സ്‌പോര്‍ട്‌സ് സിനിമകളില്‍ സ്ഥിരം കണ്ടുവരുന്ന അതേ ടെംപ്ലേറ്റില്‍ തന്നെയാണ് ബൈസണ്‍ കഥ പറയുന്നത്. അതോടൊപ്പം മാരി സെല്‍വരാജിന്റെ ശക്തമായ രാഷ്ട്രീയവും ബൈസണ്‍ സംസാരിക്കുന്നുണ്ട്. ജാതിയുടെ പേരിലുള്ള മാറ്റിനിര്‍ത്തല്‍, സംവരണത്തെക്കുറിച്ചുള്ള സോ കോള്‍ഡ് ഉയര്‍ന്ന ജാതിക്കാരുടെ കാഴ്ചപ്പാട്, ഹിന്ദി- തമിഴ് രാഷ്ട്രീയം തുടങ്ങി ഒരുപാട് വിഷയങ്ങള്‍ ചിത്രം സംസാരിക്കുന്നുണ്ട്.
താന്‍ ജനിക്കുന്നതിന് മുമ്പ്, തലമുറകളായി നാട്ടില്‍ നിലനിന്നു പോന്ന പ്രശ്‌നങ്ങളുടെ പേരില്‍ തന്നെ തടഞ്ഞുനിര്‍ത്തിയ വേലിക്കെട്ടുകളെയും തടസങ്ങളെയും തകര്‍ത്ത് മുന്നിലേക്ക് കുതിക്കാന്‍ ആഗ്രഹിക്കുന്ന ഒരുവന്റെ കഥ. മാരി സെല്‍വരാജിന്റെ ബൈസണെ ഇങ്ങനെ വിശേഷിപ്പിക്കാം. ജാതി സംഘര്‍ഷങ്ങളും അതുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും സ്ഥിരം വാര്‍ത്തയായ തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍ നിന്ന് ദേശീയ കബഡി ടീമിലേക്കെത്തിയ വാനതി കിട്ടന്റെ കഥയാണ് ചിത്രം പറയുന്നത്.
സ്‌പോര്‍ട്‌സ് സിനിമകളില്‍ സ്ഥിരം കണ്ടുവരുന്ന അതേ ടെംപ്ലേറ്റില്‍ തന്നെയാണ് ബൈസണ്‍ കഥ പറയുന്നത്. അതോടൊപ്പം മാരി സെല്‍വരാജിന്റെ ശക്തമായ രാഷ്ട്രീയവും ബൈസണ്‍ സംസാരിക്കുന്നുണ്ട്. ജാതിയുടെ പേരിലുള്ള മാറ്റിനിര്‍ത്തല്‍, സംവരണത്തെക്കുറിച്ചുള്ള സോ കോള്‍ഡ് ഉയര്‍ന്ന ജാതിക്കാരുടെ കാഴ്ചപ്പാട്, ഹിന്ദി- തമിഴ് രാഷ്ട്രീയം തുടങ്ങി ഒരുപാട് വിഷയങ്ങള്‍ ചിത്രം സംസാരിക്കുന്നുണ്ട്.
1990കളുടെ തുടക്കത്തില്‍ തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാട്ടിലെ പണക്കാരനും ജാതി നേതാവുമായ കന്തസ്വാമിയും അയാളെ എതിര്‍ത്ത് നില്‍ക്കുന്ന പാണ്ഡ്യരാജും കാലങ്ങളായി ശത്രുതയിലാണ്. ഇരു കൂട്ടര്‍ക്കും വേണ്ടി ജീവന്‍ വരെ നല്കാന്‍ തയാറായ സാധാരണക്കാര്‍ നിരവധിയാണ്. പരസ്പരം പോരടിച്ച് നില്‍ക്കുന്ന ഈ കൂട്ടത്തില്‍ നിന്ന് തന്റെ ലക്ഷ്യത്തിനായി പോരാടേണ്ടി വരുന്ന കിട്ടന്റെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്.
അന്നാട്ടിലെ മറ്റെല്ലാവരെയും പോലെ കിട്ടനും കബഡി ഇഷ്ടമാണ്. വെറുമൊരു കായികയിനത്തിനപ്പുറത്തേക്ക് അത് അവന്റെ ജീവിതമാണ്. തന്റേതല്ലാത്ത കാരണത്താല്‍ സ്വന്തം ഗ്രാമത്തിലെ ടീമില്‍ അവന് ഇടം ലഭിക്കുന്നില്ല. സ്‌കൂള്‍ ടീമില്‍ നിന്ന് ഗ്രാമത്തിന്റെ ടീമിലേക്കും പിന്നീട് ഓരോ തടസങ്ങളെയും അതിജീവിച്ച് അവന്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുന്നതുവരെ ചിത്രത്തില്‍ കാണിക്കുന്നു.
