ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പഞ്ചാബ് വ്യാവസായിക, തദ്ദേശ സ്വയം ഭരണ മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് എന്‍ഫോയ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്.
ഔദ്യോഗിക വസതയില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. എന്നാല്‍ അറസ്റ്റ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് പഞ്ചാബ് ധനമന്ത്രി ഹര്‍പാല്‍ സിങ് ചീമ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ ഇ.ഡി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അറോറയുടെ വസതിയിലും ഓഫീസിലും നേരത്തെയും റെയ്ഡ് നടന്നിരുന്നു. അനധികൃത പണമിടപാട് നടത്തിയെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് മന്ത്രിക്കെതിരായ ഇ.ഡിയുടെ ആരോപണം.
തന്റെ കമ്പനി വഴി അറോറ നൂറു കോടിയിലധികം രൂപയുടെ മൊബൈല്‍ ഫോണുകള്‍ വ്യാജ ജി.എസ്.ടി ബില്ലുകള്‍ വഴി വാങ്ങി എന്നാണ് പ്രധാന ആരോപണം. ദല്‍ഹിയിലില്ലാത്ത വ്യാജ കമ്പനികളുടെ പേരില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റും എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റും ഉണ്ടാക്കി.
ഡ്യൂട്ടി ഡ്രോബാക്കില്‍ ജി.എസ്.ടി റീഫണ്ട് നേടുന്നതിനായി നിരവധി വ്യാജ ജി.എസ്.ടി പര്‍ച്ചേസ് ബില്ലുകള്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തിവച്ചു. ഈ പണം ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കള്ളപ്പണമായി എത്തിച്ചു എന്നതാണ് കേസ്. ഇതിലൂടെ അദ്ദേഹം വ്യക്തിപരമായി വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് ഇ.ഡി യുടെ കണ്ടെത്തല്‍.
എന്നാല്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പാര്‍ട്ടി പറഞ്ഞു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.