200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതിന് ശേഷം ഇന്‍ഡസ്ട്രി ഹിറ്റാകുമെന്ന കരുതിയ ദൃശ്യം 3ക്ക് ബോക്‌സ് ഓഫീസില്‍ ചെറിയ രീതിയില്‍ തിരിച്ചടി നേരിടുകയാണ്. കളക്ഷനില്‍ 45 ശതമാനത്തോളം ഇടിവാണ് ചിത്രത്തിന് നേരിട്ടിരിക്കുന്നതെന്ന് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നു. വന്‍ ഹൈപ്പിലെത്തിയ കാട്ടാളനും പ്രതീക്ഷക്കൊത്ത് ഉയരാത്തത് ദൃശ്യം 3ക്ക് ഗുണകരമാകുമെന്ന് പലരും കരുതിയിരുന്നു.
ഫ്രീ റണ്ണും അതിലൂടെ ഗംഭീര കളക്ഷനും പ്രതീക്ഷിച്ചിരുന്ന ദൃശ്യം 3ക്ക് ഇപ്പോള്‍ മറ്റൊരു തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. തമിഴ് ചിത്രമായ ബ്ലാസ്റ്റ് ഗംഭീര റിപ്പോര്‍ട്ടുമായി മുന്നേറുന്നതാണ് പുതിയ വാര്‍ത്ത. വെറും 72 സ്‌ക്രീനുകളില്‍ മാത്രം റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 100ലേറെ സ്‌ക്രീനുകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്.
അര്‍ജുനെ നായകനാക്കി നവാഗതനായ സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ചിത്രം സര്‍പ്രൈസ് ഹിറ്റിലേക്കാണ് കുതിക്കുന്നത്. കേരളത്തില്‍ വലിയ ഹൈപ്പും പ്രൊമോഷനുമില്ലാതെ പുറത്തിറങ്ങിയ ചിത്രം വേര്‍ഡ് ഓഫ് മൗത്തിലൂടെയാണ് സ്‌ക്രീനുകളും ഷോകളും കൂടിയത്. കാട്ടാളന്റെ സ്‌ക്രീനുകളില്‍ പലതും ബ്ലാസ്റ്റ് സ്വന്തമാക്കിയിരിക്കുകയാണ്.
ബ്ലാസ്റ്റ് Photo: Theatrical Poster
കാട്ടാളനില്‍ മിസ്സായ സംതൃപ്തി ബ്ലാസ്റ്റിലൂടെ ലഭിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആദ്യാവസാനം ആക്ഷന്‍ രംഗങ്ങളുണ്ടെങ്കിലും ഒന്നുപോലും ഇംപാക്ടുണ്ടാക്കാതെ പോയ ചിത്രമായിരുന്നു കാട്ടാളനെങ്കില്‍ ബ്ലാസ്റ്റ് ആക്ഷന്‍ ത്രില്ലര്‍ എന്ന ടാഗിനോട് ആദ്യാവസാനം നീതി പുലര്‍ത്തിയിട്ടുണ്ട്. ഓരോ ആക്ഷന്‍ സീനുകളും തിയേറ്ററുകളെ ഇളക്കിമറിക്കുകയാണ്.
രാജാറാം എന്ന കരാട്ടെ മാസ്റ്ററുടെ കുടുംബം ഒരു പ്രത്യേക ഘട്ടത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ബ്ലാസ്റ്റിന്റെ കഥ. അര്‍ജുന് പുറമെ അഭിരാമി, പ്രീതി മുകുന്ദന്‍, വിവേക് പ്രസന്ന, ജോണ്‍ കൊക്കന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാട്ടാളനില്‍ കാതടപ്പിക്കുന്ന ബി.ജി.എം ഒരുക്കിയിട്ടും ഇംപാക്ട് ഉണ്ടാക്കാതെ പോയ രവി ബസ്രൂറാണ് ബ്ലാസ്റ്റിന്റെയും സംഗീതം.
ബ്ലാസ്റ്റ് Photo: Theatrical Poster
കാട്ടാളനില്‍ കിട്ടാത്ത ഇംപാക്ട് രവിക്ക് ബ്ലാസ്റ്റില്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈയടുത്ത് വന്നതില്‍ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമെന്ന ടാഗ് നേടിയ ബ്ലാസ്റ്റ് അര്‍ജുന്റെ ഗംഭീര തിരിച്ചുവരവ് കൂടിയാണ്. ജീവ, സൂര്യ എന്നിവര്‍ക്ക് ശേഷം സോളോ ഹീറോ എന്ന ലേബലില്‍ അര്‍ജുനും ക്ലീന്‍ ഹിറ്റ് ലഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ കേരള റൈറ്റ്‌സ് സ്വന്തമാക്കിയ ലിസ്റ്റിന്‍ സ്റ്റീഫനും ബ്ലാസ്റ്റിന്റെ വിജയം ആശ്വാസം നല്‍കുന്നുണ്ട്.
Content Highlight: Blast movie moving to Surprise hit and giving competition for Drishyam 3 in Kerala Box Office