അന്നാട്ടിലെ മറ്റുള്ളവരെപ്പോലെ കത്തിയെടുത്ത് ജീവിതം ഇല്ലാതാക്കുന്നതിന് പകരം കഴിവും കഠിനാധ്വാനവും കൊണ്ട് ഉയരത്തിലെത്താനും താന്‍ എല്ലാവര്‍ക്കും സമമാണെന്ന് സമൂഹത്തോട് വിളിച്ചുപറയാനും വേണ്ടി കിട്ടന്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ ചെറുതല്ല. കിട്ടന് വേണ്ടി കൂടെ നില്‍ക്കുന്ന അവന്റെ ചേച്ചിയും അച്ഛനും പി.ടി. സാറുമെല്ലാം നമ്മുടെ ഇഷ്ടം പിടിച്ചു പറ്റും.
നായകന്റെ വിജയം കാണുന്ന പ്രേക്ഷകന്റേത് കൂടിയാകുമ്പോഴാണ് ഒരു സ്‌പോര്‍ട്‌സ് സിനിമ വിജയിക്കുന്നത്. ബൈസണില്‍ മാരി സെല്‍വരാജ് അക്കാര്യത്തില്‍ വിജയിച്ചെന്ന് തന്നെ പറയാനാകും. ഓരോ കബഡി മാച്ചും മികച്ച രീതിയില്‍ ചിത്രീകരിക്കാന്‍ മാരിക്ക് സാധിച്ചു. സെക്കന്‍ഡ് ഹാഫിലെ ആദ്യ മാച്ച് തന്ന രോമാഞ്ചം ചെറുതല്ല.
തമിഴ്‌നാട്ടിലെ മുന്‍നിര ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കുമ്പോഴും പിന്നീട് ഇന്ത്യന്‍ ടീമില്‍ തെരഞ്ഞെടുക്കുമ്പോഴും അതെല്ലാം സംവരണം കൊണ്ടാണെന്ന് പറയുന്ന ഡയലോഗിന് നല്‍കുന്ന മറുപടി ഗംഭീരമാണ്. ‘കണ്ടവരുടെ കാല് പിടിച്ചാണ് മുകളിലേക്ക് വന്നതെന്ന് പറയുന്നവരെല്ലാം കഴിവിനെ കുറച്ചുകാണുന്നവരാണ്, കഴിവുണ്ടായിട്ടും മാറ്റിനിര്‍ത്തപ്പെടുന്നതിന്റെ അമര്‍ഷമെല്ലാം അവരുടെ വിജയത്തില്‍ കാണാനാകും, ആര്‍ക്കും അവരെ തടയാനാകില്ല’ എന്ന ഡയലോഗ് കൈയടി നേടി.
പ്രകടനത്തിലേക്ക് വന്നാല്‍ സ്‌ക്രീനില്‍ വന്ന എല്ലാവരും മനസില്‍ തങ്ങി നില്‍ക്കുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. നായകനായെത്തിയ ധ്രുവ് വിക്രം…. ഇതാണ് തന്റെ ആദ്യ സിനിമയായി കണക്കാക്കേണ്ടതെന്ന് റിലീസിന് മുമ്പ് ധ്രുവ് പറഞ്ഞിരുന്നു. വെറും മൂന്ന് സിനിമകള്‍ മാത്രം ചെയ്ത ഒരു നടനെയല്ല, ഇരുത്തം വന്ന, അതിഗംഭീര കാലിബറുള്ള നടനെയാണ് ബൈസണില്‍ കാണാന്‍ സാധിച്ചത്.
സ്‌കൂള്‍ കാലഘട്ടം മുതല്‍ ഇന്ത്യന്‍ ടീമിലെത്തുന്നതുവരെയുള്ള കിട്ടന്റെ ജീവിതം ധ്രുവ് ഗംഭീരമായി പകര്‍ന്നാടിയിട്ടുണ്ട്. കബഡി പ്ലെയറിന്റെ ഡയലോഗ് ഡെലിവറി, മാന്നറിസം, ബോഡി ലാംഗ്വേജ് എന്നിവയെല്ലാം ധ്രുവില്‍ ഭദ്രമായിരുന്നു. സിനിമകള്‍ തമ്മിലുള്ള ഇടവേള കുറക്കുകയാണെങ്കില്‍ തമിഴ് സിനിമക്ക് അടുത്ത സ്റ്റാറിനെ ലഭിക്കുമെന്നുറപ്പാണ്.
ധ്രുവിന് ശേഷം ഏറ്റവും സ്‌ക്രീന്‍ സ്‌പെയ്‌സും ഏറ്റവും ഗംഭീര പെര്‍ഫോമന്‍സും പശുപതിയുടേതായിരുന്നു. ചില സീനുകളില്‍ ധ്രുവിനെക്കാള്‍ സ്‌കോര്‍ ചെയ്തത് പശുപതിയായിരുന്നു. ക്ലൈമാക്‌സിലെല്ലാം താരം കരയിപ്പിച്ചു. സര്‍പ്പട്ടയിലെ രംഗന്‍ വാദ്ധ്യാറിന് ശേഷം അദ്ദേഹത്തിലെ നടന് വലിയ വെല്ലുവിളിയുയര്‍ത്തിയ കഥാപാത്രമാണ് ഈ ചിത്രത്തിലെ വേലുസാമി.
