അദ്ദേഹമെന്റെ ഗുരുനാഥനും തരുണ്‍ എന്റെ അടുത്ത സുഹൃത്തുമാണ്: ബിനു പപ്പു
Malayalam Cinema
അദ്ദേഹമെന്റെ ഗുരുനാഥനും തരുണ്‍ എന്റെ അടുത്ത സുഹൃത്തുമാണ്: ബിനു പപ്പു
ഐറിന്‍ മരിയ ആന്റണി
Friday, 27th February 2026, 11:01 pm

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. നടന്‍ കുതിരവട്ടം പപ്പുവിന്റെ മകന്‍ കൂടിയായ ബിനു പപ്പു, ചുരുങ്ങിയ കാലംകൊണ്ട് തന്നെ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയിട്ടുണ്ട്. ഹെലന്‍, ഭീമന്റെ വഴി, സൗദി വെള്ളക്ക എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരം അടുത്ത് വന്ന എക്കോയിലും തുടരുമിലും തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ചു.

സ്‌ക്രീനില്‍ മുന്നിലും പിന്നിലുമായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ബിനു പപ്പു തന്റെ സിനിമയിലെ സുഹൃത്തുക്കളെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍. ആഷിഖ് അബു തന്റെ ഗുരുനാഥനാണെന്നും ജോണ്‍ പോള്‍ ജോര്‍ജ്, തരുണ്‍ മൂര്‍ത്തി എന്നിവര്‍ അടുത്ത സുഹൃത്തുക്കളാണെന്നും അദ്ദേഹം പറയുന്നു.

‘തരുണുമായി ഒരു ബ്രദര്‍ലി റിലേഷന്‍ഷിപ്പാണ് ഉള്ളത്. ഞാനും തരുണും തമ്മില്‍ നല്ലൊരു ‘ഗിവ് ആന്‍ഡ് ടേക്ക്’ ഉണ്ട്. തരുണ്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ എനിക്കു പെട്ടെന്ന് മനസിലാകും. ജിനു ജോസഫ്, എഡിറ്റര്‍ വിവേക് ഹര്‍ഷന്‍ എന്നിവരും അടുത്ത സുഹൃത്തുക്കളാണ്. സിനിമയുടെ എല്ലാ മേഖലകളോടും എനിക്ക് വലിയ താല്‍പര്യമാണ്. ആ താല്‍പര്യം കൊണ്ടുതന്നെയാണ് എല്ലാ മേഖലയിലും കൈവയ്ക്കുന്നത്.

ഇനി മരിക്കുന്നതുവരെ സിനിമയേ ഉള്ളു എനിക്ക്. എന്റെ തൊഴിലില്‍ 100 ശതമാനം സമര്‍പ്പണം നല്‍കിയേ മതിയാകു. ഇപ്പോള്‍ കോ-ഡയറക്ടര്‍ വരെയായി. ഭാവിയില്‍ ഒരു സിനിമ ഡയറക്ട് ചെയ്യാം എന്ന വിശ്വാസത്തിലാണ് ഞാന്‍ നില്‍ക്കുന്നത്,’ ബിനു പപ്പു പറയുന്നു.

തനിക്കു തരുണ്‍ മൂര്‍ത്തിയുമായി വലിയൊരു റാപ്പോ ഉണ്ടെന്നും തങ്ങള്‍ ഒരുമിച്ച് ഇപ്പോള്‍ നാലാമത്തെ സിനിമയാണ് ചെയ്യുന്നതെന്നും ബിനു പപ്പു പറയുന്നു. തരുണ്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ‘ടോര്‍പ്പിഡോ’ എന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ണമായും താന്‍ എഴുതിയതാണെന്നും തനിക്ക് വലിയ ആത്മവിശ്വാസം നല്‍കിയത് സൗദി വെള്ളക്ക, വണ്‍, ഓപ്പറേഷന്‍ ജാവ തുടങ്ങിയ ചിത്രങ്ങളാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഭാവന നായികയായെത്തിയ അനോമിയാണ് ബിനു പപ്പുവിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. നസ്‌ലെന്‍ നായകനാകുന്ന മോളിവുഡ് ടൈംസാണ് താരത്തിന്റേതായി വരാനിരിക്കുന്ന സിനിമ.

Content Highlight: Binu Pappu talks  about his friends in the film industry 

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.