സിനിമാ ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് തുടരും. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ സാധാരണക്കാരനായി പ്രത്യക്ഷപ്പെട്ടു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തിയാണ് തുടരും സംവിധാനം ചെയ്തത്. വലിയ ഇടവേളക്ക് ശേഷം ശോഭന – മോഹന്‍ലാല്‍ ജോഡി ഒന്നിച്ച സിനിമ കൂടിയാണ് ഇത്.
ചിത്രത്തില്‍ നടന്‍ ബിനു പപ്പുവും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഒപ്പം അദ്ദേഹം കോ ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തുടരും സിനിമയിലെ വില്ലനായി വേഷമിട്ട പ്രകാശ് വര്‍മയെക്കുറിച്ച് പറയുകയാണ് ബിനു പപ്പു.
‘ഒരാളെ അഭിനയിപ്പിക്കുന്ന കാര്യം പറഞ്ഞാല്‍ അയാള്‍ അഭിനയിക്കുമോ ഇല്ലയോ എന്നോ അയാള്‍ അതില്‍ താത്പര്യം കാണിക്കുന്നുണ്ടോ എന്ന കാര്യമോ തരുണിന് വിഷയമല്ല. ‘അയാളെ കൊണ്ടു വാ’ എന്ന് മാത്രമാണ് തരുണ്‍ പറയുക.
‘നമുക്ക് എങ്ങനെയെങ്കിലും ചെയ്യിക്കാം. അയാള്‍ ചെയ്യും’ എന്ന ചിന്തയാണ് തരുണിന്. ഒരു ക്യാരക്ടറിനെ കിട്ടിയാല്‍ പിന്നെ അവന്‍ അതിന്റെ പിന്നാലെ തൂങ്ങും. അങ്ങനെ തുടരും എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന് വേണ്ടി ഒരുപാട് ആളുകളിലേക്ക് പോയി.
അവസാനം തരുണ്‍ തന്നെയാണ് പ്രകാശ് വര്‍മയിലേക്ക് എത്തുന്നത്. പ്രകാശേട്ടനെ അപ്രോച്ച് ചെയ്തു. തരുണ്‍ തന്നെ നേരിട്ട് പോയി കണ്ടു. അദ്ദേഹത്തിന്റെ വൈഫായ സ്‌നേഹ ചേച്ചി കഥ കേള്‍ക്കുന്ന സമയത്ത് കൂടെ ഉണ്ടായിരുന്നു.
അന്ന് ചേച്ചിക്ക് ഒരു ഡിമാന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെ കൊണ്ടു പോകുന്നോ അതുപോലെ തന്നെ തിരിച്ചു കൊണ്ടുതരണം. അടിയും ഇടിയുമൊക്കെ ഉണ്ടെന്ന് പറഞ്ഞത് കൊണ്ടായിരുന്നു അത്,’ ബിനു പപ്പു പറയുന്നു.
Content Highlight: Binu Pappu Talks About Prakash Varma And Thudarum Movie