തിരുവനന്തപുരം: സുരക്ഷ ഒരുക്കാനാവില്ലെന്ന് പോലീസ് നേരിട്ട് അറിയിച്ചാല്‍ തങ്ങള്‍ തിരിച്ചു പോകാമെന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം. ഇക്കാര്യത്തില്‍ പോലീസ് ഔദ്യോഗികമായി തീരുമാനം അറിയിക്കണമെന്നും ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മനിതി സംഘം നേതാവ് സെല്‍വി അറിയിച്ചു.
ശബരിമല ദര്‍ശനത്തിന് പമ്പയിലെത്തിയ മനിതി വനിതാ സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോകില്ലെന്നാണ് പോലീസ് നിലപാട്. സന്നിധാനത്ത് തിരക്ക് അനിയന്ത്രിതമായതിനാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും തീര്‍ഥാടകരുടെ സുരക്ഷയാണ് പ്രധാനമെന്നുമാണ് പോലീസിന്റെ നിലപാട്.
എന്നാല്‍ മനിതി സംഘത്തോട് തിരിച്ചു പോകാന്‍ പോലീസ് ആവശ്യപ്പെടില്ല. ഇവര്‍ സ്വയം മടങ്ങിപ്പോകുന്നതുവരെ കാത്തിരിക്കാനാണ് പോലീസിന്റെ ശ്രമം.
അതേസമയം മനിതി സംഘത്തിന്റെ ശബരിമല ദര്‍ശനത്തില്‍ തീരുമാനം എടുക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷണ സമിതി പറഞ്ഞു. ദേവസ്വം ബോര്‍ഡും പൊലീസുമാണ് തീരുമാനം എടുക്കേണ്ടതെന്ന് നിരീക്ഷണസമിതി അറിയിച്ചത്. മനിതി സംഘത്തിന്റെ ശബരിമല ദര്‍ശനത്തില്‍ തീരുമാനം ഹൈക്കോടതി നിരീക്ഷണ സമിതി എടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി നിരീക്ഷണസമിതി രംഗത്തെത്തിയത്.
ദര്‍ശനത്തിനെത്തിയ മനിതി സംഘത്തെ പമ്പയില്‍ വെച്ചാണ് തടഞ്ഞത്. സന്നിധാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതി എ.എച്ച്.പി നേതാവ് പ്രതീഷ് പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലാണ് ഇവരെ തടഞ്ഞു വെച്ചിട്ടുള്ളത്.