂവെന്നും മുന്നറിയിപ്പ് നല്‍കി.
എ.ഐ.ടി.ഐ ഭാരവാഹികളെ ബി.എം.എസ് നേതാക്കള്‍ തീവ്രവാദികളെന്ന് വിളിച്ച് അധിക്ഷേപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഭാരവാഹികളെ തെരഞ്ഞെടുത്ത ശേഷമാണ് എ.ഐ.ടി.ഐ സമ്മേളനം അവസാനിപ്പിച്ചത്.
ഇതിനിടെ, തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പിരിച്ചുവിടുമെന്നും വേണ്ടിവന്നാല്‍ വീട്ടില്‍ കയറി വെട്ടുമെന്നും ബി.എം.എസ് നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
അടുത്തിടെയാണ് എ.ഐ.ടി.ഐയെ ബി.എം.എസുമായി അഫിലിയേറ്റ് ചെയ്തത്. ഇതിന് സമാനമായി വിവിധ സംഘടനകള്‍ ബി.എം.എസുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ വിവിധ രാഷ്ട്രീയ അനുഭാവം ഉള്ളവരും ഉള്‍പ്പെടുന്നു.
Content Highlight: BMS disrupts BSNL engineers conference, alleging that their flagpoles were not erected