| Saturday, 10th May 2025, 10:09 pm

ശോഭന മാമുമായുള്ള സീനില്‍ നാലാമത്തെ ടേക്ക് തെറ്റിയതോടെ ആ ആര്‍ട്ടിസ്റ്റിന് പേടിയായി, അവസാനം മാം അവരെ ഹഗ് ചെയ്ത് ഓക്കെയാക്കി: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി തന്റെ ഇഷ്ടനടനെ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവങ്ങളില്‍ ഒന്നായി തുടരും മാറി. ബോക്സ് ഓഫീസില്‍ നിന്ന് ഇതിനോടകം 175 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കി.

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും കോ ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്ത ബിനു പപ്പു. മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച അമൃത വര്‍ഷിണി മികച്ച പെര്‍ഫോമന്‍സായിരുന്നെന്ന് ബിനു പപ്പു പറഞ്ഞു. എന്നാല്‍ ഷൂട്ടിന്റെ തുടക്കത്തില്‍ അമൃത വര്‍ഷിണിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നെന്നും എല്ലാവരും പരമാവധി ഓക്കെയാക്കാന്‍ ശ്രമിച്ചെന്നും ബിനു കൂട്ടിച്ചേര്‍ത്തു.

ശോഭനയുമായുള്ള ആദ്യത്തെ കോമ്പിനേഷന്‍ സീനില്‍ അമൃത വര്‍ഷിണിക്ക് നല്ല പേടിയുണ്ടായിരുന്നെന്ന് ബിനു പപ്പു പറയുന്നു. നാല് ടേക്ക് വരെ ആ സീന്‍ പോയെന്നും അപ്പോഴേക്ക് ആളുടെ പേടി കൂടിയെന്നും ബിനു കൂട്ടിച്ചേര്‍ത്തു. പിന്നീട് ശോഭന അമൃത വര്‍ഷിണിയെ കെട്ടിപ്പിടിച്ച് ഓക്കെയാക്കിയ ശേഷമാണ് സീന്‍ ശരിയായതെന്നും ബിനു പപ്പു പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ബിനു പപ്പു.

‘അമൃതവര്‍ഷിണിക്ക് സെറ്റിലെത്തിയ സമയത്ത് അത്യാവശ്യം പേടിയുണ്ടായിരുന്നു. ആദ്യമായിട്ട് ഇത്രയും വലിയ സെറ്റിലെത്തിയതല്ലേ. ഇപ്പുറത്ത് നില്‍ക്കുന്നതാണെങ്കില്‍ ശോഭനയും. ഒരു സീനെടുത്തുകൊണ്ടിരിക്കുകയായിരുന്നു. നാലാമത്തെ ടേക്ക് കഴിഞ്ഞപ്പോഴേക്ക് അവള്‍ക്ക് ടെന്‍ഷനായി. ഓരോ ടേക്ക് കഴിയുമ്പോഴും ഇവളുടെ മുഖം മാറുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു.

അപ്പോഴേക്ക് മാം ഇടപെട്ടു. ശോഭന അവളെ ഹഗ് ചെയ്ത് ഓക്കെയാക്കി. ഇവളുടെ മുഖം മാറുന്നത് കണ്ടിട്ട് തരുണിനും ടെന്‍ഷനായി. എന്നോട് സൂക്ഷിക്കാന്‍ പറഞ്ഞു. മാം ഇവളെ കെട്ടിപിടിച്ചിട്ട് ‘അമ്മാ താന്‍, ഭയപ്പെടാതെ’ എന്ന് പറഞ്ഞ് ഓക്കെയാക്കി. പിന്നീട് ഇവള്‍ ഈസിയായി ട്രാക്കില്‍ കയറി. കൂടുതല്‍ കംഫര്‍ട്ടബിളായിട്ട് പെരുമാറി,’ ബിനു പപ്പു പറഞ്ഞു.

അതേസമയം മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും തുടരും സ്വന്തമാക്കി. 2023ല്‍ ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 സ്വന്തമാക്കിയ നേട്ടം മറികടന്നാണ് തുടരും ഇന്‍ഡസ്ട്രി ഹിറ്റായത്. 90 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി കളക്ഷന്‍ സ്വന്തമാക്കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

Content Highlight: Binu Pappu about the combination scenes of Amritha Varshsini and Shobana in Thudarum

Latest Stories

We use cookies to give you the best possible experience. Learn more