സമീപകാലത്ത് മലയാളികളെ ഏറെ വൈകാരികമാക്കിയ ചിത്രമായിരുന്നു സവിന്‍ സാ സംവിധാനം ചെയ്ത് ഏപ്രില്‍ രണ്ടിന് തിയേറ്ററുകളിലെത്തിയ വാഴ 2. വിപിന്‍ദാസ് തിരക്കഥയെഴുതി നിര്‍മിച്ച ചിത്രം വിഷുദിനത്തിലും നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനോടകം 150 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 200 കോടി നേട്ടം സ്വന്താമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചിത്രം റിലീസായത് മുതല്‍ പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയങ്ങളിലൊന്ന് ചിത്രത്തിലെ ബിജുക്കുട്ടന്റെ കഥാപാത്രത്തെ കുറിച്ചായിരുന്നു. ചിത്രത്തില്‍ വിനായകന്റെ അച്ഛനായി വേഷമിട്ട താരം പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഓടിവീഴുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായ ഒരു വീഡിയോയുടെ റീക്രിയേഷനായിരുന്നു സീന്‍. ഓണ്‍ലൈനില്‍ ഒരുപാട് പേരെ ചിരിപ്പിച്ച വീഡിയോ എന്നാല്‍ വൈകാരികമായ രീതിയിലായിരുന്നു സംവിധായകന്‍ വാഴ 2വില്‍ അവതരിപ്പിച്ചിരുന്നത്.
സിനിമയിലെ സീനും വൈറലായ വീഡിയോയും. Photo: Dool News.com
വര്‍ഷങ്ങളോളം മലയാളികള്‍ വീഡിയോയിലെ ആളെ അന്വേഷിച്ചെങ്കിലും ഇദ്ദേഹം ഒരിക്കലും മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇപ്പോഴിതാ വാഴ 2വിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടതോടെ ചിത്രത്തില്‍ ഈ സീന്‍ അഭിനയിച്ച ബിജുക്കുട്ടനെ നേരിട്ട് വീട്ടിലെത്തി കണ്ടിരിക്കുകയാണ് വീഡിയോയിലൂടെ വൈറലായ ഷിബന്‍. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ബിജുക്കുട്ടന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
വീഡിയോയില്‍ വൈറലായ ചേട്ടന്‍ ഇന്ന് കുടുംബത്തോടൊപ്പം തന്നെ കാണാന്‍ വീട്ടിലെത്തിയിരുന്നുവെന്നും സിനിമ കണ്ടപ്പോള്‍ ഏറെ ആശ്വാസം തോന്നിയെന്ന് അദ്ദേഹം പറഞ്ഞതായും ബിജുക്കുട്ടന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ മകന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സംഭവിച്ച കാര്യമായിരുന്നതെന്നും പിന്നീട് ഓരോ വിഷുവിനും വീഡിയോ പ്രചരിക്കുമ്പോള്‍ വിഷമം തോന്നിയിരുന്നുവെന്നും അദ്ദേഹം ബിജുക്കുട്ടനോട് പറഞ്ഞു.
‘എന്റെ മകന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ അനിയന്‍ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണ് അത്. അന്ന് ഞാന്‍ വീഴുന്നത് കണ്ട എന്റെ മകന്‍ എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്ന് കരുതി പൊട്ടി കരഞ്ഞുകൊണ്ട് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാന്‍ അതുവരെ കണ്ടിട്ടില്ല.
പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ മനസ്സില്‍ പോലും വിചാരിക്കാത്ത രീതിയില്‍ അത് ആളുകളിലേക്ക് എത്തി. എല്ലായിടത്തും ആ വീഡിയോ കാണുമ്പോള്‍ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫങ്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടിയായിരുന്നു. ആ വീഡിയോ കണ്ട് ആളുകള്‍ ചേട്ടന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോള്‍ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓര്‍മ വല്ലാത്ത മാനസികബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.
സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്, ഇത്ര കാലം ഉണ്ടായ പേടിയും ടെന്‍ഷനുമെല്ലാം പെട്ടെന്ന് പോയ പോലെ. ആ വിഡിയോയിലൂടെ ആളുകള്‍ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേപോലെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി,’ ഷിബന്‍ ബിജുക്കുട്ടനോട് പറഞ്ഞു.
ബിജുക്കുട്ടന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും വിഷുദിന ആശംസകള്‍.
