ന്യൂദൽഹി: ബി.ജെ.പിയും ആർ.എസ്.എസും ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യയിലെ സമത്വമെന്ന ആശയത്തെ അവർ എതിർക്കുന്നുവെന്നും രാഹുൽ ഗാന്ധി.
ഏപ്രിൽ 14 ന് നടക്കാനിരിക്കുന്ന അംബേദ്കർ ജയന്തിക്ക് മുന്നോടിയായി മണ്ടി ഹൗസിൽ ‘റൺ ഫോർ അംബേദ്കർ, റൺ ഫോർ കോൺസ്റ്റിറ്റ്യൂഷൻ’ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭരണഘടനയില്ലെങ്കിൽ നമ്മൾ ഇന്ത്യ എന്ന് വിളിക്കുന്ന ഈ രാജ്യം ഉണ്ടാകുമായിരുന്നില്ല. ഇന്ന് ആർ.എസ്.എസ്, ബി.ജെ.പി ചിന്താഗതിക്കാർ ഭരണഘടനയെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. ഭരണഘടനയെ മായ്ച്ചുകളയുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം. കാരണം ഇന്ത്യയിലുള്ള എല്ലാവരെയും തുല്യരായി കാണാൻ അവർ ആഗ്രഹിക്കുന്നില്ല,’ രാഹുൽ ഗാന്ധി പറഞ്ഞു
അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നിൽ കുമ്പിട്ടാൽ പോലും, ഭരണഘടനയെ ഇല്ലാതാക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യംമെന്നും എന്നാൽ ഭരണഘടനയെ സംരക്ഷിക്കുകയും അതിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യംമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങൾ രാജ്യത്തെല്ലാവരിലേക്കും എത്തിക്കുക എന്നതാണ് തങ്ങളുടെ മരത്തോണിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഭരണഘടനാ മൂല്യങ്ങൾ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത്, എല്ലാ അനീതികൾക്കും വിവേചനങ്ങൾക്കുമെതിരെ ബാബാസാഹേബിന്റെ അതേ ദൃഢനിശ്ചയത്തോടെ നമ്മൾ ഒന്നിച്ച് പോരാടണം,’ അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.
ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദിൻ മാരത്തോണിന് ആശംസകൾ നേരുകയും മാരത്തോൺ രാജ്യത്തെല്ലായിടത്തോട്ടും വ്യാപിപ്പിക്കണമെന്നും പറഞ്ഞു.
Content Highlight: BJP and RSS are trying to destroy the Constitution; Rahul Gandhi flags off Run for Ambedkar Marathon