| Wednesday, 12th December 2018, 3:56 pm

വനിത മതിലിനൊരുങ്ങുന്ന കേരളമേ, രഹ്‌ന ഫാത്തിമയുടെ തുടരുന്ന ജയില്‍വാസമെന്ന അനീതിയെ എങ്ങനെ ന്യായീകരിക്കും?

ബിലു പത്മിനി നാരായണന്‍

ഈ കുറിപ്പ് രഹ്‌നാ ഫാത്തിമയ്ക്ക് എതിരെ കേസെടുത്തതിനെക്കുറിച്ചല്ല. സംഘര്‍ഷാത്മകവും പരീക്ഷണാത്മകവുമായ സാമൂഹ്യ ഇടപെടലുകളില്‍ നിയമപരമായ അത്തരം വഴിത്തിരിവുകള്‍ ഉണ്ടാകാം. നവംബര്‍ 16ന് തള്ളിയ മുന്‍കൂര്‍ ജാമ്യം, ഡിസംബര്‍ 4ന് നിരസിച്ച ജാമ്യം എന്നിവയുള്‍പ്പെടെ അവരുടെ കാര്യത്തില്‍ നടന്നു കൊണ്ടിരിക്കുന്ന തുടര്‍നീതി നിഷേധത്തെക്കുറിച്ചാണ് പറയുന്നത്.

ഭരണഘടനാപരമായ ഒരു അവകാശത്തിനു വേണ്ടിയുള്ള പരിശ്രമത്തിന്റെ ഭാഗമായി രഹ്‌ന ചെയ്ത ചില കാര്യങ്ങളില്‍ നെഗറ്റീവ് റിസല്‍റ്റ് ഉണ്ടാക്കാവുന്നവ ഉള്‍പ്പെട്ടുവെങ്കില്‍ത്തന്നെ ജാമ്യം അനുവദിച്ച ശേഷവും അതിന്റെ നിയമകാര്യങ്ങള്‍ തുടരാമല്ലോ. ജാമ്യം നല്‍കല്‍ കേസില്‍ നിന്നുള്ള ഒഴിവാക്കല്‍ അല്ലല്ലോ.

സുപ്രീം കോടതി വിധി ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായിരുന്നില്ല എങ്കില്‍ കേരളത്തില്‍ അതൊരു ചര്‍ച്ചാ വിഷയത്തില്‍ ഒതുങ്ങുമായിരുന്നു. വിധിയെ ബി.ജെ.പിയും ആര്‍.എസ് എസും അനുകൂലിച്ചിരുന്നുവെങ്കിലും ഇന്നത്തെ സംഘര്‍ഷാവസ്ഥകള്‍ ഉണ്ടാകുമായിരുന്നില്ല. ഏതായാലും സര്‍ക്കാര്‍ വിധി നടപ്പാക്കലുമായിത്തന്നെ മുന്നോട്ടു പോയി.

ഇനി ,രഹ്‌നാ ഫാത്തിമയടക്കമുള്ള അഞ്ചോ ആറോ സ്ത്രീകള്‍ ശബരിമലക്കു പോകാന്‍ ശ്രമിച്ചില്ലായിരുന്നുവെങ്കില്‍ എന്നു കരുതുക…. വിശ്വാസികള്‍ക്കും പൊതു സമൂഹത്തിനും പ്രാവര്‍ത്തികമാക്കാന്‍ ഒട്ടും താല്‍പ്പര്യമില്ലാത്ത വിധി എന്ന സംഘപരിവാര്‍ ആരോപണത്തിന്റെ സാധൂകരണമായി, പെണ്ണുങ്ങള്‍ തിരിഞ്ഞു നോക്കാത്ത ശബരിമലയായി മാറുമായിരുന്നു ..!

നവോത്ഥാന സദസ്സുകളോ ഭരണഘടനാ ലിംഗനീതി ചര്‍ച്ചകളോ നമ്മള്‍ ഇന്ന് കാണുന്ന രീതിയില്‍ ഉണ്ടാവില്ലായിരുന്നു. കാരണം, കോടതിവിധിയെന്ന അമൂര്‍ത്ത സൈദ്ധാന്തികത ഒരു ക്രിയാ സന്ദര്‍ഭത്തെ മുന്‍നിര്‍ത്തിയാണ് നമ്മുടെ ജീവിതത്തിലെ ഒരു മൂര്‍ത്തയാഥാര്‍ത്ഥ്യമായി മാറുന്നത്. ആ ക്രിയയ്ക്കു മുന്‍പുണ്ടാകുന്നത് കേവല ചര്‍ച്ചകളും ക്രിയ നടന്നതിനു ശേഷമുള്ളത് സവിശേഷമായ സാമൂഹ്യ വ്യവഹാരവുമാണ്.

