മലയാളികള്‍ക്ക് ഇന്ന് പരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അഭിനയരംഗത്തേക്ക് കടക്കുന്നത്.
പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹൻലാലിൻ്റെ പുതിയ ചിത്രമായ തുടരും ചിത്രത്തിലും ബിനു പപ്പു പ്രധാനവേഷം ചെയ്തു, ചിത്രത്തിൻ്റെ സഹസംവിധാകനുമാണ് അദ്ദേഹം. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു.
മമ്മൂട്ടിയുടെ കൂടെയാണ് താൻ പടങ്ങൾ അധികവും ചെയ്തിട്ടുള്ളതെന്നും മമ്മൂട്ടി എന്നുപറയുന്നത് മൂത്ത ഇക്കയുടെ സ്ഥാനത്താണെന്നും ബിനു പപ്പു പറഞ്ഞു. മമ്മൂട്ടിയോട് തമാശ പറയാമെന്നും ട്രോളാമെന്നും മമ്മൂട്ടിയും തിരിച്ചുട്രോളുമെന്നും ബിനു പപ്പു പറയുന്നു.
നമ്മളെ ട്രോളി കസേരയിൽ ഇരുത്തിതരുമെന്നും നോക്കിയും കണ്ടും കളിച്ചില്ലെങ്കിൽ മമ്മൂട്ടി അടിമുടി വാരുമെന്നും ബിനു പപ്പു പറഞ്ഞു. അച്ഛനോടുള്ള അടുപ്പം കൊണ്ടായിരിക്കും അങ്ങനെയുള്ള സ്പേസ് മമ്മൂട്ടി തനിക്ക് തരുന്നതെന്നും താൻ അതിനെ ബുദ്ധിമുട്ടിക്കാൻ പോയിട്ടില്ലെന്നും ബിനു പപ്പു വ്യക്തമാക്കി.
ഒരു ലെജൻ്റ് തന്നെയാണ് മമ്മൂട്ടിയെന്നും ബിനു പപ്പു കൂട്ടിച്ചേർത്തു. റെഡ്. എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്കയുടെ കൂടെയാണ് പിന്നെയും കുറെ പടങ്ങൾ ചെയ്തത്. നമുക്ക് മമ്മൂക്ക എന്നുപറയുന്നത് മൂത്ത ഇക്കയാണ്. പുള്ളിയോട് തമാശ പറയാം. പുള്ളിയെ ട്രോളാം. പുള്ളി തിരിച്ച് ട്രോളും. നല്ല അടിപൊളിയായിട്ട് ട്രോളും. നമ്മളെ ട്രോളി കസേരയിൽ ഇരുത്തി തരും. നോക്കിയും കണ്ടും കളിച്ചില്ലെങ്കിൽ അടിമുടി മൂപ്പർ വാരും.
എനിക്ക് തോന്നുന്നത് അങ്ങനെയുള്ള സ്പേസ് നമുക്ക് തരുന്നത് അച്ഛനോടുള്ള അടുപ്പം കൊണ്ടായിരിക്കണം. നമ്മൾ അതിനെ ബുദ്ധിമുട്ടിക്കാനും പോയിട്ടില്ല. നമ്മൾ ആ റെസ്പെക്ടും കൊടുക്കുന്നുണ്ട്. ചെറിയ തോതിൽ ലെജൻ്റ് എന്നുപറയുന്നത് പോലെയല്ലല്ലോ, അത് ശരിക്കും ഒരു ലെജൻ്റാണ്,’ ബിനു പപ്പു പറയുന്നു.
Content Highlight: Binu Pappu Talking About Mammootty