കലാപശ്രമം; വിഗ്രഹം കിണറ്റിലെറിഞ്ഞ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിനെതിരെ പ്രതിഷേധം ശക്തം
Kerala
കലാപശ്രമം; വിഗ്രഹം കിണറ്റിലെറിഞ്ഞ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിനെതിരെ പ്രതിഷേധം ശക്തം
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 6th January 2026, 11:24 am

കൊല്ലം: കലാപം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെ കൊട്ടാരക്കര പള്ളിക്കല്‍ ഏലാപ്പുറ സര്‍പ്പക്കാവിലെ ശിവവിഗ്രഹം അപഹരിച്ച് സമീപത്തെ കിണറ്റില്‍ ഉപേക്ഷിച്ച ബി.ജെ.പി പ്രവര്‍ത്തകനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രദേശവാസികള്‍. കഴിഞ്ഞ മാസം ഡിസംബര്‍ 21 ന് രാത്രിയില്‍ ക്ഷേത്രപരിസരത്ത് അതിക്രമിച്ച് കയറിയ പ്രതി കല്‍വിളക്കുകള്‍ അടിച്ചുതകര്‍ക്കുകയും ഓഫീസ് സാമഗ്രികള്‍ തല്ലിതകര്‍ക്കുകയും ചെയ്തതിന് ശേഷമായിരുന്നു വിഗ്രഹം അപഹരിച്ചത്.

സംഭവത്തില്‍ അറസ്റ്റിലായ ബി. രഘു(49) ഇപ്പോള്‍ റിമാന്‍ഡിലാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കലയപുരം ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പള്ളിക്കല്‍ രാധാമണിയുടെ ഭര്‍ത്താവാണ് പ്രതി. ഇയാളുടെ അറസ്റ്റിന് പിന്നാലെ രാധാമണി ഒളിവിലാണെന്നാണ് വിവരം.

ക്ഷേത്രത്തിലെ ശിവവിഗ്രഹത്തിനൊപ്പം സര്‍പ്പക്കാവിലെ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും വിഗ്രഹം അപഹരിച്ച് ഉപേക്ഷിക്കുകയായിരുന്നു. ശിവവിഗ്രഹം ക്ഷേത്രത്തില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള കിണറ്റിലാണ് പ്രതി ഉപേക്ഷിച്ചത്. അക്രമം നടത്തുന്നതിനിടെ ഓഫീസില്‍ സൂക്ഷിച്ച 25 കസേരകളും രണ്ട് മേശകളും പ്രതി തല്ലിതകര്‍ത്തു.

തുടര്‍ന്ന് പരിസരത്തെ സി.സി.ടി.വി ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതി സമീപത്തെ കിണറ്റിലാണ് വിഗ്രഹം ഉപേക്ഷിച്ചതെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. കിണറ്റിലെ വെള്ളം വറ്റിച്ച് നടത്തിയ പരിശോധനയിലാണ് വിഗ്രഹം കണ്ടെത്തിയത്.

Content Highlight: BJP activist B Raghu arrested for his attempt to start communal rites in locality

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.