| Sunday, 4th May 2025, 9:19 am

അച്ഛനെ അനുകരിക്കാന്‍ എനിക്ക് ഭയമാണ്; അതാണ് ആരോഗ്യത്തിന് നല്ലത്: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. പ്രിയനടന്‍ കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അഭിനയരംഗത്തേക്ക് കടക്കുന്നത്.

പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി, ലൂസിഫര്‍, തല്ലുമാല തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെടുകയായിരുന്നു. അതിനുപുറമെ ഗപ്പി, മായാനദി, അമ്പിളി, വൈറസ്, ഹലാല്‍ ലവ് സ്റ്റോറി, വണ്‍, നാരദന്‍, തല്ലുമാല, പുഴു, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹാസ്യ കഥാപാത്രമായും മറ്റും മലയാളികളെ ഏറെ വിസ്മയിപ്പിച്ച നടനാണ് കുതിരവട്ടം പപ്പു. ഇപ്പോള്‍ കുതിരവട്ടം പപ്പു സിനിമയില്‍ ചെയ്ത കാര്യങ്ങളോ അദ്ദേഹത്തിന്റെ അഭിനയ ശൈലിയോ അനുകരിക്കാന്‍ തനിക്ക് ഭയമാണെന്ന് ബിനു പപ്പു പറയുന്നു.

അദ്ദേഹത്തിന്റെ ശൈലിയും മറ്റും പിന്തുടരുന്നത് തനിക്ക് ഒരു തിരിച്ചടിയായി മാറുകയെ ഉള്ളുവെന്നും അത്രയും മനോഹരമായാണ് പലതും ചെയ്ത് വെച്ചിരിക്കുന്നതെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു. അന്നുള്ള പല ആര്‍ട്ടിസ്റ്റുകള്‍ക്കും ഒരു ഗിവണ്‍ ടേക്ക് ഫോര്‍മാറ്റുണ്ടായിരുന്നുവെന്നും അവര്‍ മനോഹരമായി അത് സ്‌ക്രീനില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും തന്റെ അച്ഛനെ പോലെ അനുകരിക്കാതിരിക്കുന്നതാണ് തനിക്ക് നല്ലതെന്നും ബിനു പറഞ്ഞു. കൗമുദി മൂവിസില്‍ സംസാരിക്കുകയായിരുന്നു ബിനു പപ്പു.

‘അങ്ങനെ ചെയ്ത് നോക്കിയാലോ, അച്ഛന്‍ സിനിമയില്‍ എന്തെങ്കിലും ചെയ്യുന്നത് കണ്ടിട്ട് ചെയ്തു നോക്കിയാലോ എന്നുള്ളതിനെ ഞാന്‍ വളരെ അധികം ഭയപ്പെടുന്നു. കാരണം അതെനിക്ക് തിരിച്ചടി ആകുകയേ ഉള്ളൂ. കാരണം അതങ്ങനെയാണ് ചെയ്ത് വെച്ചിരിക്കുന്നത്. ആ സമയത്ത് പല ആര്‍ട്ടിസ്റ്റുകള്‍ തമ്മിലൊരു കെമിസ്ട്രി ഉണ്ട്. ഇവരുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഗിവണ്‍ ടേക്ക്‌സ് ഭയങ്കര രസമുള്ള കാര്യമാണ്. അവര്‍ക്ക് അതൊരു ഫണ്‍ മാനര്‍ ആണ്. അവരൊക്കെ വേറെ തന്നെ ലീഗുള്ള ആക്ടേഴ്സാണ്. നമ്മള്‍ ആരെയും മോശക്കാരന്‍ ആക്കുന്നതല്ല.

പക്ഷേ അവര്‍ വേറെ ലീഗിലുള്ള ആക്ടേഴ്സാണ്. എന്തെങ്കിലും സിറ്റുവേഷന്‍ കൊടുത്ത് കഴിഞ്ഞാല്‍ ജീവിച്ച് മരിച്ച് തീര്‍ത്തങ്ങ് കയ്യില്‍ തരും. ഞാന്‍ ഒരിക്കലും അച്ഛന്റെ ആക്റ്റിങ് പാറ്റേണിനെ ഫോളോ ചെയ്യാറില്ല, സ്വാഭാവികമായിട്ടും ചില വാക്കുകള്‍ പറയുമ്പോള്‍ ഒരു നീട്ടല്‍ എനിക്ക് വരാറുണ്ട്. തുടരും സിനിമയില്‍ തന്നെ ലാലേട്ടന്‍ ‘വണ്ടിയുടെ അകത്ത് നിന്ന് കുടിക്കാറില്ല’ എന്ന് പറയുമ്പോള്‍ ഞാന്‍ ‘ആഹാ’ എന്ന് പറയുന്നുണ്ട്. അത് അച്ഛനങ്ങനെ ഒരുപാട് സിനിമയില്‍ പറഞ്ഞിട്ടുണ്ട്. അത് എനിക്ക് ഓട്ടോമാറ്റിക്കലി വന്നതാണ്. കഴിവതും ഞാന്‍ അത് പഠിക്കാതിരിക്കുക എന്നുള്ളതാണ് എന്റെ ആരോഗ്യത്തിന് നല്ലത്,’ ബിനു പപ്പു പറയുന്നു.

Content Highlight: Binu Pappu says that he is afraid to imitate what Pappu did in the movie Kuthiravattam Pappu  or his acting style.

We use cookies to give you the best possible experience. Learn more