വാഴ 2വിലെ വേഷം കിട്ടിയതില്‍ വിനായകന്റെ അച്ഛനോടും കടപ്പെട്ടിരിക്കുന്നു: ബിജുക്കുട്ടന്‍
Malayalam Cinema
വാഴ 2വിലെ വേഷം കിട്ടിയതില്‍ വിനായകന്റെ അച്ഛനോടും കടപ്പെട്ടിരിക്കുന്നു: ബിജുക്കുട്ടന്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 14th April 2026, 7:44 am

2024ല്‍ പുറത്തിറങ്ങിയ ആദ്യഭാഗത്തെക്കാള്‍ മേക്കിങ്ങിലും ബോക്‌സ് ഓഫീസിലും മികവ് പുലര്‍ത്തി മുന്നേറുകയാണ് സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2. വിപിന്‍ദാസിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ചിത്രം ഇമോഷനും ആക്ഷനും സമന്വയിപ്പിച്ച ഒരു കംപ്ലീറ്റ് എന്റര്‍ടെയിനര്‍ പാക്കേജാണ്. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളില്‍ തന്നെ 150 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം നിറഞ്ഞ തിയേറ്ററുകളിലാണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്.

വാഴ 2. Photo: X.com

വാഴ-ബയോപിക്ക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സില്‍ കാമിയോ ആയി എത്തിയിരുന്ന ഇന്‍സ്റ്റഗ്രാം താരങ്ങളായ അജിന്‍, അലന്‍, ഹാഷിര്‍, വിനായക് തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയായാണ് സവിന്‍ സാ വാഴ 2 അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഇവരുടെ യഥാര്‍ത്ഥ പേര് തന്നെയാണ് സിനിമയിലും ഉപയോഗിച്ചിരിക്കുന്നതെന്ന് കാണാം. ചിത്രത്തില്‍ ഉറ്റസുഹൃത്തുക്കളായ നാലുപേരുടെയും ജീവിതം പശ്ചാത്തലമാക്കിയാണ് സംവിധായകന്‍ പ്രേക്ഷകരോട് കഥ പറയുന്നത്.

ചിത്രത്തില്‍ വിനായകന്റെ അച്ഛനായാണ് മലയാളികളുടെ പ്രിയനടന്‍ ബിജുക്കുട്ടന്‍ വേഷമിട്ടിരുന്നത്. ചിത്രത്തില്‍, ഹാഷിറിനും ടീമിനും പുറമെ ഏറ്റവും കൈയടി നേടിയതും ബിജുക്കുട്ടന്റെ കഥാപാത്രത്തിനായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വൈറലായ പടക്കം പൊട്ടിക്കുന്ന വീഡിയോ ഈ കഥാപാത്രത്തിലൂടെ സംവിധായകന്‍ പ്ലേസ് ചെയ്ത രീതിയും താരത്തിന്റെ അവിസ്മരണീയ പ്രകടനവുമെല്ലാം മികച്ച അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്.

ചിത്രം വലിയ വിജയമായതിന് പിന്നാലെ വിനായകന്റെ അച്ഛനായി തന്നെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് ബിജുക്കുട്ടന്‍, ദ ജേര്‍ണലിസ്റ്റ് എന്ന യൂട്യൂബ് ചാനലിനോട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ ഇവര്‍ നാലുപേരും ആദ്യമേ നായകന്മാരായത് കൊണ്ട് അവര്‍ക്ക് അനുയോജ്യരായവരെ നോക്കിയാണ് അച്ഛന്‍ വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്തതെന്ന് ബിജുക്കുട്ടന്‍ പറയുന്നു.

വിനായകനും ബിജുക്കുട്ടനും ചിത്രത്തില്‍. Photo: X.com

വിനായകന് അത്തരത്തിലൊരു ഗെറ്റപ്പോ ഫേസോ അല്ലായിരുന്നെങ്കില്‍ ഒരിക്കലും താന്‍ ചിത്രത്തില്‍ വരില്ലെന്ന് താരം പറഞ്ഞു. ഇതിന് വിനായകനോടും വിനായകന്റെ അച്ഛനോടും ഒരുപാട് നന്ദിയുണെന്ന് തമാശയോടെ താരം പറഞ്ഞു. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ഹാഷിറിന്റെയും വിനായകിന്റെയും റീലുകള്‍ കാണാറുണ്ടെന്നും ചിത്രത്തില്‍ വിനായകന്റെ അച്ഛനായി വേഷമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ സമ്മതിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.

ആഗോള കളക്ഷന്‍ 180 കോടി പിന്നിട്ട ചിത്രത്തില്‍ ദേവരാജ്, ഏയ്ഞ്ചല്‍ മരിയ, സുധീഷ്, അല്‍ഫോണ്‍സ് പുത്രന്‍, അജു വര്‍ഗീസ്, വിജയ് ബാബു തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Bijukuttan talks about his cast Vaazha 2 as Father of Vinayak

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.