മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. നടന്‍ കുതിരവട്ടം പപ്പുവിന്റെ മകന്‍ കൂടിയായ ബിനു പപ്പു, ചുരുങ്ങിയ കാലംകൊണ്ട് തന്നെ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയിട്ടുണ്ട്. ഹെലന്‍, ഭീമന്റെ വഴി, സൗദി വെള്ളക്ക എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരം അടുത്ത് വന്ന എക്കോയിലും തുടരുമിലും തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ചു.
കുതിരവട്ടം പപ്പുവിന്റെ മകനായതുകൊണ്ട് തന്നെ പലപ്പോഴും അദ്ദേഹവുമായുള്ള താരതമ്യപ്പെടുത്തലുകള്‍ ബിനു പപ്പു കേട്ടിട്ടുണ്ട്. ഇപ്പോള്‍ മനോരമ ആഴ്ച്ചപതിപ്പുമായുള്ള അഭിമുഖത്തില്‍ അച്ഛന്‍ അവതരിപ്പിച്ചത് പോലെയുള്ള കോമഡി വേഷങ്ങള്‍ ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് താരം. തല്‍ക്കാലം തന്നെക്കൊണ്ട് അതു പറ്റുമെന്ന് തോന്നുന്നില്ലെന്ന് ബിനു പപ്പു പറയുന്നു.
‘ഭീമന്റെ വഴിയില്‍ ഒരു ചെറിയ ഹ്യൂമര്‍ ട്രൈ ചെയ്തിരുന്നു. പക്ഷേ അച്ഛനുമായി താരതമ്യം വരുമെന്നത് എപ്പോഴും ഒരു ടെന്‍ഷനാണ്. സിനിമയില്‍ അച്ഛന്റെ മാനറിസങ്ങള്‍ വരാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ചിലപ്പോള്‍ അറിയാതെ ചില ശബ്ദങ്ങളിലോ ഭാവങ്ങളിലോ അച്ഛന്റെ സാമ്യം വരാം.
‘തുടരും’ എന്ന സിനിമയില്‍ ഒരു സീനില്‍ ഞാന്‍ സംസാരിക്കുന്നതു കേട്ട് അച്ഛന്റെ ശബ്ദം പോലെയുണ്ടെന്ന് ഒരുപാടു പേര്‍ പറഞ്ഞിരുന്നു. അത് പാരമ്പര്യമായി വന്നുപോകുന്നതാണ്. അല്ലാതെ മനഃപൂര്‍വം ഒന്നും ചെയ്യാറില്ല,’ ബിനു പപ്പു പറയുന്നു.
അച്ഛനുമായി കണക്ഷന്‍ ഉണ്ടായിരുന്ന സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങിയ സംവിധായകരുമായുള്ള തനിക്ക് നല്ല ബന്ധമുണ്ടെന്നും അവരൊക്കെ അച്ഛനുമായി വളരെ ക്ലോസായി വര്‍ക്ക് ചെയ്ത ആളുകളാണെന്നും ബിനു പപ്പു പറഞ്ഞു. അവര്‍ക്ക് അച്ഛനെക്കുറിച്ച് ഒരുപാടു നല്ല ഓര്‍മകളുണ്ടെന്നും താരം പറഞ്ഞു. താന്‍ സിനിമയില്‍ സജീവമാണെന്നതില്‍ അവര്‍ക്കും സന്തോഷമുണ്ടെന്നും അവര്‍ തന്റെ സിനിമകള്‍ കാണുകയും ഫീഡ്ബാക്ക് നല്‍കുകയും ചെയ്യാറുണ്ടെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു.
‘ജഗദീഷേട്ടന്‍, മനോജ് കെ. ജയന്‍ എന്നിവരെയൊക്കെ കാണുമ്പോള്‍ അച്ഛനോടുള്ള ആ റെസ്‌പെക്റ്റും സ്‌നേഹവും എനിക്ക് ലഭിക്കാറുണ്ട്. അത് മിസ് യൂസ് ചെയ്യാതെ ആ ബന്ധങ്ങള്‍ നല്ല രീതിയില്‍ കൊണ്ടുപോകാനാണ് ഞാന്‍ ശ്രമിക്കുന്നത്,’ബിനു പപ്പു പറയുന്നു.