| Friday, 16th May 2025, 4:37 pm

അങ്ങനെ ഒരു ആഗ്രഹം ഉള്ളിലുള്ളത് കൊണ്ട് പറയാം; അച്ഛന്റെ ആ രണ്ട് കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഇന്ന് പരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അഭിനയരംഗത്തേക്ക് കടക്കുന്നത്.

പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലിന്റെ പുതിയ ചിത്രമായ തുടരും ചിത്രത്തിലും ബിനു പപ്പു പ്രധാനവേഷം ചെയ്തു, ചിത്രത്തിന്റെ സഹ സംവിധായകനുമാണ് അദ്ദേഹം.

കുതിരവട്ടം പപ്പു ചെയ്ത കഥാപാത്രങ്ങളില്‍ തനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള കഥാപാത്രം ഏതാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ബിനു പപ്പു. തന്റെ അച്ഛന്റെ കഥാപാത്രങ്ങള്‍ മാത്രമല്ല മറിച്ച് കൂടെ അഭിനയിച്ച ജഗതി ശ്രീകുമാറിന്റെയും മാളയുടേയുമെല്ലാം എല്ലാം കഥാപാത്രങ്ങള്‍ അവര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്നതാണെന്ന് ബിനു പപ്പു പറയുന്നു.

എന്നാലും തന്റെ അച്ഛന്‍ ചെയ്ത രണ്ട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് താത്പര്യം ഉണ്ടെന്നും അതില്‍ ഒന്ന് അങ്ങാടി എന്ന സിനിമയിലെ അബു എന്ന കഥാപാത്രം ആണെന്നും മറ്റൊന്ന് അവളുടെ രാവുകളിലെ സൈക്കിള്‍ റിക്ഷാക്കാരന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിഷമംപിടിച്ച ചോദ്യമാണത്. അച്ഛന്റെ കഥാപാത്രങ്ങളില്‍ ഇഷ്ടം ഏതാണെന്നൊക്കെ ചോദിച്ചിട്ടുണ്ട്. പക്ഷേ, ഇങ്ങനെയൊരു കാര്യം ആലോചിച്ചിട്ടില്ല (ചിരി). അച്ഛന്റെ കഥാപാത്രങ്ങള്‍ മാത്രമല്ല, അച്ഛന്റെ കൂടെയഭിനയിച്ചവരും, ജഗതി ചേട്ടനായാലും മാള ചേട്ടനായാലും അവര്‍ക്ക് മാത്രം സാധിക്കുന്ന രീതിയിലാണ് ചെയ്തിട്ടുള്ളത്.

നമ്മള്‍ അത് വീണ്ടും ചെയ്യുമ്പോള്‍ അതിനൊപ്പം, അല്ലെങ്കില്‍ അതിന് മുകളില്‍ നില്‍ക്കണം. അത് അസാധ്യമായ കാര്യമാണ്. എന്നാലും ചോദ്യം ഇഷ്ടപ്പെട്ടതുകൊണ്ടും അങ്ങനെ ഒരു ആഗ്രഹം ഉള്ളിലുള്ളത് കൊണ്ടും പറയാം. രണ്ട് കഥാപാത്രങ്ങളുണ്ട്. ഒന്ന് അങ്ങാടിയിലെ അബു. രണ്ടാമത്തെ കഥാപാത്രം അവളുടെ രാവുകളിലെ സൈക്കിള്‍ റിക്ഷക്കാരന്‍,’ ബിനു പപ്പു പറയുന്നു.

Content Highlight: Binu Pappu Talks About His Father Kuthiravattam Pappu

Latest Stories

We use cookies to give you the best possible experience. Learn more