അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അസമിലെത്തുന്നു; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം: കോണ്‍ഗ്രസ്
India
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അസമിലെത്തുന്നു; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം: കോണ്‍ഗ്രസ്
നിഷാന. വി.വി
Wednesday, 8th April 2026, 7:24 am

ജോര്‍ഹട്ട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് .ചെയ്യാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ വന്‍തോതില്‍ കടന്നുകയറിയതായി അസം കോണ്‍ഗ്രസ് മേധാവി ഗൗരവ് ഗഗോയ്.

ജോര്‍ഹട്ടില്‍ നടന്ന റോഡ് ഷോയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും കള്ള വോട്ട് ചെയ്യാനും വേണ്ടിയാണ് ഇത്തരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കടന്നുകയറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ നേരത്തെ പറഞ്ഞത് പോലെ ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള നൂറുക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് എത്തുന്നു.

അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ വോട്ട് ചെയ്യും. അവരെങ്ങനെ നമ്മുടെ രാഷ്ട്രീയ ഭാവി തീരുമാനിക്കും? നമ്മള്‍ അത് സഹിക്കുമോ,’ ഗഗോയ് ചോദിച്ചു.

പരിശോധന നടത്താതെ കൂട്ടത്തോടെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ ഇത്തരക്കാരെ അനുവദിച്ചതിന് അദ്ദേഹം പൊലീസിനെയും വിമര്‍ശിച്ചു.

ബി.ജെ.പി പരാജയം ഭയക്കുന്നത് കൊണ്ടാണ് ഇങ്ങനെയുള്ള രീതികള്‍ പയറ്റുന്നതെന്നും ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബി.ജെ.പി സര്‍ക്കാര്‍ നമ്മുടെ ഭൂമി വിട്ടുകൊടുത്തു, പൊതുജനങ്ങളുടെ പണം കൊള്ളയടിച്ചു. എന്നിട്ട് നമ്മുടെ ജനങ്ങളെ അടിമകളെപ്പോലെ പണിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നു. ഇത്തരക്കാര്‍ക്കെതിരെ ജനം ജാഗ്രത പാലിക്കണം,’ ഗോഗോയ് വ്യക്തമാക്കി.

ദിസ്പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്റുമായ മീര ബോര്‍താക്കൂര്‍ ഗോസ്വാമിയും സോഷ്യല്‍ മീഡിയയില്‍ സമാനമായ ആശങ്ക ഉന്നയിച്ചിരുന്നു.

ബീഹാറിലെ ബസ്സുകള്‍കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കുകയാണെന്നും പോളിങ് ബൂത്തുക്കളില്‍ ഓരോ പൗരനും ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കണമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്തെ എസ്.ഐ.ആര്‍ പ്രക്രിയയില്‍ കോണ്‍ഗ്രസ് സംശയം ഉന്നയിച്ചിരുന്നു. ഫെബ്രുവരി 10 ന് പ്രസിദ്ധീകരിച്ച എസ്.ഐ.ആറിന്റെ അന്തിമ പട്ടികയില്‍ ആകെ 2.49 കോടി വോട്ടര്‍മാരുണ്ടായിരുന്നു, ഇത് കരട് പട്ടികയില്‍ നിന്ന് 0.97 ശതമാനം കുറവാണ്.

126 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച (നാളെ) നടക്കും. ഒരു ദശാബ്ദക്കാലത്തെ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ ഭരണത്തിനുശേഷം സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

Content Highlight: BJP workers from neighboring states are arriving in Assam in droves; Attempt to sabotage elections: Congress

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.