ബോക്‌സ് ഓഫീസിൽ വമ്പൻ ചരിത്രം കുറിച്ച് മുന്നേറുകയാണ് വാഴ 2. റിലീസ് ചെയ്ത് വെറും ഏഴ് ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം, പ്രേക്ഷകരുടെ വൻ പിന്തുണയോടെയാണ് കുതിപ്പ് തുടരുന്നത്. പുതുമയുള്ള അവതരണവും ഹാഷിറിന്റെയും ടീമിന്റെയും പ്രകടനവും ചിത്രത്തിന് വലിയ സ്വീകാര്യത നേടി കൊടുക്കുന്നുണ്ട്.
ഈ ആഘോഷത്തിനിടയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്ന മറ്റൊരു ഘടകം നടൻ ബിജുക്കുട്ടന്റെ പ്രകടനമാണ്. വർഷങ്ങളോളം ഹാസ്യവേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചിട്ടുള്ള അദ്ദേഹം, വാഴ 2വിൽ തന്റെ വ്യത്യസ്തമായ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കണ്ണും മനസും ഒരുപോലെ നിറയ്ക്കുകയാണ്.
മിമിക്രി വേദികളിലൂടെ സിനിമയിലേക്ക് കടന്നുവന്ന ബിജുക്കുട്ടൻ, തന്റെ കരിയറിൽ ഉറച്ച സ്ഥാനം നേടാൻ ഏറെ പ്രയത്‌നങ്ങളും പ്രതിസന്ധികളും നേരിട്ടവനാണ്.
ചെറുവേഷങ്ങളിൽ നിന്ന് ശ്രദ്ധേയമായ കഥാപാത്രങ്ങളിലേക്ക് എത്തിയ അദ്ദേഹത്തിന്റെ യാത്ര എളുപ്പമായിരുന്നില്ല. ഇപ്പോഴിതാ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഇത്രയൊക്കെ നേടിയ താൻ എന്തിന് ദുഖിക്കണം എന്ന് പറയുകയാണ് .
‘വിപിൻ ദാസിന്റെയും സവിൻ സായുടെയും മാജിക്കാണ് വാഴ 2, എന്റെ മകൾ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ എന്നെ വിളിച്ചു ‘ഹലോ’ എന്ന് പറഞ്ഞു. ഞാൻ ‘ആ’ എന്ന് മറുപടി നൽകി.
പിന്നെ ഞാൻ ചോദിച്ചു, ‘പടം എങ്ങനെയുണ്ട്?’ അതിന് അവൾ ചോദിച്ചത് ‘അച്ഛൻ മ്യൂസിക് കേൾക്കുന്നുണ്ടോ?’ എന്നായിരുന്നു. അതിന് ശേഷം അവൾ ഒന്നും സംസാരിച്ചില്ല. സംസാരിക്കാൻ അവൾക്ക് കഴിയുന്നില്ലെന്ന് തോന്നി. അപ്പോൾ എന്റെ ഭാര്യയ്ക്ക് മനസിലായി അവൾ കരയുകയാണെന്ന്.
ബിജുക്കുട്ടൻ കുടുംബം, Photo: Bijukuttan/ Facebook
കുറച്ച് സമയം കഴിഞ്ഞ് അവൾ നേരെ വീട്ടിലേക്ക് വന്നു. ഒന്നും മിണ്ടിയില്ല. ആ നിശബ്ദത തന്നെ അവളുടെ വികാരങ്ങളെ പറഞ്ഞുതന്നു.
‘പൊത്തൻ വാവ’ സിനിമ ചെയ്തതിന് ശേഷം എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായി. ഞാൻ ഒരു വീട് പണിതു, ഒരു കാർ വാങ്ങി. എന്റെ മക്കളെ നല്ല രീതിയിൽ പഠിപ്പിക്കാൻ കഴിയുന്നു. എന്റെ സഹോദരൻമാർക്ക് എന്തെങ്കിലും ആവശ്യം വന്നാൽ സഹായിക്കാനും കഴിയുന്നു.
എന്റെ കൂട്ടുകാരെയും സഹായിക്കാനാകുന്നു. എനിക്ക് കടബാധ്യതകളൊന്നുമില്ല. പിന്നെ ഞാൻ എന്തിനാണ് ദുഃഖിക്കേണ്ടത്?,’ ബിജുക്കുട്ടൻ പറഞ്ഞു.
റിലീസ് ചെയ്ത് വെറും എട്ട് ദിവസത്തിനുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ 117 കോടി രൂപയ്ക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടി. ആദ്യ ഭാഗത്തെക്കാൾ വലിയ സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിന് തിയേറ്ററുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. സവിൻ സാ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഹിറ്റ് മേക്കർ വിപിൻ ദാസാണ്.
Content Highlight: Bijukuttan talks about his life
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.