കോടതി വിധി വന്നതിനും അതിനു ശേഷമുള്ള ആദ്യത്തെ നട തുറക്കലില്‍ ലിബി മല കയറാന്‍ തുടങ്ങുന്നതിനും ഇടയിലുള്ള സമയത്ത് ശബരിമല സ്ത്രീ പ്രവേശനം കേരളത്തില്‍ ഒരു “നിയമ വിധി” മാത്രമാണ്. അത് ഭരണഘടനാപരമായ “നീതി” എന്നതിന്റെ നിര്‍വ്വഹണ പ്രശ്‌നമായി മാറുന്നത് ഒരു സ്ത്രീയെങ്കിലും മലകയറാന്‍ ശ്രമിക്കുന്നതോടെയാണ്… ആ ആദ്യശ്രമം കുറച്ചു വൈകി നടന്നാലും ഇന്നത്തെ അവസ്ഥകളിലൂടെ കേരളം കടന്നു പോകുമായിരുന്നു. സംഘപരിവാര്‍ നിലപാട് മാറാത്തിടത്തോളം .

ഇനി, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയോ നടത്താതെയോ മല കയറാന്‍ ആഗ്രഹമുള്ള ആയിരത്തില്‍ക്കൂടുതലുള്ള സ്ത്രീകള്‍ എന്നാലൊരു വണ്ടി പിടിച്ച് പോയിട്ടു തന്നെ കാര്യം എന്ന സംഘടിത വിപ്ലവത്തിനു ശ്രമിച്ചിരുന്നെങ്കിലോ…?! എത്ര തന്നെ നയതന്ത്ര കലാപ നിയന്ത്രണങ്ങള്‍ ചെയ്താലും ശബരിമല യുദ്ധക്കളമായി മാറിയേനെ. അതിനു വഴിവെയ്ക്കാതിരുന്നത് ഒരു രാഷ്ട്രീയ തീരുമാനം എന്ന നിലയ്ക്കു തന്നെ മലകയറ്റം നീട്ടി വെച്ച കേരളത്തിലെ ഭരണഘടനാ സാക്ഷരതയും സ്വാതന്ത്ര്യ ബോധവും ഉള്ള സ്ത്രീകളാണ്. ഞങ്ങടെ െൈക കൊണ്ട് ചത്തിട്ട് നിങ്ങടെ പ്രതിമ കേരളത്തില്‍ വരണ്ട എന്ന നിലപാട് ആര്‍.എസ്.എസ്- ബി.ജെ.പി രാഷ്ട്രീയ തന്ത്രത്തോട് എടുത്തവര്‍…!

ഏതു സമയത്തും കലാപം പൊട്ടിപ്പുറപ്പെടുമായിരുന്ന അന്നത്തെ സാഹചര്യത്തില്‍ ഭരണകൂടം ഏറെ വില കല്‍പ്പിക്കേണ്ട ഒന്നാണ് ആ സംയമനം. പുറത്തു ലിംഗസമത്വ റാലി നടത്തിയും ആര്‍പ്പോ ആര്‍ത്തവം വിളിച്ചും പ്രതീകാത്മകമായി നടത്തിയ പ്രതിഷേധങ്ങള്‍. ശബരിമല എന്ന ഗോള്‍ഡന്‍ ഓപ്പര്‍ച്യുണിറ്റി മുതലെടുക്കാന്‍ എത്ര പയറ്റിയിട്ടും ഹിന്ദു വര്‍ഗീയ ശക്തികള്‍ക്ക് സാധിക്കാതിരുന്നത് ആ “അഭാവം” കൊണ്ടാണ്. അതിന്റെ ബലത്തിലാണ് കേരള നവോത്ഥാനമെന്ന ചരിത്ര സന്ദര്‍ഭത്തിന്റെ സംവാദ ഭൂമികയിലേക്ക് ഈ വിഷയത്തെ പോസറ്റീവായി പരിണമിപ്പിക്കാന്‍ ഇടതു സര്‍ക്കാരിനും പുരോഗമന സംഘടനകള്‍ക്കും കഴിഞ്ഞത്.

അതായത് ശബരിമല കോടതി വിധിയെ ഒരു ലഹളാ കാരണത്തില്‍ നിന്ന് ഒരു സാംസ്‌കാരിക സംവാദമാക്കി വികസിപ്പിച്ച അടിസ്ഥാന പശ്ചാത്തലം ഈ രണ്ടു രീതിയിലുള്ള സ്ത്രീ ഇടപെടലുകളുടെ ഉചിതമായ സന്തുലനാവസ്ഥ – ബാലന്‍സിങ്ങ് ആണ്. ബിന്ദു തങ്കം കല്യാണിയും ലിബിയും രഹനാ ഫാത്തിമയുമടക്കം തടയപ്പെട്ട ഏതാനും സ്ത്രീകളാണ് പോകാന്‍ കഴിയാത്ത ആയിരക്കണക്കിനു സ്ത്രീകളിലേക്ക്, ആര്‍ത്തവ വിലക്കിലേക്ക് തുല്യനീതീ ചര്‍ച്ചകളിലേക്ക് കേരളത്തെ പ്രായോഗികമായി നയിച്ചത് !

പ്രതിനിധാനത്തിന്റേയും പ്രതീകാത്മകതയുടെയും പരസ്പര പൂരകമായ രണ്ടു സ്ഥാനനിലകള്‍……

മല കയറാന്‍ പോയ ആ വിരലിലൈണ്ണാവുന്നവര്‍ ഇത്തരമൊരു വിപ്ലവ സന്ദര്‍ഭം അര്‍ഹിക്കുന്ന അത്യാവശ്യമായ അളവിലുള്ള പ്രാതിനിധ്യം തന്നെയാണ്. പുറത്തു നാം നടത്തിയ നവോത്ഥാന ചര്‍ച്ചകളുടെ പ്രതീകാത്മക സമരങ്ങളുടെ മൂര്‍ത്തമായ പ്രതിനിധികള്‍.

രഹ്നാ ഫാത്തിമയ്ക്ക് ജാമ്യം നിഷേധിക്കപ്പെടുമ്പോള്‍ അവിടെ തടവുപുള്ളികളാകുന്നത്, കുറ്റവാളികളാകുന്നത് അവര്‍ മാത്രമല്ല ഭരണഘടനാ വിധിയെ അനുകൂലിക്കുന്ന എല്ലാ സ്ത്രീകളുമാണ്. ശബരിമല കോടതി വിധിയെ ഭരണഘടനയുടെ സ്ത്രീപക്ഷ ജാഗ്രതയായി തിരിച്ചറിഞ്ഞ് സ്വാഗതം ചെയ്യുന്ന എല്ലാവരുമാണ്.

ആ സ്ത്രീകള്‍ വനിതാ മതിലില്‍ അണിനിരക്കുമ്പോള്‍ രഹ്നാ ഫാത്തിമ ജയില്‍ മതിലിനുള്ളിലാണെങ്കില്‍ അവിടെ വിലയില്ലാതാകുന്നത് ഭരണഘടനാപരമായി ഒരു സ്ത്രീ നടത്തിയ അവകാശ ശ്രമമാണ്. ആത്യന്തികമായ നീതിയല്ല, യാന്ത്രികമായ നിയമപ്പഴുതാണ് ഭരണകൂടത്തിന്റെ മുന്‍ഗണന എന്നാണ് അതു കാണിക്കുന്നത്.

പോലീസ് പരിരക്ഷയുടെ പരിമിതിയും വര്‍ഗീയ കലാപകാരികളുടെ ആക്രമണവും മനസ്സിലാക്കിക്കൊണ്ട് തിരികെ മടങ്ങുകയാണ് രഹ്നാ ചെയ്തതത്. അവിടെ സര്‍ക്കാരും നിയമ സംവിധാനവും മുഖവിലയ്ക്കെടുക്കേണ്ടത് പൗരയ്ക്ക് അര്‍ഹമായ നീതി ലഭ്യമാക്കുന്നതില്‍ സംഭവിച്ച പരാജയമാണ്, ഇതില്‍ക്കൂടുതല്‍ വിദഗ്ദ്ധമായി അത്തരമൊരു സാഹചര്യത്തെ നേരിടാന്‍ മറ്റൊരു സര്‍ക്കാരിനും കഴിയില്ലെങ്കിലും.

