അറിഞ്ഞില്ല, ഇത്രേം കിടിലന്‍ നടനാണെന്ന് ആരും പറഞ്ഞില്ല, വാഴയില്‍ കണ്ണും മനസും നിറച്ച് ബിജുക്കുട്ടന്‍
Malayalam Cinema
അറിഞ്ഞില്ല, ഇത്രേം കിടിലന്‍ നടനാണെന്ന് ആരും പറഞ്ഞില്ല, വാഴയില്‍ കണ്ണും മനസും നിറച്ച് ബിജുക്കുട്ടന്‍
അമര്‍നാഥ് എം.
Friday, 3rd April 2026, 3:59 pm

കോമഡി സ്‌കിറ്റുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് കൈയടി നേടിയ നടന്‍ പിന്നീട് സിനിമാലോകത്തേക്ക് കടന്നുവരുന്നു. ആദ്യചിത്രത്തില്‍ തന്നെ മമ്മൂട്ടിയുടെ വലംകൈയായ മുഴുനീള വേഷം. തൊട്ടുപിന്നാലെ മോഹന്‍ലാല്‍ നായകനായ ചിത്രത്തിലും പ്രധാന വേഷം. ഏതൊരു നടനും ആഗ്രഹിക്കുന്ന ഗംഭീര സ്റ്റാര്‍ട്ടിങ്ങായിരുന്നു ബിജുക്കുട്ടന് ലഭിച്ചത്.

2008ല്‍ ആരംഭിച്ച സിനിമാജീവതം 2026ല്‍ എത്തിനില്‍ക്കുമ്പോള്‍ നൂറിനടുത്ത് സിനിമകളില്‍ ബിജുക്കുട്ടന്‍ ഭാഗമായിട്ടുണ്ട്. എന്നാല്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത് വെറും വിരലിലെണ്ണാവുന്ന വേഷങ്ങള്‍ മാത്രമാണ്. പോത്തന്‍ വാവയിലെ മത്തായി, ഛോട്ടാ മുംബൈയിലെ സുശീലന്‍, അടി കപ്യാരേ കൂട്ടമണിയിലെ ശാന്തപ്പന്‍, ആട് ഫ്രാഞ്ചൈസിയിലെ ബാറ്ററി സൈമണ്‍ എന്നിവ ബിജുക്കുട്ടന്റെ കരിയറിലെ ഐക്കോണിക് വേഷങ്ങളാണ്.

എന്നാല്‍ വെറുതേ കോമഡി വേഷങ്ങളില്‍ മാത്രം തളിച്ചിടപ്പെടേണ്ടവനല്ല താനെന്ന് ബിജുക്കുട്ടന്‍ തെളിയിച്ചിരിക്കുകയാണ്. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന വാഴ 2വില്‍ നായകന്മാര്‍ക്കൊപ്പം കൈയടി നേടിയ കഥാപാത്രമായിരുന്നു ബിജുക്കുട്ടന്റേത്. ഹാഷിര്‍ ആന്‍ഡ് ഗ്യാങ്ങിലെ വിനായകിന്റെ അച്ഛനായാണ് ബിജുക്കുട്ടന്‍ വേഷമിട്ടത്.

രണ്ടേമുക്കാല്‍ മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള സിനിമ കണ്ടിറങ്ങുമ്പോള്‍ മനസില്‍ നിറഞ്ഞുനില്‍ക്കുന്നത് ബിജുക്കുട്ടനാണ്. കരിയറിലെ ഏറ്റവും മികച്ച വേഷമെന്ന് കണ്ണുംപൂട്ടി പറയാനാകും. കോമഡിയും ഇമോഷനുമെല്ലാം നിറഞ്ഞ കഥാപാത്രം കൃത്യമായ മീറ്ററില്‍ ബിജുക്കുട്ടന്‍ അവതരിപ്പിച്ചിട്ടുണ്ട്. വിനായക്- ബിജുക്കുട്ടന്‍ കെമിസ്ട്രിയും ഗംഭീരമായിരുന്നു.

എയര്‍പോര്‍ട്ടില്‍ യാത്ര പറഞ്ഞ് പോകുന്ന സീനും പിന്നീട് ക്ലൈമാക്‌സിലെ ഇമോഷണല്‍ സീനുമെല്ലാം ബിജുക്കുട്ടനിലെ നടനെ അടയാളപ്പെടുത്തുന്നതായിരുന്നു. 18 വര്‍ഷത്തിനിടയില്‍ ഇത്തരമൊരു വേഷം തന്നെത്തേടി വന്നിട്ടില്ലെന്നായിരുന്നു റിലീസിന് മുമ്പുള്ള അഭിമുഖങ്ങളില്‍ ബിജുക്കുട്ടന്‍ പറഞ്ഞത്. വാഴ 2ലേക്ക് തന്നെ വിളിച്ചപ്പോള്‍ ചെറിയ വല്ല വേഷമായിരിക്കുമെന്നാണ് വിചാരിച്ചതെന്നും ബിജുക്കുട്ടന്‍ പറഞ്ഞു.

ബിഗ് എംസിന്റെ സിനിമകളില്‍ അരങ്ങേറിയ ബിജുക്കുട്ടനെ പിന്നീട് സൈഡ് റോളില്‍ തളച്ചിടുകയായിരുന്നു. കള്ളുകുടിയന്‍, പാല്‍ക്കാരന്‍, അയല്‍വാസി എന്നിങ്ങനെ അധികം പ്രാധാന്യമില്ലാത്ത വേഷങ്ങളായിരുന്നു താരത്തെ തേടിയെത്തിയിരുന്നത്. എന്നാല്‍ കോമഡി താരങ്ങള്‍ക്ക് പ്രേക്ഷകരെ കരയിപ്പിക്കാനും സാധിക്കുമെന്ന് വാഴ 2ലൂടെ ബിജുക്കുട്ടന്‍ തെളിയിച്ചു.

മകനോട് സുഹൃത്തിന്റെയടുത്തെന്നതുപോലെ പെരുമാറുന്ന, അവന്റെ തെറ്റുകളില്‍ അധികം ദേഷ്യപ്പെടാതെ കൃത്യമായി ഉപദേശിക്കുന്ന ഡാഡി കൂള്‍ കഥാപാത്രം ബിജുക്കുട്ടന്റെ കരിയറിലെ വഴിത്തിരിവാകുമെന്നുറപ്പാണ്. നെറ്റിയില്‍ ചന്ദനക്കുറിയും മുഖത്തെ ചിരിയുമായി എപ്പോഴും കാണപ്പെടുന്ന ഈ കഥാപാത്രം സിനിമ കഴിഞ്ഞാലും നമ്മുടെ കൂടെത്തന്നെയുണ്ടാകും.

Content Highlight: Bijukuttan’s performance in Vaazha 2 getting appreciations

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം