| Tuesday, 14th January 2025, 3:30 pm

നിവിൻ പോളി അന്ന് കുറെ സഹായിച്ചു, ക്ഷമയോടെയാണ് അവർ എന്റെ തെറ്റുകൾ പരിഹരിച്ചത്: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഇന്ന് പരിചിതനായ നടനാണ് ബിനു പപ്പു. കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു

നിവിൻ പോളി നായകനായ സഖാവ് എന്ന സിനിമയിലൂടെയാണ് ബിനു പപ്പു പ്രേക്ഷകർക്ക് സുപരിചതനാവുന്നത്. സഖാവിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം. സഖാവിലേക്ക് സംവിധായകൻ സിദ്ധാർഥ് ശിവ വിളിച്ചപ്പോൾ താൻ ആദ്യം നോ പറഞ്ഞിരുന്നുവെന്നും എന്നാൽ അന്ന് വർക്ക് ചെയ്തുകൊണ്ടിരുന്ന ഗപ്പി എന്ന സിനിമയുടെ സാംവിധായകൻ ജോൺ പോളാണ് സഖാവിലേക്ക് ചെന്നുനോക്കാൻ തന്നോട് പറഞ്ഞതെന്നും ബിനു പപ്പു പറയുന്നു. അഭിനയം ആദ്യമൊന്നും ശരിയായില്ലെന്നും അന്ന് നിവിൻ പോളിയും സിനിമയിലെ മറ്റുള്ളവരും ഒരുപാട് സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ബിനു പപ്പു എന്ന ഐഡൻ്റിറ്റി തന്നത് സഖാവാണ്. അതിനുമുൻപ് ഗപ്പിയിൽ അസിസ്റ്റന്റ്റായി ജോലിചെയ്തു. പലപ്പോഴും ടെക്നിക്കൽ സൈഡാണ് ഞാൻ തെരഞ്ഞെടുത്തിരുന്നത്. ഗപ്പിയിൽ വർക്ക്‌ ചെയ്യുമ്പോഴാണ് സിദ്ധാർഥ് ശിവ വിളിക്കുന്നത്. സഖാവിനുമുമ്പ് റാണി പദ്‌മിനി, ഗ്യാങ്സ്റ്റർ, ഗുണ്ട എന്നി പടങ്ങൾ ചെയ്‌തിരുന്നു.

ഗപ്പിയുടെ ഷൂട്ടിങ് നാഗർകോവിലിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സഖാവിലേക്ക് വിളി വരുന്നത്. സിദ്ധാർഥ് ശിവ വിളിച്ചപ്പോൾ തന്നെ ഞാൻ വണ്ടറടിച്ചു. ഏ.. എന്നെത്തന്നെയാണോ? ദേശീയപുരസ്‌കാരങ്ങളടക്കം ലഭിച്ച ആളുടെ സിനിമ എന്നാൽ അല്പം ഗൗരവത്തോടെ സമീപിക്കേണ്ടതായിരിക്കും. പണിയറിയാവുന്നവർക്കേ പങ്കെടുക്കാൻ പറ്റുള്ളൂ.

അതുകൊണ്ടുതന്നെ ഇല്ല, വരുന്നില്ല എന്നാണ് ആദ്യം പറഞ്ഞത്. അത് കേട്ട് ഗപ്പിയുടെ സംവിധായകൻ ജോൺ പോൾ ചോദിച്ചു, അതെന്താ നീ ഇല്ല എന്ന് പറഞ്ഞത്? ഇവിടെ പടം നടക്കുകയല്ലേ എന്ന് ഞാനും പറഞ്ഞു. ഇനി അഞ്ചുദിവസംകൂടിയല്ലേ ഷൂട്ട് ഉള്ളൂ, പോയി അഭിനയിക്കെടോ എന്നായി ജോൺ.

അന്ന് ജോൺ പറഞ്ഞ ഒരു കാര്യമുണ്ട്. സിദ്ധാർഥ് ശിവയെപ്പോലുള്ള ഒരു ഡയറക്ടർ വിളിക്കുമ്പോൾ നോ പറയരുത്. അറ്റ്ലീസ്റ്റ് പോയിട്ട് എന്താണെന്നെങ്കിലും അന്വേഷിച്ചിട്ട് വരണം. അങ്ങനെയാണ് സിദ്ധാർഥ് ശിവയെ കാണാൻപോകുന്നത്. അദ്ദേഹം കഥ മുഴുവനായും പറഞ്ഞുതന്നു. കഥ കേട്ടപ്പോൾ ഇതിലെനിക്കെന്തുകാര്യം എന്ന മട്ടായി എനിക്ക്. പ്രഭാകരൻ നീരാളി എന്ന പൊലീസുകാരനാണ് എനിക്കുള്ള വേഷം എന്നദ്ദേഹം പറഞ്ഞു.

നാലുദിവസത്തിനുള്ളിൽ ഷൂട്ടിങ് തുടങ്ങും, ബാഗെല്ലാം ഉണ്ടല്ലോ എന്ന് ചോദിച്ചു. ഞാൻ ജോണിൻ്റെ വണ്ടിയുമെടുത്താണ് വന്നത്. ഒന്നും കരുതിയിട്ടില്ല എന്ന് പറഞ്ഞപ്പോൾ നമ്മൾ തുടങ്ങുകയല്ലേ എന്നായി മൂപ്പർ. സിദ്ധാർഥ് ശിവയ്ക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ പിന്നെ എനിക്ക് ശങ്കിക്കേണ്ട കാര്യമില്ലല്ലോ. ശരി എന്ന് പറഞ്ഞ് ഞാനും കൈ കൊടുത്തു. നിവിൻ പോളി അന്ന് കുറേ സഹായിച്ചു. വളരെ ക്ഷമയോടെയാണ് തുടക്കത്തിലുണ്ടായ എന്റെ പാളിച്ചകളെ ‘സഖാവ്’ ടീം പരിഹരിച്ചത്. അത് വലിയൊരു പാഠമായിരുന്നു,’ബിനു പപ്പു പറയുന്നു.

Content Highlight: Binu Pappu About Sakhav Movie

We use cookies to give you the best possible experience. Learn more