| Sunday, 31st May 2026, 11:36 am

ശിവകുമാര്‍ ഭരണമേല്‍ക്കുമ്പോള്‍ മിഷന്‍ കര്‍ണാടകയുമായി ബി.ജെ.പി; പ്രഹ്ലാദ് ജോഷിയടക്കം കര്‍ണാടകയിലേക്ക്, വമ്പന്‍ അഴിച്ചുപണി

ആദര്‍ശ് എം.കെ.

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിലെ അധികാര കൈമാറ്റത്തിനിടെ, നേതൃനിരയിലടക്കം സംസ്ഥാനത്തെ പാര്‍ട്ടി സംവിധാനത്തെ അടിമുടി ഉടച്ചുവാര്‍ക്കാന്‍ തയ്യാറെടുപ്പുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം.

ജൂണ്‍ മൂന്നിന് ഡി.കെ. ശിവകുമാര്‍ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ബി.ജെ.പിയുടെ പുനഃസംഘടന സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കര്‍ണാടക ബി.ജെ.പിയുടെ പുതിയ അധ്യക്ഷനായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുടെ പേരുകള്‍ പരിഗണനയിലുണ്ട്.

പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ക്ക് ഫലപ്രദമായി നേതൃത്വം നല്‍കാനും താഴേത്തട്ടില്‍ ശക്തമായ ശൃംഖല കെട്ടിപ്പടുക്കാനും കഴിയുന്ന ഒരു നേതാവിനെയാണ് ബി.ജെ.പി തിരയുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടായേക്കും.

പശ്ചിമ ബംഗാളില്‍ പാര്‍ട്ടി നടപ്പിലാക്കിയ സംഘടനാ വിപുലീകരണ രീതികള്‍ കര്‍ണാടകയിലും പരീക്ഷിക്കാന്‍ ബി.ജെ.പി പദ്ധതിയിടുന്നുണ്ട്. ബൂത്ത്, ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കുക, കേഡര്‍മാരെ സജ്ജരാക്കുക, കൃത്യമായ ലക്ഷ്യങ്ങളോടെയുള്ള പ്രചാരണം നടത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചുപിടിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് ഏറ്റവും നിര്‍ണായകമായ സംസ്ഥാനമാണ് കര്‍ണാടക.

ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുന്നതില്‍ കര്‍ണാടകയുടെ സംഭാവന പ്രധാനമാണെന്നും അതുകൊണ്ടുതന്നെ സംസ്ഥാന യൂണിറ്റ് കൂടുതല്‍ കരുത്തുറ്റതാകണമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കോണ്‍ഗ്രസ് സര്‍ക്കാരിനെ ഭരണപരമായ കാര്യങ്ങളിലും ജനക്ഷേമ വിഷയങ്ങളിലും ശക്തമായി നേരിടാന്‍ കൂടുതല്‍ ആക്രമണാത്മകമായ ഒരു പ്രതിപക്ഷ തന്ത്രം ആവശ്യമാണെന്ന് ബി.ജെ.പി വിശ്വസിക്കുന്നു.

ഇതിനായി പുതിയ നേതൃത്വത്തെ വളര്‍ത്തിയെടുക്കാനും കേന്ദ്ര-സംസ്ഥാന നേതാക്കള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും പാര്‍ട്ടി ലക്ഷ്യമിടുന്നു.

കര്‍ണാടകയിലെ രാഷ്ട്രീയ ഭാവി അതീവ ഗൗരവത്തോടെയാണ് ബി.ജെ.പി കാണുന്നത് എന്നതിന്റെ സൂചനയാണ് ഈ പുനഃസംഘടനാ നീക്കങ്ങള്‍.

Content Highlight: BJP Karnataka Restructuring and Leadership Overhaul, Reports

 
ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more