പല സിനിമകളിലും വില്ലനായി മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള അരുവി മദനും ബൈസണില്‍ ഞെട്ടിച്ചു. സന്തനരാജ് എന്ന കഥാപാത്രവും സിനിമ കഴിഞ്ഞിട്ടും മനസില്‍ തങ്ങിനിന്നു. കിട്ടന്റെ സഹോദരി രാജിയായി വേഷമിട്ട രജിഷ വിജയനും ഗംഭീര പെര്‍ഫോമന്‍സായിരുന്നു കാഴ്ചവെച്ചത്. ഇമോഷണല്‍ സീനിലെല്ലാം രജിഷ മികച്ചുനിന്നു.
അമീര്‍ അവതരിപ്പിച്ച പാണ്ഡിരാജ്… അപാര സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് അമീര്‍ കൈയടി നേടി. ആ കഥാപാത്രം എത്രമാത്രം ടെററാണെന്ന് ഇന്‍ട്രോ സീനില്‍ തന്നെ സംവിധായകന്‍ വരച്ചുകാട്ടുന്നുണ്ട്. ഡയലോഗുകള്‍ കൊണ്ടും അമീറിന്റെ കഥാപാത്രം കൈയടി സ്വന്തമാക്കുന്നുണ്ട്. ‘പണ്ട് സമത്വത്തിന് വേണ്ടി നടത്തിയ പോരാട്ടം അടുത്ത തലമുറക്ക് വെറും ജാതിക്കൊലയായി തോന്നാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം’ എന്ന ഡയലോഗ് ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.
ലാല്‍ അവതരിപ്പിച്ച കന്തസ്വാമി എന്ന കഥാപാത്രവും ഗംഭീരമായിരുന്നു. തുടക്കത്തില്‍ വില്ലനായി തോന്നുമെങ്കിലും ആ കഥാപാത്രത്തെ രൂപീകരിച്ച വിധം ഗംഭീരമായി തോന്നി. ജാതി, മതം എന്നിവക്കും അപ്പുറത്താണ് കഴിവെന്ന് വിശ്വസിക്കുന്നയാളായി കന്തസാമിയെ ചിത്രീകരിച്ചതില്‍ മാരി സെല്‍വരാജിന് പ്രത്യേക കൈയടി. പ്രേമത്തിന് ശേഷം അനുപമക്ക് ലഭിച്ച മികച്ച കഥാപാത്രമായിരുന്നു ബൈസണിലെ റാണി. ധ്രുവ്- അനുപമ കെമിസ്ട്രിയും ഗംഭീരമായിരുന്നു.
പരിയേറും പെരുമാള്‍ മുതല്‍ വാഴൈ വരെ മാരി സെല്‍വരാജ് സിനിമകളില്‍ സ്ഥിരമായി സംഗീതം നല്കിയത് സന്തോഷ് നാരായണനായിരുന്നു. ബൈസണില്‍ നിവാസ് പ്രസന്നയെ കൊണ്ടുവന്നപ്പോള്‍ പലരും അന്തം വിട്ടു. എന്നാല്‍ ഒരു വെടിക്കുള്ള മരുന്ന് തന്റെ കൈയിലുമുണ്ടെന്ന് നിവാസ് ബൈസണിലൂടെ തെളിയിച്ചു. ‘തീകൊളുത്തി’, വേടനും അറിവും ഒന്നിച്ച് പാടിയ ‘റെക്ക റെക്ക’ എന്നീ പാട്ടുകളെല്ലാം കിടിലന്‍ കമ്പോസിഷനായിരുന്നു.
ഏഴില്‍ അരസിന്റെ ഫ്രെയിമുകളും മികച്ചതായിരുന്നു. മോണോക്രോമും കളറും മാറി മാറി പരീക്ഷിച്ചത് പുതിയ അനുഭവമായി മാറി. കലൈയഴകന്റെ മേക്കപ്പിനെക്കുറിച്ചും എടുത്തുപറയണം. വയലന്‍സ് രംഗങ്ങളിലെ ഭീകരത പ്രേക്ഷകരിലേക്കെത്താന്‍ മേക്കപ്പ് വഹിച്ച പങ്ക് ചെറുതല്ല. മൊത്തത്തില്‍ മാരി സെല്‍വരാജിന്റെ ഫിലിമോഗ്രഫിയിലെ മറ്റൊരു മികച്ച ചിത്രമെന്ന് ബൈസണെ വിശേഷിപ്പിക്കാം.