രഹ്നയുടെ അനുബന്ധ ചെയ്തികളില്‍ “കണ്ടെടുക്കാന്‍” കഴിയുന്ന പ്രശ്‌ന ഘടകങ്ങള്‍, പൊതുബോധ സദാചാരങ്ങള്‍ അല്ല അവരുടെ കേസിന്റെ തുടര്‍ച്ചയില്‍ കേന്ദ്രസ്ഥാനത്തു വരേണ്ടത്. സന്നിധാനത്ത് ആയുധം ഓങ്ങി നില്‍ക്കുന്ന ഭക്തന്റെ തല്‍സ്ഥലഫോട്ടോയേക്കാള്‍ “അക്രമ” കാരിയല്ല മേല്‍ക്കാല് കുറച്ചു കാണിച്ച് സ്വന്തം സ്ഥലത്തിരിക്കുന്ന രഹനയുടെ ഫോട്ടോ. കുറഞ്ഞത് ജാമ്യം പരിഗണിക്കുമ്പോഴെങ്കിലും.

പ്രതീകാത്മകമായ പ്രതിരോധങ്ങളില്‍ ചിലപ്പോഴൊെക്കെ നാടകീയതയുടെ അധിക മാനങ്ങള്‍ ഉണ്ടാവാം. മുട്ടു കാല് പുറത്തു കണ്ടാ തല്ലിയൊടിക്കും എന്ന് പറയുന്ന അപ്പന്റെ മുണ്ട് എപ്പോഴെങ്കിലും ഉടുത്തു നോക്കുന്ന പെണ്‍കുട്ടികള്‍ അത് അപ്പന്‍ ഉടുക്കുന്നതിലും ഒരു പിടി കേറ്റി അരയില്‍ കുത്താറുണ്ട്. എന്നിട്ട് നോക്കിയേ അമ്മച്ചിയേ എന്ന് പറയാറുണ്ട്. അത് ശരീരപ്രദര്‍ശനമല്ല, പുരുഷ അധികാരത്തോട് കാണിക്കുന്ന അമര്‍ഷത്തിന്റെ ശരീരഭാഷയാണ്..

വനിതാ മതിലിന്റെ ലോഗോ ചിത്രത്തിലെ സ്ത്രീകളുടെ വേഷവിധാനങ്ങള്‍ കൗതുകത്തോടെയാണ് കണ്ടത്. ആരും തന്നെ സാരിയിലല്ല. ആഭരണങ്ങള്‍, മുടിക്കെട്ട് ഇങ്ങനെ സ്‌ത്രൈണതയുടെ സാധാരണ അടയാളങ്ങളൊന്നും എടുത്തു കാണിച്ചിട്ടില്ല. പാറിക്കളിക്കുന്ന നീളന്‍ കുപ്പായങ്ങളാണ്. ഒരാള്‍ക്ക് കാലുറയും. ജീന്‍സും പാന്റും. കേരളീയ വനിതയുടെ ഉടുത്തു കെട്ടുകളെ നവോത്ഥാന കാലഘട്ടത്തില്‍ നിന്ന് ആധുനിക കേരളത്തിന്റെ പശ്ചാത്തലത്തില്‍ത്തന്നെ അടയാളപ്പെടുത്തുന്നവയാണ് ആ ചിത്രങ്ങള്‍. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നെങ്കില്‍ സാരിയോ മുണ്ടും ബ്ലൗസോ അല്ലാതെ മറ്റൊരു വേഷത്തില്‍ വനിതയെ പ്രതിനിധാനം ചെയ്യാന്‍ സാധ്യതയില്ലാതിരുന്ന പരമ്പരാഗത ബോധത്തില്‍ നിന്ന് ഇടതുപക്ഷവും കാലികമായ പുരോഗതിയിലേക്ക് എത്തിക്കഴിഞ്ഞു.

