മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് ബിനു പപ്പു. ആഷിക് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് ബിനു പപ്പു അഭിനയലോകത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ബിനു പപ്പു ശ്രദ്ധേയനായി. വൈറസ്, പുഴു, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും ബിനു പപ്പു പ്രവര്‍ത്തിച്ചിട്ടുണ്ട്.
കുതിരവട്ടം പപ്പുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബിനു പപ്പു. ശ്വാസകോശ രോഗം ബാധിച്ചതിന് ശേഷം വളരെ ക്രിട്ടിക്കലായ അവസ്ഥയില്‍ നിന്ന് കുതിരവട്ടം പപ്പുവിനെ തിരികെ കൊണ്ടുവന്നെന്ന് ബിനു പപ്പു പറഞ്ഞു. തിരികെ കിട്ടില്ല എന്നായിരുന്നു എല്ലാവരും വിചാരിച്ചതെന്നും എന്നാല്‍ ഡോക്ടര്‍മാരുടെ ശ്രമത്തിന്റെ ഫലമായി അദ്ദേഹത്തെ തിരിച്ചുകിട്ടിയെന്നും ബിനു കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വീട്ടിലെത്തിയ ശേഷം ആള്‍ക്കൂട്ടത്തിലേക്ക് അച്ഛനെ ഇറക്കരുതെന്ന് ഡോക്ടര്‍മാര്‍ പ്രത്യേകം എടുത്തു പറഞ്ഞെന്നും അത്രമാത്രം അപകടകരമായ അവസ്ഥയിലാണ് അദ്ദേഹത്തിന്റെ ശ്വാസകോശമെന്ന് സൂചിപ്പിച്ചെന്നും ബിനു പപ്പു പറഞ്ഞു. അച്ഛന്റെ റൂമില്‍ ഡമ്മി ഫോണായിരുന്നു തങ്ങള്‍ വെച്ചതെന്നും ആ ഫോണ്‍ വര്‍ക്കാകില്ലായിരുന്നെന്നും ബിനു പറയുന്നു.
ശരിക്കുമുള്ള ഫോണ്‍ വെച്ചാല്‍ ആരെങ്കിലും സിനിമ ചെയ്യാന്‍ വേണ്ടി അച്ഛന്‍ അതിന് പോകുമെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു. വയര്‍ലെസ്സ് ഫോണ്‍ അടുക്കളയിലായിരുന്നു വെച്ചതെന്നും സിനിമക്കായി വിളിക്കുമ്പോള്‍ ആ കോളുകള്‍ അമ്മ അറ്റന്‍ഡ് ചെയ്യുമായിരുന്നെന്നും ബിനു പപ്പു പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ബിനു പപ്പു.
‘കിട്ടില്ല എന്ന പോയിന്റില്‍ നിന്നാണ് അച്ഛനെ ഞങ്ങള്‍ക്ക് തിരിച്ചുകിട്ടിയത്. ഒരു കാരണവശാലും വീടു വിട്ട് പുറത്തുപോകരുതെന്നും ആളുകളെ അടുപ്പിക്കരുതെന്നും ഡോക്ടര്‍മാര്‍ പ്രത്യേകം പറഞ്ഞിരുന്നു. കാരണം, ലങ്‌സിലാണ് അച്ഛന് പ്രോബ്ലം. ചെറുതായിട്ട് പൊടിയടിച്ചാല്‍ പോലും അത് വലിയ പ്രശ്‌നമാകുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പായിരുന്നു.
വീട്ടിലെത്തിയതിന് ശേഷം അച്ഛന്റെ റൂമില്‍ ഡമ്മി ഫോണാണ് കൊണ്ടുവച്ചത്. കാരണം, ആരെങ്കിലും വിളിച്ചാല്‍ അച്ഛന്‍ ഉറപ്പായിട്ടും കമ്മിറ്റ് ചെയ്യും. അത് ഒഴിവാക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. ആളുകള്‍ വിളിക്കുമ്പോള്‍ എടുക്കാന്‍ വേണ്ടി ഒരു വയര്‍ലെസ്സ് ഫോണ്‍ അടുക്കളയില്‍ വെച്ചിട്ടുണ്ടായിരുന്നു. അമ്മ ഓരോ കോളും എടുത്ത് മറുപടി പറയുകയായിരുന്നു,’ ബിനു പപ്പു പറയുന്നു.
Content Highlight: Binu Pappu shares the memories of Kuthiravattam Pappu