| Wednesday, 13th May 2026, 7:28 am

മമ്മൂക്കയുടെ കൂടെ നിൽക്കുമ്പോൾ താഴെ തെർമോകോൾ വെക്കും, അതിൽ കേറിനിന്നാണ് അഭിനയിക്കുക: ബിജുക്കുട്ടൻ

നന്ദന എം.സി

മലയാള സിനിമയിൽ വർഷങ്ങളായി ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ബിജുക്കുട്ടൻ. ചെറിയ വേഷങ്ങളിൽ നിന്ന് തുടങ്ങി ഇന്ന് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്കും താരം വിജയകരമായി കടന്നിരിക്കുകയാണ്.

അടുത്തിടെ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ‘വാഴ 2’വിലെ പ്രകടനവും വീണ്ടും ബിജുക്കുട്ടനെ ചർച്ചയിലാക്കി. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലെ രസകരവും പ്രചോദനപരവുമായ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

ബിജുക്കുട്ടൻ, Photo: Bijukuttan/ Facebook

ഉയരമില്ലെങ്കിലും ആ ഉയരം തനിക്കൊരു അനുഗ്രഹമായിരുന്നു എന്നാണ് താരം പറയുന്നത്. ഗൃഹ ലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബിജു കുട്ടൻ.

‘ഈ ഉയരം എന്നും എനിക്ക് അനുഗ്രഹമായിരുന്നു. ‘പോത്തൻ വാവ’യിൽ അഭിനയിക്കുമ്പോൾ മമ്മൂക്കയുടെ ഷോൾഡർ വരെയെങ്കിലും ഉയരം വേണം.

ക്ലോസ്‌അപ്പ് ഷോട്ട് എടുക്കുമ്പോഴാണ് പ്രശ്നം വരിക. അന്നേരം താഴെ തെർമോകോൾ വെക്കും. അതിൽ കേറിനിന്നാണ് അഭിനയിക്കുക. ഒരു സീനിൽ അഭിനയിക്കുമ്പോൾ നടന്നുനടന്ന് തെർമോകോൾ തേഞ്ഞിട്ടും ജോഷിസാർ കട്ട് പറഞ്ഞില്ല. അതോടെ ഞാൻ ചാടിയിറങ്ങി.

എന്നിട്ട് കാൽ പൊക്കി നടന്നു. അതുകണ്ട് എല്ലാവരും ഭയങ്കര ചിരി. നീ എന്താ അങ്ങനെ നടന്നത് എന്ന് ജോഷി സാർ ചോദിച്ചു. തെർമോകോൾ തേഞ്ഞു തീർന്ന കാര്യം സാർ അപ്പോഴാണ് അറിയുന്നത്,’ ബിജുക്കുട്ടൻ പറഞ്ഞു.

‘പോത്തൻ വാവ’യ്ക്ക് ശേഷം നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ബെന്നി സാർ എല്ലാ സിനിമകളിലും ഉടൻ അഭിനയിക്കരുതെന്ന് ഉപദേശിച്ചിരുന്നുവെന്നും ബിജുക്കുട്ടൻ പറഞ്ഞു.

പോത്തൻ വാവ, Photo: YouTube/ Screengrab

പിന്നാലെ അൻവർ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈയിലെ അവസരം ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്നും താരം ഓർക്കുന്നു.

‘പോത്തൻ വാവ’യ്ക്കുശേഷം സിനിമകൾ ഒരുപാട് വന്നു. പക്ഷേ ബെന്നിച്ചേട്ടൻ പറഞ്ഞു, ഇപ്പോൾ എല്ലാത്തിലും കേറി അഭിനയിക്കണ്ട. അൻവർ റഷീദും ഞാനും കൂടിയുള്ള ഒരു സിനിമ വരുന്നുണ്ട്. അത് കഴിഞ്ഞ് നീ ഇഷ്ടമുള്ള സിനിമകൾ സെലക്ട് ചെയ്തോ എന്ന്.

‘ഛോട്ടോ മുംബൈ’ ആയിരുന്നു ആ സിനിമ. അത് ഹിറ്റായതോടെ ഒരുപാട് അവസരങ്ങൾ കിട്ടി. സിനിമയിൽ സജീവമായി. ‘പോത്തൻ വാവ’ പോലെയായിരുന്നില്ല ‘ഛോട്ടാ മുംബൈ’. ‘പോത്തൻവാവ’യിൽ മമ്മൂക്കയെ മാത്രം പേടിച്ചാൽ മതി. പക്ഷേ, ഇതിൽ ക്വിന്റൽ കണക്കിന് താരങ്ങളുണ്ട്,’ ബിജുക്കുട്ടൻ കൂട്ടിച്ചേർത്തു.

ബിജുക്കുട്ടൻ, വിനായക്, Photo: Bijukuttan/ facebook

‘ഛോട്ടാ മുംബൈ’യിൽ മോഹൻലാൽ ഉൾപ്പെടെ വമ്പൻ താരനിരയോടൊപ്പമാണ് അഭിനയിച്ചത്. സിദ്ദിഖ്, ജഗതി ശ്രീകുമാർ, രാജൻ പി. ദേവ് തുടങ്ങിയവർക്കൊപ്പം നിരവധി രംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നെങ്കിലും എല്ലാവരുടെയും പിന്തുണ കൊണ്ടാണ് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനായതെന്നും ബിജുക്കുട്ടൻ വ്യക്തമാക്കി.

Content Highlight: Bijukuttan talks about his shooting experience with Mammootty.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more