വാഴ 2 സിനിമ കണ്ടിട്ടുള്ള എല്ലാ മലയാളികളും ഒരേപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡില്‍ വീഴുന്ന ആ ചേട്ടന്‍ ആരാണ്, എവിടെയാണ്, എന്തു സംഭവിച്ചു എന്നൊക്കെ.
ഈ സിനിമയുടെ എഴുത്തുകാരന്‍ വിപിന്‍ദാസിനും ഇതിന്റെ സംവിധായകന്‍ സവിനും സോഷ്യല്‍ മീഡിയയ്ക്കും നമുക്ക് ആര്‍ക്കും അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
എന്നാല്‍ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും എന്നെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. വാഴ 2 സിനിമ കണ്ടെന്നും, കണ്ടപ്പോള്‍ ഒരുപാട് ആശ്വാസം തോന്നിയെന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് അയാളുടെ ജീവിതത്തില്‍ സംഭവിച്ച കാര്യം അതേപോലെ ഞങ്ങള്‍ സിനിമയില്‍ ചെയ്തുവച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം തോന്നി.
‘എന്റെ മകന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ അനിയന്‍ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണ് അത്. അന്ന് ഞാന്‍ വീഴുന്നത് കണ്ട എന്റെ മകന്‍ എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടി കരഞ്ഞുകൊണ്ട് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാന്‍ അതുവരെ കണ്ടിട്ടില്ല.
പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ മനസ്സില്‍ പോലും വിചാരിക്കാത്ത രീതിയില്‍ അത് ആളുകളിലേക്ക് എത്തി. എല്ലായിടത്തും ആ വീഡിയോ കാണുമ്പോള്‍ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫങ്ക്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടിയായിരുന്നു. ആ വീഡിയോ കണ്ട ആളുകള്‍ ചേട്ടന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോള്‍ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓര്‍മ വല്ലാത്ത മാനസികബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.
സിനിമയിലെ പാട്ട് റിലീസ് ആയപ്പോള്‍, അതിലെ പടക്കം പൊട്ടിക്കുന്ന സീന്‍ കണ്ട് അത് ആളുകള്‍ക്ക് ഒരു ഓര്‍മപ്പെടുത്തല്‍ ആവുമെന്നും കൂടുതല്‍ ആളുകള്‍ ഇത് അറിയുമെന്നും ഞാന്‍ പേടിച്ചു.
പക്ഷേ സിനിമ കണ്ടിറങ്ങിയ എന്റെ മകന്‍ അവന്റെ ജോലി സ്ഥലത്തുനിന്നും എന്നെ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണം എന്ന് പറഞ്ഞു.
സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്, ഇത്ര കാലം ഉണ്ടായ പേടിയും ടെന്‍ഷനുമെല്ലാം പെട്ടെന്ന് പോയ പോലെ. ആ വിഡിയോയിലൂടെ ആളുകള്‍ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേപോലെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി.’
ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞാണ് അദ്ദേഹം എന്നോട് സംസാരിച്ച് തീര്‍ത്തത്.
തന്റെ ജീവിതം പകര്‍ത്തി വെച്ചതുപോലെയാണ് സിനിമ കണ്ടപ്പോള്‍ തോന്നിയതെന്നും അതെങ്ങനെയാണെന്നും ചേട്ടന്‍ എന്നോട് ചോദിച്ചു.
അത് ചേട്ടനെ പോലെ തന്നെ എനിക്കും അറിയില്ല ഞാന്‍ രണ്ടുമൂന്നു ഇന്റര്‍വ്യൂവില്‍ പറഞ്ഞതുപോലെ അത് വിപിന്‍ദാസിന്റെയും സവിന്റെയും ഒരു മാജിക് തന്നെയാണ്.
ദയവ് ചെയ്ത് ഇത് വായിക്കുന്ന ആരും ഇനി ആ ചേട്ടന്‍ ആരാണെന്ന് അന്വേഷിച്ച് പോവുകയോ അവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാനോ ശ്രമിക്കരുത്.
ചേട്ടന്‍ ഇനിയെന്നും സന്തോഷമായി ഇരിക്കട്ടെ.
ഒരിക്കല്‍കൂടി എല്ലാവര്‍ക്കും വിഷു ആശംസകള്‍ നേരുന്നു
Content Highlight: Bijukuttan’s Facebook posst goes viral as he met viral video person
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.