അനാവശ്യമായി കോമഡി കുത്തി നിറയ്‌ക്കേണ്ട ആവശ്യമില്ല; ഇവരുടെ കൂടെ എങ്ങനെ പിടിച്ച് നിൽക്കും എന്നായിരുന്നു ടെൻഷൻ: ബിജുക്കുട്ടൻ
Malayalam Cinema
അനാവശ്യമായി കോമഡി കുത്തി നിറയ്‌ക്കേണ്ട ആവശ്യമില്ല; ഇവരുടെ കൂടെ എങ്ങനെ പിടിച്ച് നിൽക്കും എന്നായിരുന്നു ടെൻഷൻ: ബിജുക്കുട്ടൻ
നന്ദന എം.സി
Thursday, 9th April 2026, 10:41 am

മലയാള സിനിമയിൽ പുതിയൊരു ചരിത്രം കുറിച്ച് മുന്നേറുകയാണ് നവാഗത സംവിധായകൻ സവിൻ സ ഒരുക്കിയ വാഴ 2. സോഷ്യൽ മീഡിയ ഇൻസ്റ്റഗ്രാം റീൽസിലൂടെ യുവാക്കളുടെ ഇഷ്ടം നേടിയെടുത്ത ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർ നായകരായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വെറും ഏഴ് ദിവസങ്ങൾ കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്.

വാഴ 2, Photo: IMDb

യുവതാരങ്ങളുടെ പ്രകടനത്തിന് പുറമെ ബിജുക്കുട്ടനും സുധീഷും നൽകിയ ശക്തമായ പിന്തുണയും ചിത്രത്തിന്റെ വിജയത്തിൽ നിർണായകമായി. പ്രത്യേകിച്ച് ബിജുക്കുട്ടന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായി ഈ ചിത്രം വിലയിരുത്തപ്പെടുന്നു.

ഇപ്പോഴിതാ മലയാള സിനിമയിലെ പുതിയ മാറ്റങ്ങളെ കുറിച്ചും യുവതാരങ്ങളുടെ വളർച്ചയെ കുറിച്ചും സംസാരിക്കുകയാണ് ബിജുക്കുട്ടൻ. അനാവശ്യമായി കോമഡി നിറയ്ക്കുന്ന പഴയ രീതികൾ മാറിക്കൊണ്ടിരിക്കുകയാണെന്നും, കഥക്കും അവതരണത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ തലമുറ സിനിമകളാണ് ഇപ്പോൾ പ്രേക്ഷകർ സ്വീകരിക്കുന്നതെന്നും താരം വ്യക്തമാക്കുന്നു.

‘പണ്ടത്തെ സിനിമയല്ല ഇപ്പോഴത്തെ സിനിമ. നമ്മൾ ചെന്നു തലപുകഞ്ഞിരുന്നു കോമഡി നിറയ്‌ക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്താൽ അത് വൃത്തികേടായിപ്പോകും. അതിനാൽ തന്നെ ഞാൻ ശരിക്ക് സൈലന്റ് ആയിരുന്നു. അവർ പറയുന്നത് അതേ പോലെ കേട്ടാൽ മാത്രം മതി ഈ സിനിമയിൽ.

വാഴ 2, Photo: IMDb

നമ്മൾ എക്സ്ട്രാ ഒന്നും ചെയ്യേണ്ട ആവശ്യമില്ല ഈ സിനിമയിൽ. അത് അങ്ങനെയാണിപ്പോൾ, കാരണം അതിന്റെ ആവശ്യം ഇല്ല ഇപ്പോഴത്തെ സിനിമയിൽ നമ്മൾ അത് മനസിലാക്കണം.

ഹാഷിറും ടീമും പറയുന്നത്, അവർക്ക് ടെൻഷൻ ഒന്നും ഇല്ലായിരുന്നെന്ന്. സത്യത്തിൽ എനിക്കായിരുന്നു ടെൻഷൻ. ഇവന്മാരുടെ കൂടെ ഞാൻ എങ്ങനെ നിൽക്കും എന്നായിരുന്നു എന്റെ ടെൻഷൻ,’ബിജുക്കുട്ടൻ പറഞ്ഞു.

തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ‘വാഴ 2’, 2024ൽ പുറത്തിറങ്ങിയ ‘വാഴ’യുടെ രണ്ടാം ഭാഗമായാണ് എത്തിയത്. ആദ്യഭാഗത്തിൽ ചെറിയ വേഷത്തിൽ എത്തിയ ഹാഷിറിനെയും ടീമിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുകയാണ്.

സഹോദര ബന്ധത്തിന്റെയും സുഹൃദ് ബന്ധത്തിന്റെയും കഥ പറയുന്ന ചിത്രത്തിൽ ശബരീഷ്, അൽഫോൺസ് പുത്രൻ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം, രണ്ടാം ദിവസത്തോടെ തന്നെ ഓൺലൈൻ ബുക്കിങ്ങിലും വൻ വർധനവ് നേടിയിരുന്നു.

Content Highlight: Bijukuttan talk about malayalam cinema

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.