| Sunday, 20th April 2025, 4:13 pm

'വെളുപ്പാന്‍ കാലത്ത് കരഞ്ഞുകൊണ്ട് എഴുതിയ സീന്‍..' മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ ആളാണ് ബ്ലെസി. മമ്മൂട്ടിയെ നായകനാക്കി 2004ല്‍ പുറത്തിറങ്ങിയ കാഴ്ച എന്ന ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്.

ശേഷം തന്മാത്ര, പളുങ്ക്, ഭ്രമരം, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങളെ വേണ്ട രീതിയില്‍ ഉപയോഗിക്കാനും ബ്ലെസിക്ക് സാധിച്ചിരുന്നു. പത്മരാജന്റെ ‘ഓര്‍മ’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ബ്ലെസി എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു തന്മാത്ര.

2005ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ മോഹന്‍ലാല്‍ ആണ് നായകനായത്. അല്‍ഷിമേഴ്സ് രോഗം ബാധിച്ച രമേശന്‍ നായര്‍ എന്ന കഥാപാത്രമായിട്ടാണ് തന്മാത്രയില്‍ മോഹന്‍ലാല്‍ എത്തിയത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയുടെ തിരക്കഥ എഴുതിയതിനെ കുറിച്ച് പറയുകയാണ് ബ്ലെസി.

‘എന്റെ സിനിമയിലെ സീനുകള്‍ നല്‍കുന്ന ഒരു ചൂടും കനവുമുണ്ട്, അതായത് ആ സീനിന്റെ സംഘര്‍ഷം നല്‍കുന്ന ചൂടും കനവും. എന്റെ തന്മാത്രയുടേത് മാത്രമല്ല, എല്ലാ സിനിമയുടെ ഷൂട്ടിങ് സമയത്തും ഞാന്‍ അത് എന്റെ സെറ്റില്‍ മെയിന്റെയിന്‍ ചെയ്യാറുണ്ട്.

ആ സമയത്ത് സീനിന്റെ മൂഡില്‍ നില്‍ക്കാത്ത ഒരാളെ സെറ്റില്‍ കണ്ടാല്‍ ചിലപ്പോള്‍ ചെവിക്ക് പിടിക്കും. ആ സമയത്ത് ഒരാളും ചിരിച്ച് നില്‍ക്കാന്‍ പാടില്ല. ലൊക്കേഷനിലെ ആ ഒരു മൂഡ് ഉണ്ടാക്കുന്ന ഫീല് വളരെ വലുതാണ്. അത് എല്ലാവരിലും ഉണ്ടാകണം.

തന്മാത്രയുടെ കാര്യം പറയുമ്പോള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്ന ഒരു കാര്യമുണ്ട്. അര്‍ജുന്‍ ലാല്‍ ചെയ്ത മനു എന്ന കഥാപാത്രം തന്നെ ഐ.എ.എസിന്റെ ഇന്റര്‍വ്യൂവിന് വിളിച്ച കാര്യം അച്ഛന്റെയടുത്ത് പറയുന്ന സീനുണ്ട്.

ആ സമയത്ത് അയാള്‍ തിരിച്ച് ‘സാര്‍ ആരാണ്’ എന്നാണ് ചോദിക്കുന്നത്. അതുകേട്ടതും മനു പുറത്തേക്ക് നടന്ന് ഇറയത്തെ അഴികളില്‍ പിടിച്ച് കരയും. വെളുപ്പാന്‍ കാലത്തോ മറ്റോ ആയിരുന്നു ഞാന്‍ ആ സീന്‍ എഴുതിയത്. അപ്പോള്‍ കരഞ്ഞു കൊണ്ടായിരുന്നു ഞാന്‍ എഴുതിയത്.

ഷൂട്ട് ചെയ്യുമ്പോള്‍ അതേ ഇന്റന്‍സില്‍ തന്നെയാണ് ചെയ്തത്. അടുത്ത ഒരാള്‍ മരണപ്പെട്ട രീതിയില്‍ തന്നെയാണ് അത് ഷൂട്ട് ചെയ്തത്. മറ്റുള്ളവര്‍ക്ക് അങ്ങനെ ആയിരുന്നോയെന്ന് എനിക്ക് അറിയില്ല. പക്ഷെ എനിക്ക് ആ ഫീല് തന്നെയായിരുന്നു,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy Says How He Wrote Scenes In Mohanlal’s Thanmathra Movie

We use cookies to give you the best possible experience. Learn more