| Friday, 2nd May 2025, 12:34 pm

മമ്മൂക്കയെയും ലാലേട്ടനെയും നല്ല പരിചയമാണ്; എന്നാല്‍ 'ഇയാള്‍ എന്തൊരു നടനാണെടോ' എന്ന് തോന്നിപ്പിച്ചത് അദ്ദേഹം: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. പ്രിയനടന്‍ കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അഭിനയരംഗത്തേക്ക് കടക്കുന്നത്.

പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി, ലൂസിഫര്‍, തല്ലുമാല തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെടുകയായിരുന്നു. അതിനുപുറമെ ഗപ്പി, മായാനദി, അമ്പിളി, വൈറസ്, ഹലാല്‍ ലവ് സ്റ്റോറി, വണ്‍, നാരദന്‍, തല്ലുമാല, പുഴു, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതിനൊപ്പം മമ്മൂട്ടിയുടെ കൂടെയും മോഹന്‍ലാലിന്റെ കൂടെയും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള നടനാണ് ബിനു പപ്പു. ഇപ്പോള്‍ മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് പറയുകയാണ് ബിനു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാലേട്ടന്റെ കൂടെ അഭിനയിക്കുകയെന്നത് ചെറിയ കാര്യമല്ല. അദ്ദേഹം വരും, അഭിനയിക്കും. ലൂസിഫര്‍ സിനിമയില്‍ നിലത്ത് ഇരിക്കുന്നത് അദ്ദേഹമാണ്. ഞാന്‍ നടന്ന് വന്നിട്ടാണ് ഡയലോഗ് പറയുന്നത്. അപ്പോള്‍ അദ്ദേഹം പടപടാന്ന് ഡയലോഗ് പറയുന്നത് കാണാം.

ഞാന്‍ ആ സമയത്ത് ‘ഇത് എങ്ങനെയാണാവോ ഇങ്ങനെ പഠിച്ച് പറയുന്നത്’ എന്നായിരുന്നു ചിന്തിച്ചത്. എനിക്ക് അവിടെ നില്‍ക്കുന്ന സമയം മുതല്‍ കാലും കയ്യും വിറക്കാന്‍ തുടങ്ങും. പക്ഷെ മമ്മൂക്കയുടെ അടുത്താണെങ്കില്‍ അങ്ങനെയല്ല.

എന്നുവെച്ചാല്‍, മമ്മൂക്ക ഈസിയാണ് എന്നല്ല ഞാന്‍ പറയുന്നത്. മമ്മൂക്കയെ നമുക്ക് നല്ല പരിചയമാണ്. ലാലേട്ടനെയും നല്ല പരിചയമാണ്, നന്നായിട്ട് സംസാരിക്കുകയും ചെയ്യും. പക്ഷെ ഇയാള്‍ എന്തൊരു നടനാണെടോയെന്ന് തോന്നി പോകും. ഡയലോഗൊക്കെ പറയുമ്പോള്‍ നമ്മുടെ കയ്യും കാലുമൊക്കെ വിറയ്ക്കാന്‍ തുടങ്ങും,’ ബിനു പപ്പു പറയുന്നു.

Content Highlight: Binu Pappu Talks About Mohanlal

We use cookies to give you the best possible experience. Learn more