| Sunday, 4th May 2025, 10:11 pm

ലാലേട്ടന്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുണ്ടായിരുന്നു, വീഴുമെന്ന് സെറ്റിലുള്ള ആരും കരുതിയില്ല: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ ജനസാഗരം തീര്‍ത്ത് മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. തരുണ്‍ മൂര്‍ത്തി എന്ന യുവസംവിധായകന്റെ കൈയില്‍ തന്റെ ഇഷ്ടനടനെ കിട്ടിയപ്പോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള സിനിമയാണ് ലഭിച്ചത്. മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച സിനിമയായി തുടരും മാറി.

തുടരും സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തിലെ പ്രധാന നടന്മാരില്‍ ഒരാളും കോ ഡയറക്ടറുമായ ബിനു പപ്പു. ചിത്രത്തില്‍ മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയപാടവം എടുത്തറിയിച്ച സീനുകളിലൊന്നായിരുന്നു ബാത്ത്‌റൂമിലിരുന്ന് കരയുന്ന രംഗം. ആ സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് മോഹന്‍ലാല്‍ ചുറ്റും നോക്കുകയായിരുന്നെന്ന് ബിനു പപ്പു പറഞ്ഞു.

ആക്ഷന്‍ പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ കരയാന്‍ ആരംഭിച്ചെന്നും കരഞ്ഞുകൊണ്ട് അദ്ദേഹം നിലത്തിരുന്നെന്നും ബിനു കൂട്ടിച്ചേര്‍ത്തു. പിന്നീടാണ് അദ്ദേഹം ബാലന്‍സ് തെറ്റി വീണതെന്നും ആ സമയത്ത് എല്ലാവരും ഞെട്ടിയെന്നും ബിനു പപ്പു പറഞ്ഞു. ശരിക്കും വീണതാണോ അതോ അഭിനയത്തിന്റെ ഭാഗമാണോ എന്ന് അറിയാതെ പലരും അന്തം വിട്ട് നിന്നെന്നും ബിനു കൂട്ടിച്ചേര്‍ത്തു.

ടെന്‍ഷനായ തരുണ്‍ മൂര്‍ത്തി കട്ട് വിളിക്കാന്‍ പോയെന്നും താനാണ് തരുണിനെ തടഞ്ഞതെന്നും ബിനു പപ്പു പറഞ്ഞു. അത് മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സാണെന്ന് മനസിലായെന്നും അത് അങ്ങനെ തന്നെ ഷൂട്ട് ചെയ്‌തെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ അങ്ങനെ പെര്‍ഫോം ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ലെന്നും ബിനു പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ബിനു പപ്പു.

‘ബാത്ത്‌റൂമില്‍ വെച്ച് കരയുന്ന സീന്‍ എടുത്തത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ആ സീന്‍ എടുക്കുന്നതിന് മുമ്പ് ലാലേട്ടന്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുണ്ടായിരുന്നു. ആക്ഷന്‍ പറഞ്ഞതും ലാലേട്ടന്‍ കരയാന്‍ തുടങ്ങി. കരഞ്ഞുകൊണ്ട് അദ്ദേഹം നിലത്ത് ഇരുന്നു. ആ ഇരിപ്പില്‍ അദ്ദേഹം നിലത്തേക്ക് വീഴുകയായിരുന്നു.

സെറ്റിലുണ്ടായിരുന്ന എല്ലാവരും ഞെട്ടി. ലാലേട്ടന്‍ ശരിക്കും വീണതാണോ അതോ പെര്‍ഫോമന്‍സിന്റെ ഭാഗമാണോ എന്ന് മനസിലായില്ല. തരുണ്‍ ‘ക…’ എന്ന് പറയാന്‍ പോയതും ഞാനവനെ തടഞ്ഞു. ‘കട്ട് വിളിക്കരുത്, അത് പെര്‍ഫോമന്‍സിന്റെ ഭാഗമാണ്’ എന്ന് അവനോട് പറഞ്ഞു. ലാലേട്ടന്‍ അങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല,’ ബിനു പപ്പു പറഞ്ഞു.

Content Highlight: Binu Pappu shares the shooting experience of Mohanlal’s emotional scene in Thudarum movie

We use cookies to give you the best possible experience. Learn more