ആ രാഷ്ട്രീയ പക്വതയില്‍ നിന്നുകൊണ്ട് രഹ്‌നാ ഫാത്തിമയെന്ന ചെറു ബാല്യക്കാരിയുടെ കാല്‍മുട്ടു കാണുന്ന വേഷത്തിലേക്ക് നമ്മളിങ്ങനെയല്ല കണ്ണു പായിക്കേണ്ടത്. അഥവാ ആ കാഴ്ചയില്‍ നിന്നുകൊണ്ടല്ല ശബരിമല പ്രവേശന ശ്രമമെന്ന അവരുടെ ആത്യന്തിക പ്രവൃത്തിയെ അളക്കേണ്ടത്. ശരീരം തന്റെ മാധ്യമം കൂടിയാണ് എന്ന് പറയുന്ന, മോഡലിങ്ങ് ചെയ്യുന്ന, ബോഡി പൊളിറ്റിക്‌സ് മുന്‍പും ചര്‍ച്ച ചെയ്തിട്ടുള്ള പുതുകാലപെണ്‍മയുടെ പരീക്ഷണാത്മക മുഖങ്ങളില്‍ ഒന്നുകൂടിയാണ് അത്.

എം.എഫ് ഹുസൈന്‍ ഒട്ടും ഉടുപ്പില്ലാത്ത സരസ്വതിയെ വരയ്ക്കുമ്പോള്‍ നാം കാണുന്ന കലാപരതയുടെ ഒരംശമെങ്കിലും തത്ത്വമസിക്ക് ഒരു വ്യത്യസ്ത പോസ്റ്റര്‍ നല്‍കുന്ന രഹ്‌നയുടെ ഇരിപ്പിനും ഉടുപ്പിനും നല്‍കാവുന്നതാണ്…! നേരത്തെ പറഞ്ഞ പോലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴെങ്കിലും….

നാം ചോദിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. സംഘപരിവാര്‍ പിന്തുണയോടെ ശബരിമല സ്ത്രീ പ്രവേശനം നടപ്പാക്കിയിരുന്നുവെങ്കില്‍ അന്ന് രഹ്നാ ഫാത്തിമയുടെ ദര്‍ശന ശ്രമം എന്തു പ്രതികരണമാണുണ്ടാക്കുക..? അവിടെ മുസ്‌ലീമായ വനിതാ വിശ്വാസി വീണ്ടും “അപര”മായി കണക്കാക്കപ്പെടുമായിരുന്നില്ലേ? ഈ ഫോട്ടോ പോസ്റ്റ് പുകിലുകള്‍ ഒന്നുമില്ലെങ്കില്‍പ്പോലും. അപ്പോള്‍ ജാമ്യാപേക്ഷയുടെ തുടര്‍നിരാസത്തിലൂടെ ഇവിടെ സംഭവിക്കുന്നത് ലിംഗപരമായ തുല്യനീതിയ്ക്കകത്ത് മതപരമായ മറ്റൊരു അപരത്വത്തോടുള്ള അവഗണന കൂടിയാണ്.

ജനുവരി 1 ന് വനിതാ മതില്‍ ഒരുങ്ങുന്നത് ശബരിമലയെന്ന സവിശേഷ വിഷയത്തെ മുന്‍നിര്‍ത്തി മാത്രമല്ല ” കേരളത്തെ അന്ധകാരത്തിലേക്കു വലിക്കുന്ന വിധ്വംസക ശക്തികളെ ചെറുത്തു കൊണ്ട് ” എന്ന പൊതു സന്ദേശം നല്‍കിക്കൊണ്ടു കൂടിയാണ്. കേരളത്തിലെ സ്ത്രീശക്തിയുടെ ഇതിനു മുന്‍പുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള വിപുലമായ ഒരു പ്രകടന സന്ദര്‍ഭം. അതിനായി അണിചേരുന്ന ഇടതു പക്ഷ വിശ്വാസികളും അനുഭാവികളും ആയ സ്ത്രീകള്‍ക്കു തന്നെ ന്യായീകരണം കണ്ടെത്താന്‍ കഴിയാത്ത ഒന്നായി രഹ്ന മാറരുത്. കാരണം രഹ്നാ ഫാത്തിമയുടെ ജയില്‍വാസം വനിതാ മതിലിന്റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി നില്‍ക്കുന്ന ഒന്നാണ്. ഒരു പൗരയെന്ന നിലയില്‍ ഭരണഘടനാപരമായി അനുവദിക്കപ്പെട്ട തുല്യനീതിശ്രമത്തോടുള്ള അവഗണനയും ഒരു സ്ത്രീയെന്ന നിലയില്‍ ശരീരമാത്ര സദാചാരത്തിന്റെ വിചാരണയും…

ബിലു പത്മിനി നാരായണന്‍

Latest Stories

We use cookies to give you the best possible experience. Learn more