ഭോപ്പാൽ: നിർബന്ധിത മത പരിവർത്തനമാരോപിച്ച് കാഴ്‌ച പരിമിതിയുള്ള സ്ത്രീയെ ആക്രമിച്ച് ബി.ജെ.പി നേതാവ്. മധ്യപ്രദേശത്തിലെ ജബൽപൂരിലെ ബി.ജെ.പി നേതാവായ അഞ്ജു ഭാർഗവാണ് സ്ത്രീക്കുനേരെ ആക്രമണം നടത്തിയത്.
സ്ത്രീയുടെ വൈകല്യത്തെക്കുറിച്ച് ബി.ജെ.പി നേതാവ് അഭിപ്രായ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തു വരുന്നത്.
അന്ധയായ സ്ത്രീയെ കുറിച്ച് അപകീർത്തിപരമായ പരാമർശനങ്ങളാണ് ബി.ജെ.പി നേതാവ് നടത്തിയത്.
ഈ ജന്മത്തിൽ അവർ അന്ധയാണ് അടുത്ത ജന്മത്തിലും അവർ അന്ധയായി തന്നെ തുടരുമെന്ന് അഞ്ജു ഭാർഗവ പറഞ്ഞു. ക്രിസ്ത്യാനികൾക്കിടയിൽ സിന്ദൂരം ധരിച്ചത്തിയതിനും സ്ത്രീയെ അവർ ചോദ്യം ചെയ്തു.
സ്ത്രീയെ അവർ ശാരീരികമായി ഉപദ്രവിക്കുന്നതും വഴക്കുണ്ടാക്കുന്നതും പൊലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.