| Sunday, 2nd February 2025, 6:26 pm

ജഗതിച്ചേട്ടൻ ഷൂട്ടിന് വരാത്തതിനാൽ ആദ്യ സിനിമ നടന്നില്ല; പ്രതീക്ഷകൾ അസ്തമിച്ചപ്പോൾ ധൈര്യം തന്നത് ആ മഹാനടന്റെ കോൾ: ബിജുക്കുട്ടൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിരംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് ബിജുക്കുട്ടൻ. പച്ചക്കുതിരയിലൂടെ സിനിമാലോകത്ത് ചുവടുവെച്ച ബിജുക്കുട്ടൻ മമ്മൂട്ടി നായകനായ പോത്തൻവാവയിലൂടെ ശ്രദ്ധേയനായി. പിന്നാലെ റിലീസായ ചോട്ടാ മുംബൈയിലെ കഥാപാത്രം കരിയറിൽ ബ്രേക്ക് ത്രൂവായി മാറി. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് മലയാളസിനിമയിൽ സജീവമാകാൻ ബിജുക്കുട്ടന് സാധിച്ചു.

സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ബിജുക്കുട്ടൻ. നിർമാതാവ് ഫിറോസ് തന്നെ ആദ്യമായി സിനിമയിലേക്ക് വിളിച്ചെന്നും ജഗതി ശ്രീകുമാറുമായാണ് തനിക്ക് ആ സിനിമയിൽ സീനുകൾ ഉണ്ടായിരുന്നതെന്നും ബിജുക്കുട്ടൻ പറയുന്നു. എന്നാൽ ജഗതി ഷൂട്ടിന് വരാത്തതിനാൽ തനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും ആ സിനിമ പിന്നീട് ഒരിക്കലും നടന്നില്ലെന്നും ബിജുക്കുട്ടൻ പറഞ്ഞു.

പിന്നീട് ആന്റോ ജോസഫ് തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ ആദ്യ സിനിമ മുടങ്ങിയതിനാൽ മിമിക്രി ഉണ്ടെന്ന് പറഞ്ഞ് ഒഴിവായെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം മമ്മൂട്ടി തന്നെ വിളിച്ച് സിനിമയിൽ താൻ അഭിനയിക്കില്ലേയെന്നും ആലോചിച്ച് തീരുമാനിക്കെന്ന് പറഞ്ഞെന്നും ബിജുക്കുട്ടൻ കൂട്ടിച്ചേർത്തു.

ആ ഒറ്റ ഫോൺകോൾ പകർന്ന ധൈര്യത്തിൽ താൻ സിനിമക്ക് കൈകൊടുത്തെന്നും മമ്മൂട്ടിയുടെ കൂടെ പോത്തൻവാവ എന്ന സിനിമയിൽ അഭിനയിച്ചെന്നും അദ്ദേഹം പറയുന്നു. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബിജുക്കുട്ടൻ.

‘ഒരു ദിവസം സലിമേട്ടൻ്റെ വീട്ടിലിരിക്കുമ്പോൾ നിർമാതാവ് ഫിറോസ് അവിടെ വന്നു. സലിമേട്ടന് അഡ്വാൻസ് കൊടുക്കാൻ വന്നതാണ്. എന്നെ കണ്ടപ്പോൾ ഏതോ മിമിക്രി പരിപാടിക്ക് മുമ്പ് കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു. പിന്നെയും കുറച്ചു നേരം വർത്തമാനം പറഞ്ഞു ഇറങ്ങാൻ നേരം അദ്ദേഹം പറഞ്ഞു, ‘ഈ സിനിമയിൽ ബിജുവും ഒരു കഥാപാത്രം ചെയ്യൂ’ അതാണ് സിനിമയിലേക്കുള്ള ആദ്യ വിളി.

എനിക്ക് ജഗതി ചേട്ടനുമായിട്ടായിരുന്നു ആ സിനിമയിലുള്ള സീനുകൾ. അദ്ദേഹം ഷൂട്ടിന് വന്നില്ല. അതുകൊണ്ട് അഭിനയിക്കാനും പറ്റിയില്ല. ആ സിനിമ പിന്നീട് റിലീസ് ആയതുമില്ല.

അങ്ങനെ സിനിമാമോഹം തൽക്കാലത്തേക്ക് ഉപേക്ഷിച്ചു. സിനിമയിൽ എത്താൻ കാരണം മമ്മൂക്കയാണ്. മിമിക്രിയിൽ അത്യാവശ്യം പച്ചപിടിച്ചു തുടങ്ങിയ കാലം ഗൾഫിൽ ഒരു മാസത്തെ പരിപാടിക്കുള്ള എഗ്രിമെന്റ് ഒപ്പിട്ട സമയത്താണ് നിർമാതാവ് ആൻ്റോ ചേട്ടൻ വിളിക്കുന്നത്. ആദ്യ സിനിമ മോഹം പൊലിഞ്ഞ പേടിയിൽ മറുപടി പറഞ്ഞു. ‘ഗൾഫിൽ ഒരു പരിപാടി ഏറ്റിട്ടുണ്ട്. വരാൻ പറ്റില്ലല്ലോ ചേട്ടാ’. രണ്ടും നഷ്‌ടപ്പെടുമോ എന്ന പേടിയായിരുന്നു.

പിന്നെയൊരു ദിവസം മമ്മൂക്കയുടെ വിളി വന്നു. ‘ഇയാൾ മിമിക്രി മാത്രമേ ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളോ? സിനിമയിൽ അഭിനയിക്കില്ലേ?’ മമ്മൂക്ക ചോദിച്ചു. ഞാൻ ഗൾഫിലെ പരിപാടിയുടെ കാര്യം സൂചിപ്പിച്ചു. ‘ആലോചിച്ച് തീരുമാനമെടുക്കൂ’ അദ്ദേഹം പറഞ്ഞു.

ആ ഒറ്റ ഫോൺകോൾ പകർന്ന ധൈര്യത്തിൽ ഞാൻ തീരുമാനിച്ചു. സിനിമയ്ക്ക് കൈ കൊടുക്കാം അങ്ങനെ ആദ്യമായി സിനിമയിൽ അഭിനയിച്ചു. മമ്മൂക്കക്കൊപ്പം പോത്തൻവാവയിൽ. അതൊരു നല്ല തുടക്കമായിരുന്നു. പിന്നെ നൂറിലേറെ സിനിമകളിൽ അഭിനയിച്ചു എങ്കിലും പോത്തൻവാവയിലെ മാറാനൽ ആണ് ഇപ്പോഴും മനസിൽ,’ ബിജുക്കുട്ടൻ പറയുന്നു.

Content highlight: BijuKuttan talks about his film entry and Mammootty

We use cookies to give you the best possible experience. Learn more