| Sunday, 26th January 2025, 11:01 am

കാഴ്ചയിലെ ആ സീന്‍ കണ്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പരോളിനിറങ്ങിയ ഒരാള്‍ എനിക്കൊരു കത്തയച്ചു: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ പത്മരാജനൊപ്പം സഹ സംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ബ്ലെസി. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം 2004ലാണ് ബ്ലെസി ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനായി എത്തിയ കാഴ്ചയായിരുന്നു ആ സിനിമ.

പിന്നീട് ആ സിനിമ മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറുകയും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. ശേഷം തന്മാത്ര, പളുങ്ക്, ഭ്രമരം, പ്രണയം, കല്‍ക്കട്ട ന്യൂസ്, കളിമണ്ണ് തുടങ്ങി ഏറ്റവും ഒടുവിലിറങ്ങിയ ആടുജീവിതം വരെയുള്ള കുറഞ്ഞ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി ബ്ലെസി മാറിയിരുന്നു.

തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ബ്ലെസി. തനിക്ക് സമൂഹത്തോട് പ്രതിബദ്ധത ഉണ്ടെന്നും തന്റെ സിനിമകളിലൂടെ കുറേ നല്ല ചിന്തകള്‍ സമൂഹത്തിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബ്ലെസി പറയുന്നു.

കാഴ്ചയിലെ നായകന്‍ മാധവന്‍ ഭിക്ഷയാചിച്ചുവന്ന ഒരു കുട്ടിക്ക് പത്തുരൂപ കൊടുക്കുന്ന രംഗം കണ്ടിട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പരോളിനിറങ്ങിയ ഒരാള്‍ തനിക്ക് കത്തയച്ചെന്നും ഭിക്ഷ കൊടുക്കുമ്പോള്‍ ഒരു നേരത്തെ ഭക്ഷണം കഴിക്കാനുള്ള തുകയെങ്കിലും കൊടുക്കണമെന്ന തിരിച്ചറിവ് ഉണ്ടായെന്നുമാണ് ആ കത്തിന്റെ ഉള്ളടക്കമെന്നും അദ്ദേഹം പറഞ്ഞു. കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബ്ലെസി.

‘വ്യക്തിയെന്ന നിലയിലും സാമൂഹികജീവിയെന്ന നിലയിലുമാണ് എനിക്ക് സമൂഹത്തോട് പ്രതിബദ്ധതയുള്ളത്. ചലചിത്രകാരന്‍ എന്ന നിലയില്‍ എന്റെ സിനിമകള്‍ സമൂഹത്തോട് എന്ത് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത് ആ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ്. ഇതുവരെയുള്ള എന്റെ സിനിമകളിലൂടെ കുറേ നല്ല ചിന്തകള്‍ സമൂഹത്തിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നതാണ് വിശ്വാസം.

കാഴ്ചയിലെ നായകന്‍ മാധവന്‍ ഭിക്ഷയാചിച്ചുവന്ന ഒരു കുട്ടിക്ക് പത്തുരൂപ നല്‍കുന്നുണ്ട്. പത്തുരൂപ അന്ന് ഒരു ചെറിയ തുകയല്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പരോളിനിറങ്ങിയ ഒരാള്‍ ആ സിനിമ കണ്ട് എനിക്കൊരു കത്തയച്ചു.

ഒരാള്‍ക്ക് ഭിക്ഷ കൊടുക്കുമ്പോള്‍ ഒരു നേരത്തെ ഭക്ഷണം കഴിക്കാനുള്ള തുകയെങ്കിലും കൊടുക്കണമെന്ന തിരിച്ചറിവ് ആ രംഗത്തില്‍ നിന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുവെന്നതായിരുന്നു കത്തിലെ ഉള്ളടക്കം.

ചികിത്സകള്‍ ഏറെ ചെയ്തിട്ടും മദ്യപാനം നിര്‍ത്താന്‍ കഴിയാതിരുന്ന അയര്‍കുന്നംകാരനായ മദ്യപാനിനായ ഒരാള്‍ തന്മാത്ര എന്ന സിനിമ കണ്ട് മദ്യപാനം നിര്‍ത്തിയതായറിയാം.

മദ്യപാനത്തിനെതിരെ ബോധപൂര്‍വം ഒരു സന്ദേശവും തന്മാത്രയിലൂടെ ഞാന്‍ നല്‍കിയിട്ടില്ല.

മദ്യപിക്കുന്ന ഒരു സീനോ അതിനെതിരായ എന്തെങ്കിലും സന്ദേശമോ ഇല്ല. എങ്കിലും ആ മദ്യപാനിയില്‍ വ്യത്യാസം വരുത്തിയത് തന്‍മാത്രയില്‍ കണ്ട കുടുംബ ബന്ധങ്ങളുടെ ആഴമാണ്. ആ സന്ദേശം ഒരു മദ്യപാനിയുടെ ഹൃദയത്തിലാണ് വ്യത്യാസമുണ്ടാക്കിയതെന്നത് വളരെ യാദൃശ്ചികമാണ്,’ ബ്ലെസി പറയുന്നു.

Content Highlight: Blessy talks about Kaazhcha movie

We use cookies to give you the best possible experience. Learn more