| Friday, 31st January 2025, 8:00 pm

മമ്മൂക്കയുടെ ആ ഒരൊറ്റ ഫോൺ കോളാണ് എനിക്കന്ന് ധൈര്യം തന്നത്: ബിജുക്കുട്ടൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിരംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് ബിജുക്കുട്ടന്‍. പച്ചക്കുതിരയിലൂടെ സിനിമാലോകത്ത് ചുവടുവെച്ച ബിജുക്കുട്ടന്‍ മമ്മൂട്ടി നായകനായ പോത്തന്‍വാവയിലൂടെ ശ്രദ്ധേയനായി. പിന്നാലെ റിലീസായ ചോട്ടാ മുംബൈയിലെ കഥാപാത്രം കരിയറില്‍ ബ്രേക്ക് ത്രൂവായി മാറി. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് മലയാളസിനിമയില്‍ സജീവമാകാന്‍ ബിജുക്കുട്ടന് സാധിച്ചു.

മമ്മൂട്ടി കാരണമാണ് താൻ സിനിമയിൽ എത്തിയതെന്ന് പറയുകയാണ് ബിജുക്കുട്ടൻ. ആദ്യമായി അവസരം കിട്ടിയ സിനിമ നടന്നില്ലെന്നും അതോടെ സിനിമയിലേക്ക് വരാൻ മടി തോന്നിയെന്നും ബിജുക്കുട്ടൻ പറയുന്നു. പിന്നീട് മിമിക്രിയിൽ മാത്രം ശ്രദ്ധിക്കാമെന്ന് തീരുമാനിച്ചപ്പോഴാണ് മമ്മൂട്ടി സിനിമയിലേക്ക് ക്ഷണിക്കുന്നതെന്നും ആ ഫോൺ കോൾ വലിയ മാറ്റം ഉണ്ടാക്കിയെന്നും ബിജുക്കുട്ടൻ കൂട്ടിച്ചേർത്തു. വനിതാ മാഗസിനോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

‘ഒരു ദിവസം സലീമേട്ടന്റെ സാമേട്ടന്റെ വീട്ടിലിരിക്കുമ്പോൾ നിർമാതാവ് ഫിറോസ് അവിടെ വന്നു. സലീമേട്ടന് അഡ്വാൻസ് കൊടുക്കാൻ വന്നതാണ്. എന്നെ കണ്ടപ്പോൾ ഏതോ മിമിക്രി പരിപാടിക്ക് മുമ്പ് കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു. പിന്നെയും കുറച്ചു നേരം വർത്തമാനം പറഞ്ഞു. ഇറങ്ങാൻ നേരം അദ്ദേഹം പറഞ്ഞു.

‘ഈ സിനിമയിൽ ബിജുവും ഒരു കഥാപാത്രം ചെയ്യൂ.’ അതാണ് സിനിമയിലേക്കുള്ള ആദ്യ വിളി. എനിക്ക് ജഗതിചേട്ടനുമായിട്ടായിരുന്നു ആ സിനിമയിലുള്ള സീനുകൾ. അദ്ദേഹം ഷൂട്ടിന് വന്നില്ല. അതുകൊണ്ട് അഭിനയിക്കാനും പറ്റിയില്ല. ആ സിനിമ പിന്നീട് റിലീസ് ആയതുമില്ല. അങ്ങനെ സിനിമാമോഹം തത്കാലത്തേക്ക് ഉപേക്ഷിച്ചു.

സിനിമയിൽ എത്താൻ കാരണം മമ്മൂക്കയാണ്. മിമിക്രിയിൽ അത്യാവശ്യം പച്ചപിടിച്ചു തുടങ്ങിയ കാലം. ഗൾഫിൽ ഒരു മാസത്തെ പരിപാടിക്കുള്ള എഗ്രിമെൻ്റ് ഒപ്പിട്ട സമയത്താണ് നിർമാതാവ് ആൻ്റോ ചേട്ടൻ വിളിക്കുന്നത്. ആദ്യ സിനിമ മോഹം പൊലിഞ്ഞ പേടിയിൽ മറുപടി പറഞ്ഞു. ‘ഗൾഫിൽ ഒരു പരിപാടി ഏറ്റിട്ടുണ്ട്. വരാൻ പറ്റില്ലല്ലോ ചേട്ടാ’, രണ്ടും നഷ്ടപ്പെടുമോ എന്ന പേടിയായിരുന്നു.

പിന്നെയൊരു ദിവസം മമ്മുക്കയുടെ വിളി വന്നു. ‘ഇയാള് മിമിക്രി മാത്രമേ ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളോ? സിനിമയിൽ അഭിനയിക്കില്ലേ?’ മമ്മുക്ക ചോദിച്ചു. ഞാൻ ഗൾഫിലെ പരിപാടിയുടെ കാര്യം സൂചിപ്പിച്ചു. ‘ആലോചിച്ച് തീരുമാനമെടുക്കൂ’ അദ്ദേഹം പറഞ്ഞു. ആ ഒറ്റ ഫോൺകോൾ പകർന്ന ധൈര്യത്തിൽ ഞാൻ തീരുമാനിച്ചു.

സിനിമയ്ക്ക് കൈ കൊടുക്കാം. അങ്ങനെ ആദ്യമായി സിനിമയിൽ അഭിനയിച്ചു. മമ്മൂക്കയ്ക്കൊപ്പം പോത്തൻവാവയിൽ. അതൊരു നല്ല തുടക്കമായിരുന്നു. പിന്നെ നൂറിലേറെ സിനിമകളിൽ അഭിനയിച്ചു എങ്കിലും പോത്തൻ വാവയിലെ മാറാമ്പൽ ആണ് ഇപ്പോഴും മനസിൽ,’ബിജു കുട്ടൻ പറയുന്നു.

Content Highlight: Bijukuttan About Mammootty And Pothan Vava Movie

We use cookies to give you the best possible experience. Learn more