| Friday, 2nd May 2025, 4:13 pm

മുഖത്ത് ക്ഷീണം പോരല്ലോ എന്ന് പറഞ്ഞ് മമ്മൂക്ക ചെറുതായിട്ട് ചൂടായി, ആ സിനിമയില്‍ അദ്ദേഹമാണ് അച്ഛനെ മേക്കപ്പ് ചെയ്തത്: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് ബിനു പപ്പു. ആഷിക് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് ബിനു പപ്പു അഭിനയലോകത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ബിനു പപ്പു ശ്രദ്ധേയനായി. വൈറസ്, പുഴു, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും ബിനു പപ്പു പ്രവര്‍ത്തിച്ചിട്ടുണ്ട്.

അച്ഛന്‍ കുതിരവട്ടം പപ്പുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബിനു പപ്പു. ദി കിങ് എന്ന സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തെക്കുറിച്ച് പലര്‍ക്കും തെറ്റിദ്ധാരണയുണ്ടെന്ന് ബിനു പപ്പു പറഞ്ഞു. ആ സിനിമയിലെ പപ്പുവിന്റെ കഥാപാത്രം പ്രായത്തിന്റെ അവശതകളുള്ള ആളാണെന്നും അതിനായി ശരീരത്തില്‍ മാറ്റം വരുത്തിയെന്നും ബിനു കൂട്ടിച്ചേര്‍ത്തു.

ആ സമയത്ത് ഡയബെറ്റിസ് ഉണ്ടായിരുന്നെങ്കിലും ആരോഗ്യത്തിന് കുറവുണ്ടായിരുന്നില്ലെന്നും ബിനു പപ്പു പറഞ്ഞു. എന്നാല്‍ ദി കിങ്ങിലെ കഥാപാത്രത്തിനായി ഭക്ഷണമൊക്കെ കണ്‍ട്രോള്‍ ചെയ്തിരുന്നെന്നും ബിനു കൂട്ടിച്ചേര്‍ത്തു. ആ സിനിമയെപ്പറ്റി പലരും പറഞ്ഞുകേള്‍ക്കുന്ന ഒരു കഥയുണ്ടെന്നും ബിനു പപ്പു പറയുന്നു.

ഷൂട്ടിനെത്തിയ കുതിരവട്ടം പപ്പുവിനെ കണ്ട് മമ്മൂട്ടി ചെറുതായി ദേഷ്യപ്പെട്ടെന്ന് ബിനു പപ്പു പറഞ്ഞു. മുഖത്ത് ക്ഷീണം പോരല്ലോ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയാണ് ആ സിനിമയില്‍ കുതിരവട്ടം പപ്പുവിന് മേക്കപ്പ് ചെയ്ത് കൊടുത്തതെന്നും അതിന്റെ ഫോട്ടോ ഇപ്പോഴും ഇന്റര്‍നെറ്റിലുണ്ടെന്നും ബിനു പപ്പു പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ബിനു പപ്പു.

‘അച്ഛന്‍ ചെയ്ത ക്യാരക്ടേഴ്‌സിന്റെ കാര്യം പറയുമ്പോള്‍ എടുത്തു പറയുന്ന ഒന്നാണ് ദി കിങ്ങിലെ വേഷം. ആ റോളിനെപ്പറ്റി ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ട്. അച്ഛന്‍ ശാരീരികമായി വയ്യാതിരിക്കുന്ന സമയത്ത് ചെയ്ത പടമാണോ അതെന്നാണ് പലരുടെയും സംശയം. പക്ഷേ, ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അച്ഛന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ആ ക്യാരക്ടറിന് വേണ്ടി അങ്ങനെ ആയതാണ്. ഡയബെറ്റിസ് ഉണ്ടായിരുന്നെങ്കിലും അത്ര കുഴപ്പമില്ലായിരുന്നു.

ഫുഡൊക്കെ കണ്‍ട്രോള്‍ ചെയ്തിട്ടാണ് ആ കഥാപാത്രത്തിന് വേണ്ട അവസ്ഥയിലെത്തിയത്. ആ സിനിമയെപ്പറ്റി പലരും പറഞ്ഞുകേട്ട ഒരു കഥയുണ്ട്. ആദ്യത്തെ ദിവസം അച്ഛന്‍ സെറ്റില്‍ പോയപ്പോള്‍ മമ്മൂക്ക ചെറുതായിട്ട് ചൂടായെന്ന് കേട്ടിട്ടുണ്ട്. ‘ഈ ക്യാരക്ടറിന് ഇങ്ങനെ വന്നാല്‍ മതിയോ?, കുറച്ചുകൂടി ക്ഷീണം വേണ്ടേ’ എന്ന് ചോദിച്ച് മമ്മൂക്ക തന്നെയാണ് അച്ഛന് മേക്കപ്പ് ചെയ്ത് കൊടുത്തത്. അതിന്റെ ഫോട്ടോ ഇപ്പോഴും ഇന്റര്‍നെറ്റിലുണ്ട്,’ ബിനു പപ്പു പറഞ്ഞു.

Content Highlight: Binu Pappu about Kuthiravattom Pappu’s character in The King movie and Mammootty

Latest Stories

We use cookies to give you the best possible experience. Learn more