ആദ്യം വലിയ ആവേശമായിരുന്നു; പിന്നെ ഒരേപോലെയുള്ള വേഷങ്ങളില്‍ ഒതുങ്ങിപ്പോകുമോ എന്ന് പേടിച്ചു: ബിനു പപ്പു
Malayalam Cinema
ആദ്യം വലിയ ആവേശമായിരുന്നു; പിന്നെ ഒരേപോലെയുള്ള വേഷങ്ങളില്‍ ഒതുങ്ങിപ്പോകുമോ എന്ന് പേടിച്ചു: ബിനു പപ്പു
ഐറിന്‍ മരിയ ആന്റണി
Wednesday, 25th February 2026, 9:39 pm

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. കുതിരവട്ടം പപ്പുവിന്റെ മകന്‍ എന്നതിലുപരി മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിന് കഴിഞ്ഞിരുന്നു.

കുറെ ഏറെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഹെലന്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി, തുടരും എന്നീ സിനിമകളിലെ പ്രകടനത്തിലൂടെയാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെ വന്ന എക്കോയിലും ബിനു പപ്പു ഗംഭീര പെര്‍ഫോമന്‍സാണ് കാഴ്ച്ചവെച്ചത്.

തന്റെ കരിയറില്‍ 45ാളം സിനിമകളില്‍ ഭാഗമായ ബിനു പപ്പു പതിനെട്ടോളം ചിത്രങ്ങളിലും പൊലീസ് വേഷത്തിലാണ് എത്തിയത്. ഇപ്പോള്‍ മനോരമ ആഴ്ച്ചപതിപ്പുമായുള്ള അഭിമുഖത്തില്‍ എന്തുകൊണ്ടാണ് താന്‍ പൊലീസ് വേഷങ്ങള്‍ മാത്രം തെരഞ്ഞെടുക്കുന്നതെന്ന് നടന്‍ പറയുന്നു. തന്റെ ഉയരമോ രൂപമോ കാരണമാകാം പലപ്പോഴും അങ്ങനെ സംഭവിക്കുന്നതെന്ന് ബിനു പപ്പു പറഞ്ഞു.

‘ആദ്യമൊക്കെ വലിയ ആവേശമായിരുന്നു. എന്നാല്‍, പിന്നീട് ഒരേതരം വേഷങ്ങളിലേക്ക് ഒതുങ്ങിപ്പോകുമോ എന്ന പേടിയുണ്ടായി. അതുകൊണ്ട്, ഇപ്പോള്‍ കഥാപാത്രത്തിന് എന്തെങ്കിലും ആഴമുണ്ടെങ്കില്‍ മാത്രമേ പൊലീസ് വേഷങ്ങള്‍ സ്വീകരിക്കാറുള്ളൂ. ‘ഓപ്പറേഷന്‍ ജാവ’യിലെ ജോയ് പുളിമൂട്ടില്‍ എന്ന ക്യാരക്ടര്‍ എനിക്കു വളരെ പ്രിയപ്പെട്ടതാണ്.

അയാള്‍ ഒരു പൊലീസുകാരന്‍ എന്നതിലുപരി മനുഷ്യത്വമുള്ള ഒരു ജ്യേഷ്ഠനെപ്പോലെയുള്ള ആളാണ്. അതുപോലെ ‘തുടരും’ എന്ന ചിത്രത്തിലെ ക്യാരക്ടര്‍ തികച്ചും വ്യത്യസ്തമാണ്. അയാള്‍ക്ക് ഒരു വ്യക്തമായ നിലപാടില്ലാത്ത, മുകളില്‍നിന്നുള്ള ഉത്തരവുകള്‍ വാലാട്ടി അനുസരിക്കേണ്ടിവരുന്ന ഒരാളാണ്. അധികാരത്തോടുള്ള ആഗ്രഹവും എന്നാല്‍ ഉള്ളിന്റെയുള്ളിലെ മനുഷ്യത്വവും ഒക്കെ ആ വേഷത്തെ മനോഹരമാക്കി,’ ബിനു പപ്പു പറയുന്നു.

ഓരോ പൊലീസ് വേഷത്തിലും വ്യത്യസ്തമായ മാനറിസങ്ങള്‍ കൊണ്ടുവരാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത, ഇനി റിലീസ് ആവാനുള്ള സിനിമയിലും തനിക്കു പൊലീസ് വേഷമാണെന്നും നടന്‍ പറഞ്ഞു. അഭിനയസാധ്യതയുണ്ടെങ്കില്‍ ഇനിയും പൊലീസ് വേഷം ചെയ്യുന്നതില്‍ കുഴപ്പമില്ല എന്നാണ് തന്റെ പക്ഷമെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു.

അനോമിയാണ് ബിനു പപ്പുവിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ഭാനവ പ്രധാനവേഷത്തിലെത്തിയ ചിത്രം നവാഗതനായ റിയാസ് മാരത്താണ് സംവിധാനം ചെയ്തത്.

Content Highlight:  Binu Pappu talks about choosing police roles

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.